Sorry, you need to enable JavaScript to visit this website.

സില്‍വര്‍ ലൈനില്‍ ഇ. ശ്രീധരനുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും, കേന്ദ്രം പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം - സില്‍വര്‍ലൈന്‍ വിഷയവുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന.  സില്‍വര്‍ ലൈനില്‍ ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം ചില ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി മുന്നോട്ട് പോകുന്നതിന് ഇ ശ്രീധരനുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുന്നത്. ഇ ശ്രീധരന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന് പ്രയാസമുണ്ടാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. ബി ജെ പി കേരള ഘടകവും ഇ ശ്രീധരന്റെ നിര്‍ദ്ദേശങ്ങളില്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ദല്‍ഹിയിലെ കേരളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ പദവി വഹിക്കുന്ന പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ്  ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം സില്‍വര്‍ ലൈനില്‍ ബദല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവിലെ കെ റെയില്‍ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡി പി ആര്‍ തന്നെ മാറ്റണമെന്നും ഇ ശ്രീധരന്‍ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് ഇതിന് ബദലായി ഇ. ശ്രീധരന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് വഴി ചെലവ് വന്‍തോതില്‍ കുറയുമെന്നും കൂടുതലായി ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും ശ്രീധരന്റെ റിപ്പോര്‍ട്ടിലുണ്ട്.

 

Latest News