Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉർദുഗാൻ സൗദിയും ഖത്തറും യു.എ.ഇയും സന്ദർശിക്കുന്നു

ജിദ്ദ - തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സൗദി അറേബ്യയും ഖത്തറും യു.എ.ഇയും സന്ദർശിക്കുന്നു. ഈ മാസം 17 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ നടത്തുന്ന ഗൾഫ് പര്യടനത്തിനിടെ നിക്ഷേപ കരാറുകൾ ഒപ്പുവെക്കാൻ സാധിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു. തുർക്കിയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തുമെന്നതിന് ഏതാനും ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉറപ്പുകൾ ലഭിച്ചിട്ടുണ്ട്. 
ഗൾഫ് രാജ്യങ്ങൾ തുർക്കിക്ക് നൽകുന്ന പിന്തുണ നേരിട്ട് കാണാൻ സൗദിയിലും ഖത്തറിലും യു.എ.ഇയിലും നടത്തുന്ന സന്ദർശനങ്ങൾ അവസരമൊരുക്കും. തുർക്കിക്കു പുറമെ സൗദിയിലും ഖത്തറിലും യു.എ.ഇയിലും നിക്ഷേപങ്ങൾ നടത്താനുള്ള കരാറുകൾ സന്ദർശനത്തിനിടെ ഒപ്പുവെച്ചേക്കും. 
ഗൾഫ് ഭരണാധികാരികളുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ചകൾക്കിടെ തുർക്കിയിൽ ഭീമമായ നിക്ഷേപങ്ങൾ നടത്തുമെന്നതിന് ഉറപ്പുകൾ ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ നടത്തുന്ന പര്യടനത്തിനിടെ ഇതിനുള്ള അന്തിമ രൂപങ്ങൾ തയാറാക്കും. തന്റെ സന്ദർശനത്തിനുള്ള മുന്നോടിയായി തുർക്കി ഉദ്യോഗസ്ഥർ സൗദി അറേബ്യയും ഖത്തറും യു.എ.ഇയും പലതവണ സന്ദർശിച്ചിട്ടുണ്ട്. ഉന്നതതല സർക്കാർ സംഘത്തിനൊപ്പമാണ് മൂന്നു രാജ്യങ്ങളും താൻ സന്ദർശിക്കുക. സൗദി അറേബ്യയുമായും ഖത്തറുമായും യു.എ.ഇയുമായും ബന്ധങ്ങൾ ശക്തമാക്കാനാണ് തന്റെ സന്ദർശനത്തിലൂടെ ആഗ്രഹിക്കുന്നത്. 
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ കഴിഞ്ഞ ബുധനാഴ്ച ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചിരുന്നു. അടുത്ത ബുധനാഴ്ച നമുക്ക് ഒരുമിച്ചിരുന്ന് സംസാരിക്കാമെന്ന് യു.എ.ഇ പ്രസിഡന്റിനോട് താൻ പറഞ്ഞു. ആദ്യം യു.എ.ഇയാണ് താൻ സന്ദർശിക്കുക. പിന്നീട് ഖത്തറും സൗദി അറേബ്യയും സന്ദർശിക്കുമെന്നും റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. 
തുർക്കി ധനമന്ത്രി മുഹമ്മദ് ഷിംഷെകിന്റെ ദ്വിദിന സൗദി സന്ദർശനം കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂർത്തിയായത്. തുർക്കി സെൻട്രൽ ബാങ്ക് ഗവർണർ ഹാഫിസെ ഗയെ എർകാനും തുർക്കി വൈസ് പ്രസിഡന്റ് ജൗദത് യിൽമാസും ധനമന്ത്രിക്കൊപ്പം സൗദി സന്ദർശിച്ചു. കഴിഞ്ഞ ബുധനാഴ്ച ഇസ്താംബൂളിൽ നടന്ന സൗദി, തുർക്കി ബിസിനസ് ഫോറത്തിനിടെ 230 കോടിയിലേറെ റിയാലിന്റെ 16 കരാറുകൾ സൗദി, തുർക്കി കമ്പനികൾ ഒപ്പുവെച്ചിരുന്നു. റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ്, നിർമാണം അടക്കമുള്ള മേഖലകളിലാണ് കരാറുകൾ ഒപ്പുവെച്ചത്. സൗദി മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രി മാജിദ് അൽഹുഖൈലും തുർക്കി വാണിജ്യ മന്ത്രി ഉമർ ബോലാത്തും ഫോറത്തിൽ പങ്കെടുത്തു. 
റിയൽ എസ്റ്റേറ്റ്, പശ്ചാത്തല വികസന പദ്ധതികളിൽ സൗദി, തുർക്കി സഹകരണം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നതായി മാജിദ് അൽഹുഖൈൽ ഫോറത്തിൽ പറഞ്ഞു. നിരവധി മികച്ച നിക്ഷേപാവസരങ്ങൾ സൗദിയിലുണ്ട്. നിക്ഷേപ ആകർഷണ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. പതിനായിരം കോടിയിലേറെ റിയാൽ നിക്ഷേപങ്ങളോടെ മൂന്നു ലക്ഷം പാർപ്പിടങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് സൗദി അറേബ്യ തുടക്കം കുറിച്ചിട്ടുണ്ട്. സൗദിയിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് മേഖലയിൽ തുർക്കി കമ്പനികൾ നിക്ഷേപങ്ങൾ നടത്തണമെന്നും മാജിദ് അൽഹുഖൈൽ പറഞ്ഞു.

Latest News