മുംബൈ- ഇറാനുമേല്‍ യുഎസ് ഉപരോധം ശക്തിപ്പെടുത്താനിരിക്കെ മുംബൈയില്‍ ശാഖ തുറക്കാന്‍ ഇറാനിയന്‍ ബാങ്കിന് ഇന്ത്യ അനുമതി നല്‍കി. ഇറാനിലെ സ്വകാര്യ ബാങ്കായ ബാങ്ക് പസര്‍ഗാദ് ഉടന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കും. തെഹ്‌റാന്‍ ആസ്ഥാനമായി ഈ ബാങ്കിന് ഇന്ത്യയില്‍ ശാഖ തുറക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ധനമന്ത്രാലയം റിസര്‍വ് ബാങ്കിനെ അറിയിച്ചു. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി വെട്ടിക്കുറക്കണമെന്ന് ഇന്ത്യയുള്‍പ്പെടെ ലോക രാജ്യങ്ങള്‍ യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു നിലനിലക്കെയാണ് ഇറാന്‍ ബാങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഇറാനെതിരായ യുഎസ് ഉപരോധത്തിന്റെ ആദ്യ ഘട്ടം ഓഗസ്റ്റ് ആറിനാണ് ആരംഭിക്കുന്നത്. നവംബര്‍ നാലോട് കൂടി ഉപരോധം ശക്തിപ്പെടുത്താനാണു യുഎസ് നീക്കം. ഇതിനു ശേഷം ഒരു രാജ്യവും ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുതെന്നാണ് യുഎസ് തിട്ടൂരം.
ഇറാന്‍ ബാങ്കിന് ഇന്ത്യയില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ നേരത്തെ റിസര്‍വ് ബാങ്കിനെ സമീപ്പിച്ചിരുന്നു. ഇറാന്‍ ബാങ്കിനു പുറമെ ദക്ഷിണ കൊറിയന്‍ ബാങ്കുകളായ കെഇബി ഹന ബാങ്ക്, കൂകിമിന്‍ ബാങ്ക് എന്നിവര്‍ക്കും ഇന്ത്യയില്‍ ശാഖ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനുമായുള്ള എണ്ണ ഇടപാട് രൂപ-രിയാല്‍ വിനിമയത്തിലാക്കാനാണു ഇന്ത്യയുടെ പദ്ധതി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ വേഗത്തിലാക്കാന്‍ ഇറാനിയന്‍ ബാങ്കിന്റെ ഇന്ത്യയിലെ സാന്നിധ്യം സഹായകമാകും. നേരത്തെ യുഎസ് ഉപരോധം നീക്കിയതിനെ തുടര്‍ന്ന് രൂപ-രിയാല്‍ ഇടപാട് നിര്‍ത്തിയിരുന്നു. ഇതു പുനരാരംഭിക്കാനാണു നീക്കം.
ബാങ്ക് പസര്‍ഗാദിനു പുറമെ പേര്‍ഷ്യന്‍ ബാങ്കും ഇന്ത്യയില്‍ ശാഖ തുറക്കാന്‍ അനുമതി തേടിയിരുന്നു. സമാന്‍ ബാങ്ക് പ്രതിനിധി ഓഫീസ് തുറക്കാനും അനുമതി തേടി അപേക്ഷിച്ചിട്ടുണ്ട്. ഈ രണ്ടു അപേക്ഷകളിലും തീരുമാനം വരാനിരിക്കുന്നതെയുള്ളൂ.