മാധ്യമപ്രവർത്തകർക്ക് ഒരു പ്രിവിലേജും കൊടുക്കരുത്. രാഷ്ട്രീയക്കാരുടെ ഭാഷയിൽ പറഞ്ഞാൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എന്നാൽ അതിന്റെ പേരിൽ മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മാധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ഭരണകൂടത്തിൻറെ ചെയ്തികളെ നിരന്തരമായി വീക്ഷിക്കലും തുറന്നു പറച്ചിലുമാണെന്നും അതിനാലാണ് അവക്ക് ഫോർത്ത് എസ്‌റ്റേറ്റ് എന്ന പേരു വീണതെന്നും മാധ്യമസ്വാതന്ത്ര്യം തടയുമ്പോൾ അറിയാനുള്ള നമ്മുടെ അവകാശവുമാണ് നിഷേധിക്കുന്നതെന്നും മനസ്സിലാക്കാത്തതാണ് പ്രശ്‌നം.
'ഉത്തരേന്ത്യയിലും മറ്റും മാധ്യമസ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുമ്പോൾ പിന്തുണയ്ക്കായി കേരളത്തെയാണ് ഞങ്ങൾ ഉറ്റുനോക്കിയിരുന്നത്. എന്നാൽ, കാര്യങ്ങൾ മാറിയിരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരേ കേന്ദ്രഭരണകൂടം തയ്യാറാക്കിയ അച്ച് അതേപടി ഇവിടെയും ഉപയോഗിക്കപ്പെടുന്നു...' രാജ്യത്തെ ഏറെ ശ്രദ്ധേയനായ മാധ്യമപ്രവർത്തകനും ധീരമായ പത്രപ്രവർത്തനത്തിന് ഉദാഹരണമായി പലപ്പോഴും നമ്മളെല്ലാം ചൂണ്ടികാണിക്കുന്ന ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്ററുമായ ആർ. രാജഗോപാലന്റെ വാക്കുകളാണിത്.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെ കേന്ദ്രത്തിലെപോലെ കേരളത്തിലും പുതിയ രീതിശാസ്ത്രം പിന്തുടരുകയാണ്. ആരെങ്കിലും എന്തെങ്കിലും പരാതി നൽകുമ്പോൾ അതിവേഗത്തിലാണ് നടപടികൾ എടുക്കുന്നത്. കേന്ദ്രസർക്കാർ രാഹുൽ ഗാന്ധിക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്നപോലെയാണ് കേരളത്തിൽ മാധ്യമപ്രവർത്തകർക്കെതിരായ കേസുകൾ നീങ്ങുന്നത്. മാത്രമല്ല, പലപ്പോഴും മാധ്യമങ്ങളുടെ പത്രാധിപർമാർക്കെതിരെയല്ല, ജീവനക്കാർക്കെതിരെയാണ് കേസുകളെടുക്കുന്നതെന്നും അേേദ്ദഹം ചൂണ്ടിക്കാട്ടി.
പ്രസക്തമായ ഒരു വിഷയമാണ് രാജഗോപാൽ ചൂണ്ടിക്കാട്ടിയത്. മറ്റു പല വിഷയങ്ങളേയുംപോലെതന്നെ മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിക്കുകയും എന്നാൽ അതേനയങ്ങൾ തന്നെ ഇവിടേയും നടപ്പാക്കുകയുമാണ് കേരള സർക്കാർ ചെയ്യുന്നത്. ഒപ്പം തന്നെ സിപിഎം സംഘടിതമായി രൂപം കൊടുത്തിട്ടുള്ള സൈബർ പടയും രംഗത്തിറങ്ങുന്നു. ഈ സൈബർ പട എത്രമാത്രം അധഃപതിച്ചിരിക്കുന്നു എന്ന് അതിവിപ്ലവമൊക്കെ പറഞ്ഞ് രാജിവെച്ചുവന്ന മുൻസബ്ജഡ്ജിയുടെ, ഏഷ്യനെറ്റ് വനിതാ എഡിറ്റർക്കെതിരായ ഫേസ് ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. ആ പോസ്റ്റിനെ ഉയർത്തിപിടിക്കാൻ പുരോഗമന സാഹിത്യത്തിന്റെ അപ്പോസ്തലന്മാർ തന്നെ രംഗത്തിറങ്ങിയതും കണ്ടു.
