ന്യൂദല്‍ഹി- മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പരിശോധനകള്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ എത്താന്‍ ലക്ഷ്യമിട്ട യു. എസ് സര്‍ക്കാര്‍ പാനലിലെ അംഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിസ നിഷേധിച്ചു.
തങ്ങളുടെ മതസ്വാതന്ത്ര്യം പുനഃപരിശോധിക്കാനും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ വിലയിരുത്താനും അത്തരം വിദേശ ഏജന്‍സികള്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ സംഘത്തിന്റെ യാത്രാ അഭ്യര്‍ഥന ഇന്ത്യ നിരസിച്ചത്.
2014-ല്‍ നരേന്ദ്ര മോഡി അധികാരമേറ്റതു മുതല്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങളുടെ പേരില്‍ അമേരിക്കന്‍ ഏജന്‍സികളുടെ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ചൈന, ഇറാന്‍, റഷ്യ, സിറിയ എന്നിവയ്‌ക്കൊപ്പം 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിക്കണമെന്ന് യു. എസ് പാനല്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു. എസ് കമ്മീഷന്‍ ആഹ്വാനം ചെയ്തിരുന്നു.
ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലാത്തതാണെന്നും മുന്‍വിധിയോടെയും പക്ഷപാതപരമായുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ആരോപിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളിക്കളയുന്നതായും പറഞ്ഞിരുന്നു.
ഇന്ത്യന്‍ സര്‍ക്കാരുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കായി തങ്ങളുടെ ടീം ഇന്ത്യയിലേക്ക് പോകണമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു. എസ് കമ്മീഷന്‍ വക്താവ് ഡാനിയേല്‍ സരോയന്‍ അഷ്ബാഹിയാന്‍ പറഞ്ഞു. ബഹുസ്വരവും വിഭാഗീയമല്ലാത്തതും ജനാധിപത്യപരവുമായ രാഷ്ട്രം എന്ന നിലയിലും അമേരിക്കയുടെ അടുത്ത പങ്കാളി എന്ന നിലയിലും ഇന്ത്യയ്ക്ക് തങ്ങളുടെ സന്ദര്‍ശനം അനുവദിക്കാനുള്ള ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്നും ക്രിയാത്മകമായ സംഭാഷണത്തിലൂടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു എസ് കമ്മീഷനെ തങ്ങളുടെ കാഴ്ചപ്പാടുകള്‍ അറിയിക്കാന്‍ അവസരമൊരുക്കുമെന്നും ഡാനിയേല്‍ സരോയന്‍ പറഞ്ഞു.
വിദേശത്ത് മതസ്വാതന്ത്ര്യം നിരീക്ഷിക്കുകയും പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി, കോണ്‍ഗ്രസ് എന്നിവര്‍ക്ക് നയപരമായ ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യുന്ന ഉഭയകക്ഷി യു. എസ് ഗവണ്‍മെന്റ് ഉപദേശക സമിതിയാണ് കമ്മീഷന്‍.