ശിശു വില്‍പന; കന്യാസ്ത്രീ കുറ്റം സമ്മതിക്കുന്ന വിഡിയോയുമായി പോലീസ്

റാഞ്ചി- ജാര്‍ഖണ്ഡില്‍ കുട്ടികളെ വില്‍ക്കുന്ന റാക്കറ്റുമായുള്ള ബന്ധം മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീ സമ്മതിക്കുന്ന വിഡിയോയുമായി പോലീസ്. കന്യാസ്ത്രീക്ക് പിന്തുണയുമായി റോമന്‍ കാത്തലിക് ചര്‍ച്ച് രംഗത്തുവന്നതിനു പിന്നാലെയാണ് പോലീസിന്റെ നടപടി. മൂന്ന് കുഞ്ഞുങ്ങളെ വിറ്റുവെന്നും നാലാമത്തേതിനെ ദത്തെടുക്കാനെത്തിയവര്‍ക്ക് സൗജന്യമായി നല്‍കിയെന്നും കന്യാസ്ത്രീ സമ്മതിക്കുന്നതാണ് വിഡിയോ ക്ലിപ്.
ദത്തെടുക്കാനെത്തുന്നവര്‍ക്ക് കുഞ്ഞുങ്ങളെ വില്‍ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് മദര്‍ തെരേസ ചാരിറ്റി സ്ഥാപനം നടത്തുന്ന നിര്‍മല്‍ ഹൃദയയുടെ ഒരു ജീവനക്കാരിയേയും കന്യാസ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ വ്യാപകമായി ചാരിറ്റി സ്ഥാപനങ്ങളിലും അഭയകേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തി. മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന സ്ഥാപനങ്ങളിലായിരുന്നു പ്രധാനമായും റെയ്ഡ്.
1959 ല്‍ സ്ഥാപിതമായ ചാരിറ്റി സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഇല്ലാതാക്കാനുമാണ് പോലീസ് റെയ്ഡിലൂടെ ശ്രമിക്കുന്നതെന്ന് റാഞ്ചിയിലെ ബിഷപ്പ് തിയോഡര്‍ മസ്‌കാരന്‍ഹാസ് ആരോപിച്ചിരുന്നു. മദര്‍ തെരേസ സ്ഥാപനങ്ങളെ മൊത്തം കുറ്റവാളികളുടെ സംഘമായാണ് സര്‍ക്കാരും പോലീസും കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മദര്‍തരേസയുടെ ഭാരത് രത്‌ന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തുവരികയും ചെയ്തു. താന്‍ നിരപരാധിയാണെന്നും സമ്മര്‍ദം ചെലുത്തിയാണ് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്നും കന്യാസ്ത്രീ അവരുടെ അഭിഭാഷകരെ അറിയിച്ചതായും ചര്‍ച്ച് ഭാരവാഹികള്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് അന്വേഷണം നടത്തുന്നതെന്ന ആരോപണങ്ങളെ ചെറുക്കാനാണ് പോലീസ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
പൊതുനിലപാടില്‍നിന്ന് വ്യത്യസ്തമായി ചാരിറ്റി സ്ഥാപനത്തെ പിന്തുണച്ചു കൊണ്ട് ചര്‍ച്ച് ശക്തമായി രംഗത്തുവന്നതിനു പിന്നാലെ  മദര്‍ തെരേസയെ അപകീര്‍ത്തിപ്പെടുത്താനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഉന്നയിച്ചു. മിഷനറീസ് ചാരിറ്റി ആസ്ഥാനം പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലാണ്.
മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരായ ആരോപണങ്ങള്‍ അവിശ്വസനീയമാണെന്നും ഈ രീതിയില്‍ പീഡിപ്പിക്കാതെ വ്യക്തമായ അന്വേഷണം നടത്താന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തയാറാകണെമന്നും സി.പി.എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളുടെ ആരോപണം ഭയന്ന് ശിശുവ്യാപര റാക്കറ്റിനെതിരായ അന്വേഷണം നിര്‍ത്തില്ലെന്നാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന വിദേശ ഫണ്ടിനെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കയാണ് ജാര്‍ഖണ്ഡ് പോലീസ്. കൃത്രിമം കണ്ടെത്തിയതിനാലാണ് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആര്‍.കെ. മല്ലിക്ക് പറഞ്ഞു. അതേസമയം, വേണ്ടത്ര തെളിവുകളില്ലാതെ ഫണ്ട് സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ ചട്ടങ്ങള്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സാധാരണ ഗതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാറുള്ളത്.

 

Latest News