മറുനാടൻ ഷാജന്റെ പേരിലാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് നടപടികളും സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങളും രൂക്ഷമായിട്ടുള്ളത്. മറുനാടന്റെ പ്രവർത്തനശൈലി ഒരിക്കലും മാതൃകാപരമല്ല എന്നു മാത്രമല്ല, പലപ്പോഴും കുറ്റകരവുമാണ്. സാമാന്യനിലക്ക് കാര്യമായി ആരുംതന്നെ അതിനെ പിന്തുണക്കുന്നുമില്ല. എന്നാൽ പലപ്പോഴും തങ്ങളുടെ ശത്രുക്കളെ മറുനാടൻ അധിക്ഷേപിക്കുമ്പോൾ കയ്യടിക്കുന്നവരാണ് പലരും. എന്തായാലും മറുനാടനെതിരായ പരാതികളിൽ പലതിലും അന്വേഷണം നടക്കുന്നുണ്ട്. ഒളിവിൽ പോകുന്നതാണല്ലോ സമീപകാലത്ത് കേരളത്തിലെ കുറ്റാരോപിതർ കണ്ടെത്തിയിരിക്കുന്ന പുതിയ ശൈലി. മറുനാടൻ ഷാജനും ഒളിവിലാണത്രെ. എന്നാൽ ഷാജനെ പിടിക്കാനാകാത്തതിന്റെ പേരിൽ മറുനാടനിലെ ജീവനക്കാരെ മാത്രമല്ല, മറ്റു മാധ്യമങ്ങളിലെ ജീവനക്കാരെ പോലും പോലീസ് വേട്ടയാടുകയാണ്. പലരുടേയും വീടുകൾ റെയ്ഡ് ചെയ്യുകയും കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. മംഗളത്തിലെ വൈശാഖൻ എന്ന ജീവനക്കാരന്റെ ഫോൺ പിടിച്ചടക്കാൻ പോലും പോലീസിനു മടിയുണ്ടായില്ല.
പോലീസ് നടത്തുന്നത് തികഞ്ഞ മനുഷ്യാവകാശലംഘനമാണെന്നു മനസ്സിലാക്കാൻ സാമാന്യബോധം മാത്രം മതി. എന്നാൽ അതിനേയും പിന്തുണക്കാൻ സൈബർ പട രംഗത്തെത്തി. എന്നാൽ ഹൈക്കോടതിയും സുപ്രീം കോടതിയും പോലീസിനെ രൂക്ഷമായി വിമർശിക്കുകയാണുണ്ടായത്. കുറ്റാരോപിതനെ കിട്ടാത്തതിന് നാട്ടിലെ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നത് എന്തിനാണ്, ആ മാധ്യമപ്രവർത്തകൻ ഏതെങ്കിലും ക്രിമിനൽ കേസിൽ പ്രതിയോ സാക്ഷിയോ ആണോ, പോലീസ് നടപടിയിൽ ഹനിക്കപ്പെട്ടത് വിശാഖൻ എന്ന മാധ്യമപ്രവർത്തകന്റെ ഫണ്ടമെന്റൽ റൈറ്റാണ്, ഒരു മാധ്യമപ്രവർത്തകനെ സംബന്ധിച്ച് അയാളുടെ ഫോൺ പ്രധാനമാണ്, മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന്റെ നാലാം തൂൺ, ചെയ്യേണ്ട പണി അറിയില്ലെങ്കിൽ തോന്നിയത് ചെയ്യുകയല്ല വേണ്ടത് എന്നിങ്ങനെപോയി ഹൈക്കോടതിയുടെ പരാമർശങ്ങൾ. സുപ്രീംകോടതിയാകട്ടെ മറുനാടനെതിരായ ശ്രീനിജൻ എം എൽ എയുടെ പരാതിയിൽ പട്ടികജാതി പീഡന നിരോധന നിയമം നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടി ജാമ്യമനുവദിക്കുകയും ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയനും രംഗത്തുവന്നു. മറുനാടനെ പിന്തുണക്കുന്ന നിലപാടല്ല യൂണിയൻ സ്വീകരിച്ചത്. 