Sorry, you need to enable JavaScript to visit this website.

അവയവദാനം നല്‍കാനെന്ന പേരില്‍ വിവിധയാളുകളില്‍ നിന്ന് പണം തട്ടിയയാള്‍ പിടിയില്‍

കൊച്ചി- അവയവദാനം നല്‍കാമെന്ന പേരില്‍ വിവിധ രോഗികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും പണം തട്ടിയയാള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് ബലാല്‍ വില്ലേജ് പാറയില്‍ വീട്ടില്‍  സബിന്‍ പി. കെ (25)യെയാണ് ചേരാനല്ലൂര്‍ പോലീസ് അറ്‌സ്റ്റിലായത്. 

എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കരള്‍ തകരാറിലായി ചികില്‍സയിലുള്ള വ്യക്തി സഹായത്തിനായി ഫേസ്ബുക്കിലൂടെ നല്‍കിയ വിവരം കണ്ടാണ് സബിന്‍ ഇത്തരത്തിലുള്ള തട്ടിപ്പിന് തുടക്കം കുറിച്ചത്. ഇയാള്‍ രോഗിക്ക് കരള്‍ നല്‍കാമെന്ന് പറയുകയും തുടര്‍ന്ന് രക്തപരിശോധന നടത്തണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന്  സബിന്റെ രക്തഗ്രൂപ്പ് വേറെയായതിനാല്‍ രോഗിയുമായി ചേര്‍ന്ന് പോകുന്ന രക്തഗ്രൂപ്പുള്ള സബിന്റെ സുഹൃത്തിനെ സബിന്റെ പേരില്‍ ലാബില്‍ അയച്ച് റിപ്പോര്‍ട്ട് സംഘടിപ്പിക്കുകയുമായിരുന്നു. 

രോഗിയുടെയും ബന്ധുക്കളുടെയും വിശ്വാസം ആര്‍ജ്ജിച്ച് പിന്നീട് അവരില്‍ നിന്ന് പണം തട്ടുകയായിരുന്നു. ഇതു കൂടാതെ രണ്ട് കിഡ്‌നിയും തകരാറിലായ മറ്റൊരു രോഗിക്ക് കിഡ്‌നി നല്‍കാമെന്ന് പറഞ്ഞ് രോഗിയുടെ രക്തഗ്രൂപ്പുമായി ചേര്‍ന്ന് പോകുന്ന രക്തഗ്രൂപ്പ് അടങ്ങിയ ബയോഡാറ്റ സബിന്‍ വ്യാജമായി നിര്‍മ്മിച്ച് രോഗിയില്‍നിന്നും പണം അപഹരിച്ചിട്ടുണ്ട്. 

പ്രതി കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വിവിധയാളുകളില്‍ നിന്നും പണം തട്ടിയതായും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിവിധയാളുകളില്‍ നിന്നും പണം വാങ്ങി ജോലി നല്‍കാതെ തട്ടിപ്പ് നടത്തിയതായും വിവരങ്ങളുണ്ട്. 

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മിഷണര്‍ എസ്. ശശിധരന്റെ നിര്‍ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സി. ജയകുമാറിന്റെ നേതൃത്വത്തില്‍ ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാര്‍ കെ., സബ് ഇന്‍സ്‌പെക്ടര്‍ തോമസ് കെ. എക്‌സ്. സാം ലെസ്സി, വിജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് നസീര്‍, സിഘോഷ്, ദിനൂപ്, സൈജു, സനുലാല്‍, സുജിമോന്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Latest News