വംശീയ വിവേചന പരാതി നൽകിയത് സിംഗപ്പൂരിലെ ഇന്ത്യൻ വംശജ വൈഷ്ണവി ജയകുമാർ.
ഫേസ് ബുക്ക് മാതൃസ്ഥാപനമായ മെറ്റ വംശീയ വിവേചനം കാണിച്ചെന്ന് ആരോപിച്ച് സിംഗപ്പൂരിൽ നിന്നുള്ള ഇന്ത്യൻ വംശജയായ ടെക് എക്‌സിക്യൂട്ടീവ് കാലിഫോർണിയയിലെ പൗരാവകാശ വകുപ്പിൽ കേസ് ഫയൽ ചെയ്തു. ഡിസ്‌നി, ഗൂഗിൾ, ട്വിറ്റർ എന്നിവയിൽ ജോലി ചെയ്തതിന് ശേഷം 2020 ജനുവരിയിൽ മെറ്റയിൽ ചേർന്ന 36 കാരിയായ വൈഷ്ണവി ജയകുമാറാണ് ഹരജി നൽകിയത്. മെറ്റയിലെ പ്രൊമോഷനെ കുറിച്ച് ചോദിച്ചതിനെ തുടർന്ന് തനിക്ക് അവസരങ്ങൾ നൽകാതെ ഒഴിവാക്കിയെന്നും അനുഭവപരിചയമില്ലാത്ത സഹപ്രവർത്തകർക്ക് കീഴിൽ ജോലി ചെയ്യിപ്പിച്ചുവെന്നുമാണ് വൈഷ്ണവിയുടെ പരാതി.
ഒരു ഏഷ്യൻ സ്ത്രീ എന്ന നിലയിൽ ഒരു തൊഴിലാളിയാകാനാണ് വിധിക്കപ്പെട്ടതെന്നും ചുമതലയും നേതൃസ്ഥാനവും നൽകാതെ തഴഞ്ഞുവെന്നും വൈഷ്ണവി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ആരോപിച്ചു. കഴിഞ്ഞ മാസം നടത്തിയ കൂട്ട പിരിച്ചുവിടലിന്റെ മറവിൽ തനിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചുവെന്നും അവർ പറഞ്ഞു.
മെറ്റയിലെ യൂത്ത് പോളിസിയുടെ മേധാവി എന്ന നിലയിൽ മെറ്റയുടെ എല്ലാ ആപ്പുകളിലും പ്രായത്തിനനുസരിച്ചുള്ള പോളിസികളിലും ഉൽപ്പന്ന ഫീച്ചറുകളിലും മാർഗനിർദേശം നൽകുന്ന ടീമിനെ നിയന്ത്രിക്കുന്നതിന്റെ ഉത്തരവാദിത്തം വൈഷ്ണവി ജയകുമാറിനായിരുന്നു.
ആദ്യത്തെ രണ്ട് വർഷം കാര്യങ്ങളെല്ലാം നന്നായി പോയെന്നും ഇൻസ്റ്റഗ്രാമിലും മെറ്റയുടെ മറ്റു സേവനങ്ങളിലും യുവാക്കളുടെ ക്ഷേമം മെച്ചപ്പെടുത്താൻ സഹപ്രവർത്തകരോടൊപ്പം കഠിനാധ്വാനം ചെയ്തുവെന്നും നല്ല പ്രതികരണം ലഭിച്ചുവെന്നും വൈഷ്ണവി ജയകുമാർ തന്റെ നീണ്ട പോസ്റ്റിൽ പറഞ്ഞു.
രണ്ട് വർഷത്തിന് ശേഷം സ്ഥാനക്കയറ്റത്തിലേക്കുള്ള വഴിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ, ഏഷ്യൻ അമേരിക്കക്കാർ നേരിടുന്ന പതിവ് തടസ്സങ്ങളും പരിമിതികളും താൻ അഭിമുഖീകരിച്ചതായും അവൾ പറഞ്ഞു.
മറ്റ് ഉദ്യോഗസ്ഥരെ അപേക്ഷിച്ച് തനിക്ക് കൂടുതൽ അനുഭവപരിചയമുണ്ടെന്ന് വൈഷ്ണവി അവകാശപ്പെട്ടെങ്കിലും, നേതൃത്വത്തിന് വേണ്ടത്ര സീനിയറല്ലെന്ന് അവകാശപ്പെട്ട് മാനേജർ വംശീയ വിവേചനം കാണിച്ചു തുടങ്ങി. മെറ്റയുടെ 49 ശതമാനം തൊഴിലാളികളും ഏഷ്യക്കാരാണെന്നും എന്നാൽ അതിന്റെ എക്‌സിക്യൂട്ടീവുകളിൽ 25 ശതമാനം മാത്രമാണ് ഏഷ്യക്കാരെന്നും ഏഷ്യൻ, പസഫിക് ഐലൻഡർ പ്രൊഫഷണലുകളുടെ ശൃംഖലയായ അസെൻഡ് 2022ൽ നടത്തിയ പഠനത്തെ പരാമർശിച്ച് വൈഷ്ണവി പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം അവസാനത്തോടെ മെറ്റ 11,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഈ വർഷം മാർച്ചിൽ മറ്റൊരു റൗണ്ട് കൂട്ട പിരിച്ചുവിടലുകളിൽ 10,000 പേർക്കുകൂടി ജോലി പോയി.
സിലിക്കൺ വാലിയിലെ ദീർഘകാല വംശീയ മുൻവിധികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടെക് വ്യവസായത്തിലെ ഏഷ്യൻ അമേരിക്കക്കാർ ഫയൽ ചെയ്യുന്ന പരാതികൾ വർധിച്ചുവരികയാണ്.