കൽപ്പറ്റ - വിദ്യാർത്ഥിനികളുടെ പരാതിയിൽ കായികാധ്യാപകനെതിരേ പോലീസ് നടപടി. വയനാട് മേപ്പാടി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകൻ പുത്തൂർവയൽ താഴംപറമ്പിൽ ജോണിയെയാണ് പോലീസ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ടതിന് പിന്നാലെ നാല് സ്‌കൂൾ വിദ്യാർത്ഥിനികൾ സ്റ്റേഷനിൽ നേരിട്ടെത്തി അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് വിശദമൊഴി എടുത്ത ശേഷമാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി എടുക്കുമെന്നും പോലീസ് പറഞ്ഞു. മുമ്പ് കസബ പോലീസ് സ്റ്റേഷൻ പരിധിയിലും അധ്യാപകനെതിരെ പോക്‌സോ കേസ് ഉണ്ടായതായി പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.






