Sorry, you need to enable JavaScript to visit this website.

വീണ്ടും സിൽവർലൈൻ ചൂളംവിളി

ഏതായാലും ശ്രീധരൻ കൂടി രംഗത്തിറങ്ങിയതോടെ പദ്ധതി ഇനി നടപ്പാകുമോ എന്നാണ് കാണാൻ കഴിയുന്നത്. ഒരിക്കലും ലാഭകരമാവാൻ ഇടയില്ലാത്ത ഇത്തരമൊരു പദ്ധതി ഇത്ര ഭീമമായ തുക ചെലവഴിച്ച് നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകാനിടയില്ല. ഇതറിയാമെങ്കിലും കേരള സർക്കാർ സകല അടവും പയറ്റുകയാണ്.


തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സഡൻ ബ്രേക്കിട്ടതുപോലെ നിന്നുപോയ കെ-റെയിൽ പദ്ധതി ഇതാ വീണ്ടും ചൂളം വിളിച്ചുവരുന്നു. മുമ്പ് കെ-റെയിലിനെ പല കാരണങ്ങൾ പറഞ്ഞ് എതിർത്തിരുന്ന മെട്രോമാൻ സാക്ഷാൽ ഇ. ശ്രീധരൻ തന്നെ പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കേരള സർക്കാരിന് പിന്തുണ നൽകുന്നു. കേരള സർക്കാരിന്റെ ദൽഹിയിലെ പ്രത്യേക പ്രതിനിധിയും കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി. തോമസാണ് ഇടനിലക്കാരൻ. അദ്ദേഹം പൊന്നാനിയിലെത്തി ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുകയും കെ-റെയിൽ കോർപറേഷൻ മുമ്പ് പുറത്തുവിട്ട പദ്ധതിയിൽനിന്ന് വ്യത്യസ്തമായി തന്റെ ആശയത്തിലുള്ള പദ്ധതി ശ്രീധരൻ മുന്നോട്ടുവെക്കുകയും ചെയ്തു. കെ.വി. തോമസിന്റെ ആവശ്യ പ്രകാരം ശ്രീധരൻ തന്റെ ഭാവനയിലുള്ള എലിവേറ്റഡ് ഹൈസ്പീഡ് റെയിൽ പദ്ധതിയെകുറിച്ച് വിശദമായ രൂപരേഖ തയാറാക്കി നൽകുകയും ചെയ്തു. അത് തങ്ങളുടെ പദ്ധതിയാക്കി മുന്നോട്ടുവെച്ച് കേന്ദ്രത്തിന്റെ അനുമതി വാങ്ങിയെടുക്കാനാണ് കേരള സർക്കാരിന്റെയും കെ.വി. തോമസിന്റെയും നീക്കം. ബി.ജെ.പിക്കാരനായ ഇ. ശ്രീധരന്റെ പദ്ധതി ആയതിനാൽ ഇനി കേന്ദ്ര സർക്കാരും റെയിൽവെ മന്ത്രാലയവുമൊന്നും എതിരു നിൽക്കില്ലെന്നാണ് അവരുടെ പ്രതീക്ഷ.
കെ-റെയിൽ കോർപറേഷൻ തയാറാക്കിയ ഡി.പി.ആറിൽനിന്ന് വളരെ വ്യത്യസ്തമാണ് ഇ. ശ്രീധരന്റെ പദ്ധതി രൂപരേഖ. അതദ്ദേഹം മുമ്പുതന്നെ പറഞ്ഞിട്ടുള്ളതുമാണ്. കെ-പദ്ധതിയിലേതുപോലെ തിരുവനന്തപുരത്തുനിന്ന് കാസർകോട് വരെ മൺതിട്ട ഉയർത്തി അതിൻമേൽ പാളം പണിത് ട്രെയിൻ ഓടിക്കില്ല. പകരം നല്ല ഉയരത്തിൽ കോൺക്രീറ്റ് തൂണുകളിട്ട് അതിനുമുകളിൽ പാലത്തിലൂടെയാവും ട്രെയിൻ ഓടിക്കുക. കുറേ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ തുരങ്കങ്ങളിലൂടെയും. അതുകൊണ്ട് ഭൂമി ഏറ്റെടുക്കൽ കാര്യമായി വേണ്ടിവരില്ലെന്നും, പരിസ്ഥിതിക്ക് ആഘാതമുണ്ടാവില്ലെന്നും, അതിനാൽ തന്നെ ജനങ്ങളിൽനിന്ന് എതിർപ്പുയരില്ലെന്നുമാണ് ശ്രീധരൻ പറയുന്നത്. കെ-റെയിൽ സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയാണെങ്കിൽ ഇത് ഹൈ സ്പീഡ് റെയിൽ പദ്ധതിയാണ്, അതായത് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ വണ്ടി ഓടും. അതു പിന്നെ 300 കിലോമീറ്ററിനും മുകളിലേക്ക് ഉയർത്താം. കാര്യമായ അധികച്ചെലവ് ഇല്ലാതെ തന്നെ. തുടക്കത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 420 കിലോമീറ്ററാവും പദ്ധതി. പിന്നീട് വേണമെങ്കിൽ കാസർകോട് വരെയോ മംഗലാപുരം വരെയോ നീട്ടാം. 
