കല്യാണത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ  മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി 

വര്‍ക്കല- കല്യാണത്തലേന്ന് വര്‍ക്കലയില്‍ കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി.  അച്ഛന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച കല്യാണമാണ് ഇന്ന് നടത്താന്‍ തീരുമാനിച്ചത്. വര്‍ക്കലയിലെ ശാരദാമണ്ഡപത്തില്‍ വച്ചായിരുന്നു വിവാഹം. വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം ചെയ്തത്.കല്യാണത്തിന് മുന്‍പ് അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിലും അച്ഛനെ സംസ്‌കരിച്ച സ്ഥലത്തുമെത്തി തൊഴുത് പ്രാര്‍ഥിച്ചിട്ടാണ് ശ്രീലക്ഷ്മി വിവാഹ മണ്ഡപത്തിലേക്ക് പോയത്.ശ്രീലക്ഷ്മിയുടെ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ കഴിഞ്ഞ മാസം 27നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവിനെ നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ശ്രീലക്ഷ്മി മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ജിഷ്ണു, ജിജിന്‍, ശ്യാം , മനു എന്നിവരാണ് രാജുവിന്റെ കൊലപാതകത്തിലെ പ്രതികള്‍.കല്യാണത്തലേന്ന് വീട്ടില്‍ ബന്ധുക്കള്‍ അല്ലാതെ മറ്റാരുമില്ല എന്ന് മനസിലാക്കിയാണ് പ്രതികള്‍ ശ്രീലക്ഷ്മിയുടെ വീട്ടില്‍ എത്തിയത്. ആദ്യം ശ്രീലക്ഷ്മിയുമായി വഴക്കിട്ട പ്രതികള്‍, ശബ്ദം കേട്ട് ഓടിയെത്തിയ രാജുവിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Latest News