Sorry, you need to enable JavaScript to visit this website.

'ഹിന്ദു പാക്കിസ്ഥാന്‍' പരാമര്‍ശം: തരൂരിനെതിരെ കേസ്, ഹാജരാകണമെന്ന് കോടതി; സമന്‍സ് ട്വിറ്ററിലൂടെ

കൊല്‍ക്കത്ത- അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടു അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ ഭരണഘടന തിരുത്തി എഴുതപ്പെടുമെന്നും രാജ്യം 'ഹിന്ദു പാക്കിസ്ഥാന്‍' ആയി മാറുമെന്നും പറഞ്ഞ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ കേസ്. കൊല്‍ക്കത്തയിലെ അഭിഭാഷകനായ സുമീത് ചൗധരിയാണ് പരാതി നല്‍കിയത്. തരൂരിന്റെ  പരസ്യ പ്രസ്താവന ഇന്ത്യക്കാരുടെ മതവികാരം വൃണപ്പെടുത്തിയെന്നും രാജ്യത്തെ അപമാനിക്കുന്നതാണെന്നുമാണ് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ക്ഷമാപണം നടത്തില്ലെന്ന തരൂരിന്റെ മറുപടി തീര്‍ത്തും ദുരുദ്ദേശപരമാണെന്നും പരാതിക്കാരന്‍ പറയുന്നു. ഈ പ്രസ്താവനയിലൂടെ തരൂര്‍ സംഘര്‍ഷവും മതപരമായ ഭിന്നിപ്പും സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിക്കുന്നു. 

ഓഗസ്റ്റ് 14ന് ഹാജരാകണമെന്ന് കോടതി തരൂരിനോട് ആവശ്യപ്പെട്ടു. സാധാരണ നിയമ നടപടികള്‍ക്കു പുറമെ തൂരിനുള്ള സമന്‍സ് ട്വിറ്ററിലൂടേയും ഫേസ്ബുക്കിലൂടെയും അയക്കാനും കോടതി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കോടതി സോഷ്യല്‍ മീഡിയയിലൂടെ സമന്‍സ് അയക്കാന്‍ ആവശ്യപ്പെടുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു.

അതിനിടെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തരൂരിനെതിരെ ബിജെപിയുടേയും ഹിന്ദുത്വ സംഘടനകളുടേയും സൈബര്‍ ആക്രമണം തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ തരൂര്‍ ഇവരുടെ കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. ഇതിനു മറുപടിയായി തരൂര്‍ കഴിഞ്ഞ ദിവസം പഴയോരു പ്രശസ്ത ബോളിവൂഡ് ഗാനം ട്വീറ്റ് ചെയ്തിരുന്നു. അമര്‍ പ്രേം എന്ന 1971ലെ ബോളിവൂഡ് ചിത്രത്തില്‍ ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാര്‍ പാടിയ 'കുച് തോ ലോക് കഹേംഗെ ലോകോം കാ കാം ഹെ കെഹനാ' എന്ന ഗാനമാണ് വിമര്‍ശകര്‍ക്ക് മറുപടിയായി തരൂര്‍ ട്വീറ്റ് ചെയ്തത്.
 

Latest News