തോമസ് കെ തോമസ് വിഭാഗത്തിന്റെ പ്രതിഷേധം  വകവെക്കാതെ ആലപ്പുഴ ജില്ലാ പ്രസിഡന്റിനെ മാറ്റി 

പി സി ചാക്കോ

കൊച്ചി- ഗ്രൂപ്പ് പോരു രൂക്ഷമായ എന്‍.സി.പിയില്‍ തോമസ് കെ തോമസ് വിഭാഗത്തിനെതിരെ കടും വെട്ടുമായി പി സി ചാക്കോ വിഭാഗം. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹിയോഗമാണ് ആലപ്പുഴ ജില്ലയിലെ പാര്‍ട്ടി ഘടകത്തിലാണ് തോമസ് കെ തോമസ് വിഭാഗത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാറിനെ ഒഴിവാക്കി പകരം സാദത്ത് ഹമീദിനെ പുതിയ ജില്ലാ പ്രസിഡന്റായി നിയമിക്കുകയായിരുന്നു. സന്തോഷ് കുമാറിനെ മാറ്റുന്ന നടപടി ചോദ്യം ചെയ്ത് വര്‍ക്കിംഗ് കമ്മിറ്റിയംഗം തോമസ് കെ തോമസ് രംഗത്തുവന്നിരുന്നു. സാദത്ത് ഹമീദിനെ അംഗീകരിക്കില്ലെന്നായിരുന്നു ഈ വിഭാഗത്തിന്റെ നിലപാട്. വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം ആലപ്പുഴ ഘടകത്തിലെ തെരഞ്ഞെടുപ്പ് മരവിപ്പിക്കാന്‍ തീരുമാനിക്കുകയും പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പി.സി. ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗം തോമസ് കെ തോമസ് വിഭാഗത്തെ വെട്ടിനിരത്തിയത്. ആലപ്പുഴയില്‍ വിഭാഗീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതായി ആരോപിച്ച് കുട്ടനാട് എം.എല്‍.എ കൂടിയായ തോമസ് കെ. തോമസിന് ഭാരാവാഹിയോഗത്തില്‍ വിമര്‍ശനമുണ്ടായി. വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് എം.എല്‍.എയുള്‍പ്പെടെ പിന്മാറണമെന്നും സംസ്ഥാന നേതൃത്വം നിയോഗിച്ച ഭാരവാഹികളെ അംഗീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി സംസ്ഥാന ക്യാമ്പ് ആഗസ്റ്റ് 5, 6 തിയതികളില്‍ എറണാകുളം വൈ.എം.സി.എയില്‍ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. ഉഴവൂര്‍ വിജയന്‍ അനുസ്മരണം ഈ മാസം 23ന് കോട്ടയത്ത് സംഘടിപ്പിക്കും. സാമൂഹികരാഷ്ട്രീയരംഗങ്ങളിലെ ഒരു പ്രമുഖന് പുരസ്‌കാരം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അറിയിച്ചു.

Latest News