ഗൂഗിളിന്റെ ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആർ) വിഭാഗം ഓപ്പറേറ്റിംഗ് സിസ്റ്റംസ് മേധാവി മാർക്ക് ലൂക്കോവ്‌സ്‌കി തന്റെ രാജി പ്രഖ്യാപിച്ചു. ടെക് ഭീമനായ ഗൂഗിളിന് സ്ഥിരമായ കാഴ്ചപ്പാടും പ്രതിബദ്ധതയും ഇല്ലെന്ന തോന്നലാണ് താൻ കമ്പനി വിടാൻ കാരണമെന്ന് അദ്ദേഹം പറയുന്നു. ഈ വർഷമാദ്യം ഗൂഗിളിന്റെ വിആർ തലവൻ ക്ലേ ബാവറും തന്റെ സ്ഥാനം രാജിവച്ചിരുന്നു.
പ്രൊജക്റ്റ് ഐറിസ് എന്ന രഹസ്യനാമമുള്ള സ്വന്തം എആർ ഗ്ലാസുകളിൽ പ്രവർത്തിക്കാൻ ഗൂഗിളിന് ഇനി പദ്ധതിയില്ലെന്ന് ഇൻസൈഡർ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. എ.ആർ,വി.ആർ വിഭാഗങ്ങൾക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി വലിയ വെല്ലുവിളിയുണ്ടെന്ന റിപ്പോർട്ടുകൾ ശരിവെക്കുന്നതാണ് ലൂക്കോവ്‌സ്‌കിയുടെ രാജി.
മുമ്പ് മൈക്രോസോഫ്റ്റിനും ഫേസ്ബുക്കിനും വേണ്ടി പ്രവർത്തിച്ചിട്ടുള്ള ലൂക്കോവ്‌സ്‌കി സാങ്കേതിക വ്യവസായത്തിലെ പ്രമുഖനാണ്. 20 വർഷം മുമ്പാണ് ഗൂഗിളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആരംഭിച്ചത്. കമ്പനിയിൽ എൻജിനീയറിങ് ഡയറക്ടറായി ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ സേവനം ആരംഭിച്ചത്. ഗൂഗിളിൽ അഞ്ച് വർഷം പ്രവർത്തിച്ചതിന് ശേഷം, ലൂക്കോവ്‌സ്‌കി വി.എംവെയർ, മൊമ്പോ ലാബ്‌സ്, മെറ്റയുടെ ഒക്കുലസ് വി.ആർ തുടങ്ങിയ മറ്റ് കമ്പനികളിലേക്ക് മാറി. 2021ൽ വീണ്ടും അദ്ദേഹം ഗൂഗിളിൽ തിരിച്ചെത്തിയപ്പോൾ എ.ആർ ഓപ്പറേറ്റിംഗ് സിസ്റ്റംസ് സീനിയർ ഡയറക്ടർ എന്നതായിരുന്നു തസ്തിക.
എആർ നേതൃത്വത്തിലെ സമീപകാല മാറ്റങ്ങളും ഗൂഗിളിന്റെ അസ്ഥിരമായ പ്രതിബദ്ധതയും കാഴ്ചപ്പാടും കമ്പനി വിടാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ലൂക്കോവ്‌സ്‌കി താൻ രാജിവെക്കുന്ന കാര്യം ട്വിറ്ററിൽ പ്രഖ്യാപിച്ചത്.
എആർ, എക്‌സ്ആർ ഉപകരണങ്ങൾക്കായുള്ള ഒഎസിന്റെയും സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിന്റെയും ചുമതലയുള്ള സീനിയർ എഞ്ചിനീയറിംഗ് ഡയറക്ടറായിരുന്ന ഞാൻ ഗൂഗിളിലെ എന്റെ റോളിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചു. എആർ നേതൃത്വത്തിലെ സമീപകാല മാറ്റങ്ങളും ഗൂഗിളിന്റെ അസ്ഥിരമായ പ്രതിബദ്ധതയും എന്റെ തീരുമാനത്തിന് കാരണമാണ് അദ്ദേഹം കുറിച്ചു.
ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യയും ജനറേറ്റീവ് എ.ഐയുമായുള്ള അതിന്റെ വിഭജനവും കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കുന്ന പുതിയ അവസരങ്ങൾ അന്വേഷിക്കുകയാണെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു. പുതിയ സാധ്യതകൾക്കായി അടുത്ത അധ്യായത്തെ സമീപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലേക്ക് വരാൻ സമയമായോ എന്നുള്ള മൈക്രോസോഫ്റ്റിന്റെ ചീഫ് സയന്റിഫിക് ഓഫീസർ എറിക് ഹോർവിറ്റ്‌സിന്റെ കമന്റിന് ഒരു പക്ഷേ എന്നാണ് ലൂക്കോവ്‌സ്‌കി നൽകിയ മറുപടി.
ലൂക്കോവ്‌സ്‌കി നേരത്തെ 16 വർഷത്തിലേറെ മൈക്രോസോഫ്റ്റിൽ പ്രവർത്തിച്ചിരുന്നു. ലിങ്ക്ഡ്ഇൻ ബയോ പ്രകാരം 1998 നവംബർ മുതൽ 2004 നവംബർ വരെ അദ്ദേഹം കമ്പനിയിൽ ഉണ്ടായിരുന്നു. 2004ലാണ് മൈക്രോസോഫ്റ്റ് വിട്ട് ഗൂഗിളിൽ ചേർന്നത്
അതേസമയം, 12,000 പേരെ പിരിച്ചുവിടാനുള്ള തീരുമാനം കഴിഞ്ഞ ജനുവരിയിൽ ഗൂഗിൾ പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ജീവനക്കാർക്ക് മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ പേരുകേട്ട ഗൂഗിൾ നിരവധി ടെക്കികളുടെ സ്വപ്ന കമ്പനിയാണ്.