മസാല ദോശയ്ക്കൊപ്പം സാമ്പാര്‍  വിളമ്പാത്ത ഹോട്ടലിന് 3500 രൂപ പിഴ 

പട്‌ന-മസാല ദോശയ്ക്കൊപ്പം സാമ്പാര്‍ വിളമ്പാത്ത ഹോട്ടലിന് പിഴയിട്ട് കോടതി. 2022 ഓഗസ്റ്റില്‍ ബീഹാറിലെ ഒരു ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിഭാഷകനായ മനീഷ് പഥക് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
തന്റെ ജന്മദിനത്തില്‍ അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ അഭിഭാഷകന്‍ സ്പെഷല്‍ മസാല ദോശ ഓര്‍ഡര്‍ ചെയ്തു. 140 രൂപ വിലയുള്ള മസാല ദോശ പാര്‍സലായി വാങ്ങുകയായിരുന്നു. വീട്ടിലെത്തി തുറന്നുനോക്കിയപ്പോള്‍ സാമ്പാര്‍ ഇല്ല. ഇക്കാര്യം ഹോട്ടലിനെ അറിയിച്ചെങ്കിലും വളരെ മോശമായിട്ടാണ് മാനേജ്‌മെന്റ് പെരുമാറിയത്. തുടര്‍ന്ന് അദ്ദേഹം കോടതിയെ സമീപിച്ച് ഹോട്ടലിന് ഒരു ലീഗല്‍ നോട്ടീസയക്കാന്‍ തീരുമാനിക്കുകയായിരുന്നു. പതിനൊന്ന് മാസം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ഹോട്ടലിന്റെ ഭാഗത്താണ് തെറ്റെന്ന് കോടതി കണ്ടെത്തിയത്. 3500 രൂപ പിഴയിടുകയും ചെയ്തു. ഇതില്‍ 2000 രൂപ പരാതിക്കാരന്റെ മാനസികവും ശാരീരികവുമായി പ്രയാസങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായും, 1500 രൂപ കോടതി ഫീസടക്കമുള്ള ചെലവുകള്‍ക്കും വേണ്ടിയാണെന്നും കോടതി വ്യക്തമാക്കി.
 

Latest News