ഇടുക്കി- ചിന്നാർ വന്യജീവി സങ്കേതത്തിലെ പാളപ്പെട്ടി ആദിവാസി കോളനിയിലെ സ്ത്രീകളെ ഉൾപ്പെടെ അഞ്ചുപേരെ ആക്രമിച്ച വരയാടിനെ പിടികൂടാൻ വനം വകുപ്പ്. വാഹന സൗകര്യമോ വൈദ്യുതിയോ ഇതേവരെ എത്തിച്ചേരാത്ത പ്രദേശമാണ് പാളപ്പെട്ടി മലപുലയ ആദിവാസി ഊര്. ഒരു മാസത്തിനിടെ നാലുപേരാണ് ഇവിടെ വരയാടിന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
കോളനിക്ക് സമീപം ചുറ്റിത്തിരിയുന്ന വരയാട് ഊരിൽ കൗതുകമായിരുന്നെങ്കിലും സമീപ കാലത്താണ് അക്രമകാരിയായി മാറിയത്. വരയാടിനെ ഭയന്ന് കുട്ടികളെ വീടിന് പുറത്തിറക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. ഇതേതുടർന്ന് കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ടി മോഹൻദാസിന്റെ നേതൃത്വത്തിൽ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വിനോദ് കൂമാർ, അസി വൈൽഡ് ലൈഫ് വാർഡൻ നിധിൻ ലാൽ, ആദിവാസി ക്ഷേമ സമിതി ഏരിയ കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, മറയൂർ ഡി. എഫ് .ഒ എം. ജി വിനോദ് കൂമാർ എന്നിവരെ പങ്കെടുപ്പിച്ച് യോഗം ചേർന്നു. വരയാടിനെ മാറ്റുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വാങ്ങാൻ തീരുമാനിച്ചു.