ഒരുലക്ഷം കോടി രൂപയാണ് നിർമാണച്ചെലവ്. സ്ഥലം ഏറ്റെടുക്കലടക്കം കിലോമീറ്ററിന് വേണ്ടിവരുന്നത് 200 കോടിയെന്നാണ് ശ്രീധരൻ പറയുന്നത്. പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുടക്കണം. 40 ശതമാനം വായ്പയായി കണ്ടെത്താം. ദൽഹി മെട്രോ റെയിൽ കോർപറേഷനെ ഏൽപ്പിച്ചാൽ ഒരു വർഷം കൊണ്ട് അവർ വിശദമായ ഡി.പി.ആർ തയാറാക്കി നൽകും. കെ-റെയിൽ പദ്ധതിക്ക് 64,000 കോടി വേണ്ടിവരുമെന്നാണ് ഡി.പി.ആറിൽ പറഞ്ഞിരുന്നത്. എന്നാൽ അത് ഒന്നേകാൽ ലക്ഷം കോടിക്ക് മുകളിൽ പോകുമെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
ശ്രീധരന്റെ പദ്ധതിക്കെതിരെ സാങ്കേതിക, പരിസ്ഥിതി രംഗത്തുള്ളവർ രംഗത്തുവന്നുകഴിഞ്ഞു. പദ്ധതി കേരളത്തിന് സാമ്പത്തികമായി താങ്ങാൻ കഴിയുന്നതല്ലെന്നതാണ് ഏറ്റവും വലിയ വിമർശനം. പദ്ധതി ഒരിക്കലും ശ്രീധരൻ പറയുന്ന ഒരു ലക്ഷം കോടിയിൽ നിൽക്കാൻ 
പോകുന്നില്ലെന്ന് ഈ രംഗവുമായി ബന്ധമുള്ളവർ ഉറപ്പിച്ചുപറയുന്നു. ഇനി ഒരു ലക്ഷം കോടി ആണെങ്കിൽ അതിന്റെ 60 ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കണം. അതായത് ഈ 60 ശതമാനത്തിന്റെ പകുതിയെങ്കിലും (മുപ്പതിനായിരം കോടി രൂപ) കേരള സർക്കാർ കണ്ടെത്തേണ്ടിവരും. ശമ്പളവും പെൻഷനും പോലും ഓരോ മാസവും കൊടുക്കാൻ പെടുന്ന പാട് ധനമന്ത്രി കെ.എൻ ബാലഗോപാലിനറിയാം. അപ്പോൾ പിന്നെ എവിടുന്നെടുത്ത് അതിവേഗ റെയിൽപാത പണിയാൻ പണം കൊടുക്കും.
പദ്ധതി നടപ്പായാൽ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതമാണ് മറ്റൊരു പ്രധാന ആശങ്ക. പദ്ധതിയുടെ പകുതിയിലധികം ഭാഗം എലിവേറ്റഡ് പാത ആകയാൽ നിർമാണത്തിന് കോടിക്കണക്കിന് ടൺ പാറയും മറ്റും വേണ്ടിവരും. അത്രയും പാറ കേരളത്തിനുള്ളിൽ കണ്ടെത്തണമെങ്കിൽ സംസ്ഥാനത്തെ മുഴുവൻ പാറക്കെട്ടുകളും പൊട്ടിച്ചെടുക്കേണ്ടിവരും. അതുണ്ടാക്കുന്ന പരിസ്ഥിതി നാശം ചിന്തിക്കാനാവില്ല. മഴക്കാലമായാൽ ഉരുൾപൊട്ടലാവും എല്ലായിടത്തും. 
ഇത്ര വൻ മുതൽമുടക്കിൽ നിർമിക്കുന്ന റെയിൽവേ പദ്ധതി ഒരിക്കലും ലാഭകരമാവാൻ പോകുന്നില്ലെന്ന ആശങ്കയുമുണ്ട്. കാരണം പദ്ധതിക്കുവേണ്ടി എടുത്ത വായ്പ തിരിച്ചടക്കണമെങ്കിൽ ട്രെയിൻ സർവീസിൽനിന്ന് നല്ല വരുമാനമുണ്ടാവണം. അതിന് ടിക്കറ്റ് നിരക്ക് ഉയർത്തി നിർത്തണം. അപ്പോൾ സാധാരണക്കാർക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയാതെ വരും. 
