തൃശൂര്‍ - ചെറുതുരുത്തിക്കടുത്ത് മുള്ളൂര്‍ക്കര വാഴക്കോട് കാട്ടാനയെ കൊന്നു കൊമ്പെടുത്തതിനു ശേഷം കുഴിച്ചുമൂടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആനയുടെ അസ്ഥികൂടം കണ്ടെത്തി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ജെസിബി ഉപയോഗിച്ച് മണ്ണു നീക്കി ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു.
ജഡത്തിന് ഏകദേശം രണ്ടുമാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വൈദ്യുതി വേലിയില്‍ ഷോക്കേറ്റ് ചരിഞ്ഞ ആനയെ കുഴിച്ചിട്ടെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് ആനയുടെ ജഡത്തില്‍ നിന്നും ഒരു കൊമ്പിന്റെ മുക്കാല്‍ ഭാഗവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതാണ് വനംവകുപ്പിനെ ആനവേട്ടയെന്ന് സംശയിക്കാന്‍ ഇടയാക്കിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ പരിശോധന നടത്തിയത്. കേസില്‍ നിരവധി പ്രതികള്‍ ഉണ്ടെന്നാണ് സൂചന.
രണ്ടാഴ്ച്ച മുമ്പ് പെരുമ്പാവൂരിനടുത്ത് കോടനാട് നിന്നും ആനയുടെ ഒരു കൊമ്പുമായി ഒരാളെ വനം വകുപ്പ് പിടികൂടിയിരുന്നു. ഇയാളെ തുടര്‍ന്നു ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലെയെക്കുറിച്ച് വനം വകുപ്പിലെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്. സ്ഥലത്തിന്റെ ഉടമയടക്കം നിരവധിപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതുന്ന കേസില്‍ എല്ലാവരും ഒളിവിലാണ്. മച്ചാട് റേഞ്ച് ഓഫീസര്‍ ശ്രീദേവി മധുസൂദനന്‍, ഡിഎഫ്ഒ ജയശങ്കര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വനപാലകസംഘം സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി വരുന്നു.
കാട്ടാനശല്യം രൂക്ഷമായ വാഴാനി മേഖലയോടു ചേര്‍ന്നാണ് ഇപ്പോള്‍ ആനയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാട്ടാനയെ ഷോക്കടിപ്പിച്ച് കൊന്ന ശേഷം കുഴിച്ചുമൂടിയതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ആദ്യം കരുതിയിരുന്നത്.
എന്നാല്‍ രണ്ടു കൊമ്പുകളില്‍ ഒരു കൊമ്പിന്റെ ഭാഗം മാത്രമെടുത്ത് ബാക്കി ഉപേക്ഷിച്ചതെന്തുകൊണ്ടാണെന്നതില്‍ അവ്യക്തതയുണ്ട്.
ഇത്രയേറെ കഷ്ടപ്പെട്ട് ആനവേട്ട നടത്തി ഒരു ഭാഗം മാത്രമെടുക്കാനാണെന്ന് വനപാലകരും കരുതുന്നില്ല. പുറംലോകം വിവരമറിയില്ലെന്നും സൗകര്യം പോലെ പിന്നീട് എടുക്കാമെന്നും കരുതി കുഴിച്ചിട്ടതാകാമെന്നും കരുതുന്നു. ജഡം പെട്ടന്ന് ദ്രവിക്കാന്‍ എന്തെങ്കിലും രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം വാഴക്കോട് ആനവേട്ടയുമായി ബന്ധപ്പെട്ട് രണ്ടുപേരെ മലയാറ്റൂര്‍ ഡിവിഷനില്‍ ചോദ്യം ചെയ്യുന്നു. ആനക്കൊമ്പുമായി പിടിയിലായവരാണ് ഈ രണ്ടുപേര്‍. ഇവര്‍ക്ക് വാഴക്കോട് സംഭവവുമായി ബന്ധമുണ്ടോയെന്നും ഒളിവില്‍ കഴിയുന്നവരെക്കുറിച്ച് വിവരം കിട്ടുമോ എന്നറിയാനുമാണ് ചോദ്യം ചെയ്യല്‍.