ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന വൈറസും ബാക്ടീരിയയും; ആരോഗ്യ മേഖലയില്‍ ആശങ്ക

വിക്ടോറിയ- മാരക ശേഷിയുള്ള പുതിയ വൈറസുകളേയും  ബാക്ടീരിയകളേയും കണ്ടെത്തിയതോടെ ആശങ്കയിലായി ലോക ആരോഗ്യ രംഗത്തെ ഗവേഷകരും വിദഗ്ധരും. ആന്റിബയോട്ടിക്കിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഗുരുതര ബാക്ടീരിയ രോഗമാണ് ഗവേഷകര്‍  കണ്ടെത്തിയിരിക്കുന്നത്. 

കുടലിലെ അണുബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമായ ഷിഗെല്ലോസിസ് ബാധയ്ക്ക് ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നാണ്് കണ്ടെത്തിയതായി ഓസ്‌ട്രേലിയയിലെ വിക്ടോറിയ ആരോഗ്യവിഭാഗം മുഖ്യ ഓഫീസര്‍ ബ്രെറ്റ് സട്ടണ്‍ പറഞ്ഞു.

ശക്തമായ വയറിളക്കം, പനി, ഛര്‍ദ്ദി, വയറുവേദന എന്നിവയാണ് ഷിഗെല്ലോസിസിന്റെ ലക്ഷണങ്ങള്‍. രാജ്യത്തിന് പുറത്ത് നിന്നും വരുന്ന യാത്രക്കാരിലും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലുമാണ് ഈ രോഗസാധ്യത കൂടുതലെന്നാണ് ഗവേഷകര്‍ പറയുന്നത്. ബാക്ടീരിയ ശരീരത്തിനുള്ളില്‍ കടന്നാല്‍ ഒന്നു മുതല്‍ മൂന്ന് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാക്കും. ചിലപ്പോള്‍ 12 മണിക്കൂര്‍ കൊണ്ട് തന്നെയോ അല്ലെങ്കില്‍ ഒരാഴ്ചയ്ക്ക് ശേഷം മാത്രമോ വരെ രോഗലക്ഷണം പ്രകടമാകാന്‍ വൈകാനും ഇടവരാറുണ്ട്.

നാലാഴ്ച വരെ ഈ പകര്‍ച്ചാവ്യാധി രോഗിയില്‍ ഉണ്ടാകാം. അഞ്ച് മുതല്‍ ഏഴ് ദിവസം വരെയാണ് ഇതിന്റെ അണുബാധ പൊതുവില്‍ നിലനില്‍ക്കുക. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ സന്ധിവാദം, രക്തദൂഷ്യം എന്നിവയും രോഗമുണ്ടാക്കാം. വ്യക്തിശുചിത്വം പാലിച്ചും ആരോഗ്യകരമായ ലൈംഗികബന്ധം ശീലമാക്കിയും രോഗം പകരുന്നത് തടയാമെന്നും ബ്രെറ്റ് സട്ടണ്‍ അറിയിച്ചു.

Latest News