അതേസമയം ഒരു ലക്ഷം കോടിയിൽ പദ്ധതി പൂർത്തിയാവാൻ പോകുന്നില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ചിലപ്പോൾ ഇപ്പോഴത്തെ കണക്കിന് ഇരട്ടിയോ അതിൽ കൂടുതലോ വേണ്ടിവരുമെന്നാണ് അവരുടെ പക്ഷം.
ശ്രീധരൻ പറയുന്നതുപോലെ പദ്ധതി പരിസ്ഥിതി ആഘാതമുണ്ടാക്കില്ലെന്ന് പറയുന്നതും വെറുതെയാണ്. പാത പോകുന്നിടങ്ങളിലെല്ലാം ഇരു വശവും ഏകദേശം 20 മീറ്റർ വീതിയിൽ ഒരു നിർമാണ പ്രവർത്തനവും പാടില്ലെന്ന് ശ്രീധരൻ തന്നെ പറയുന്നു. വേണമെങ്കിൽ കൃഷി നടത്താം.പാത കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം വലിയ ജനരോഷമുയരുമെന്നുറപ്പ്.
തന്റെ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയും, വിദേശ വായ്പയും കിട്ടുമെന്ന് ശ്രീധരൻ ഉറപ്പുപറയുന്നുണ്ട്. പദ്ധതിയുടെ ഇപ്പോഴത്തെ കെറെയിലിന് പകരും ബുള്ളറ്റ് ട്രെയിനെന്നോ ഹൈസ്പീഡ് റെയിലെന്നോ പേര് മാറ്റേണ്ടത് നിർബന്ധമാണ്. അങ്ങനെയാണെങ്കിലേ വായ്പ കിട്ടൂ.
വായ്പ കിട്ടാൻ ബുള്ളറ്റ് ട്രെയിനെന്നല്ല, വേണ്ടിവന്നാൽ ഇ. ശ്രീധരൻ ട്രെയിനെന്ന് പോലും പേര് കൊടുക്കാൻ കേരള സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും തയാറാകുമെന്നുറപ്പ്. താൻ പ്രഖ്യപിച്ച പദ്ധതി നടപ്പാക്കുന്നതിലുള്ള വാശിയല്ല കാരണം. എങ്ങനെയും വായ്പ തരപ്പെടുത്തുകയാണ്.  കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന കേരള സർക്കാരിന് അടിയന്തരമായി വേണ്ടത് പണമാണ്. അത് എവിടുന്നായാലും, എങ്ങനെയായാലും കുഴപ്പമില്ല. ഇപ്പോഴത്തെ നിലയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് കേരളം അഭിമുഖീകരിക്കുന്നത്. കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ കുറച്ചുകൊണ്ടുവരുന്നതിനാൽ എങ്ങുനിന്നും വായ്പയെടുക്കാനും കഴിയില്ല. അപ്പോൾ പിന്നെ കേന്ദ്ര സർക്കാരിനുകൂടി താൽപര്യമുള്ള നിലയിൽ ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിച്ചാൽ അതിന്റെ പേരിൽ വായ്പയായി കുറേ കോടികൾ സംഘടിപ്പിക്കാം. അത് വകമാറ്റി ശമ്പളവും ക്ഷേമ പെൻഷനുകളുമെല്ലാം കൊടുക്കാം. വൻ ജനരോഷം ഉയരുന്ന സാഹചര്യം ഒഴിവാക്കാം. ജപ്പാനിൽനിന്നാണ് വായ്പ എടുക്കുന്നതെങ്കിൽ പത്ത് വർഷത്തേക്ക് തിരിച്ചടവ് ഉണ്ടാവില്ല. അതിനുശേഷം അടച്ചുതുടങ്ങിയാൽ മതി. ഏതായാലും ഈ സർക്കാരിന് തിരിച്ചടവ് ബാധ്യത ഉണ്ടാവില്ല.
ഏതായാലും ശ്രീധരൻ കൂടി രംഗത്തിറങ്ങിയതോടെ പദ്ധതി ഇനി നടപ്പാകുമോ എന്നാണ് കാണാൻ കഴിയുന്നത്. ഒരിക്കലും ലാഭകരമാവാൻ ഇടയില്ലാത്ത ഇത്തരമൊരു പദ്ധതി ഇത്ര ഭീമമായ തുക ചെലവഴിച്ച് നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകാനിടയില്ല. ഇതറിയാമെങ്കിലും കേരള സർക്കാർ സകല അടവും പയറ്റുകയാണ്. എങ്ങനെയും കുറച്ച് പണം കിട്ടിയില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനം തന്നെ സ്തംഭിച്ചുപോകുന്നതൊഴിവാക്കാൻ.

Latest News