'മറുനാടൻ മലയാളിക്കും അതിന്റെ ഉടമ ഷാജൻ സ്‌കറിയക്കുമെതിരെ കേസുണ്ടെങ്കിൽ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കുകയും വേണമെന്ന് തന്നെയാണ് യൂണിയൻ നിലപാട്. മറുനാടൻ മലയാളിയുടെ മാധ്യമ രീതിയോട് യോജിപ്പുമില്ല. എന്നാൽ ഉടമയ്ക്ക് എതിരായ കേസിന്റെ പേരിൽ അവിടെ തൊഴിൽ എടുക്കുന്ന മാധ്യമ പ്രവർത്തകരുടെയാകെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണ്.' എന്നിങ്ങനെയാണ് യൂണിയന്റെ പ്രസ്താവന. രണ്ട് മാസം മുൻപ് എലത്തൂർ ട്രെയിൻ തീവെയ്പ് പ്രതിയെ കൊണ്ട് വരുന്ന ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്ത മാതൃഭൂമി ന്യൂസ് വാർത്താസംഘത്തിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തത് മറക്കാറായിട്ടില്ലല്ലോ. മാധ്യമസ്വാതന്ത്ര്യവും തൊഴിൽ ചെയ്യാനുള്ള അവകാശവും ജനങ്ങളുടെ അറിയാനുള്ള അവകാശവുമാണ് ഹനിക്കപ്പെട്ടത്. പി വിജയൻ ഐ പി എസിനെതിരെ മൊഴി പറയാനാവശ്യപ്പെട്ടായിരുന്നു പോലീസ് നടപടി എന്നു പിന്നീട് വെളിപ്പെടുത്തിയത് ഇടതുപക്ഷ മുന്നണി നേതാവുകൂടിയായ മാതൃഭൂമിയുടെ അമരക്കാരൻ ശ്രേയാംസ് കുമാറായിരുന്നു.
മാധ്യമങ്ങളെല്ലാം മഹത്തരമാണെന്നോ അവർ ചെയ്യുന്നതെല്ലാം ശരിയാണെന്നോ അവർക്ക് പ്രത്യേക നിയമമുണ്ടെന്നോ അല്ല പറയുന്നത്. എല്ലാ മേഖലയിലുമുള്ള ജീർണത അവിടേയുമുണ്ട്. മാത്രമല്ല, ഇന്നു മിക്കവാറും മാധ്യമങ്ങളുടെ ഉടമകൾ കോർപ്പറേറ്റുകളും രാഷ്ട്രീയ പാർട്ടികളും മതസംഘടനകളുമാണ്. ഉറപ്പായും ഉടമകളുടെ താൽപ്പര്യം അവയിൽ പ്രതിഫലിക്കാതിരിക്കില്ലല്ലോ. എന്നാൽ രാജഗോപാൽ ചൂണ്ടിക്കാട്ടിയപോലെ ഉടമകളേയോ പത്രാധിപരേയോ മിക്കപ്പോഴും വേട്ടയാടുന്നതേയില്ല. എഴുത്തുകാരുടേയും മാധ്യമപ്രവർത്തകരുടേയും ചിന്തകരുടേയുമെല്ലാം നാവടപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെങ്കിൽ, അതിനെ വിമർശിക്കുന്നവർ ഭരിക്കുന്ന കേരളത്തിലും നടക്കുന്നത് മറ്റൊന്നല്ല. മീഡിയാ വൺ പൂട്ടിക്കാൻ കേന്ദ്രശ്രമമുണ്ടായപ്പോൾ അതിനെ പരോക്ഷമായി പിന്തുണച്ച, പുരോഗമനമുഖംമൂടി ധരിച്ചവരും ഇവിടെയുണ്ടായിരുന്നല്ലോ.
മാധ്യമപ്രവർത്തകർക്ക് ഒരു പ്രിവിലേജും കൊടുക്കരുത്. രാഷ്ട്രീയക്കാരുടെ ഭാഷയിൽ പറഞ്ഞാൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എന്നാൽ അതിന്റെ പേരിൽ മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മാധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ഭരണകൂടത്തെ ചെയ്തികളെ നിരന്തരമായി വീക്ഷിക്കലും തുറന്നു പറച്ചിലുമാണെന്നും അതിനാലാണ് അവക്ക് ഫോർത്ത് എസ്‌റ്റേറ്റ് എന്ന പേരു വീണതെന്നും മാധ്യമസ്വാതന്ത്ര്യം തടയുമ്പോൾ അറിയാനുള്ള നമ്മുടെ അവകാശവുമാണ് നിഷേധിക്കുന്നതെന്നും മനസ്സിലാക്കാത്തതാണ് പ്രശ്‌നം.






