കൊച്ചി- മയക്കുമരുന്നും തോക്കും തിരകളുമായി രണ്ടുപേര്‍ പിടിയില്‍. ഇവരില്‍ നിന്നും 6.6 ഗ്രാം എം. ഡി. എം. എയും എയര്‍ പിസ്റ്റളും തിരകളും പത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
വരാപ്പുഴ പുത്തന്‍ പുരയ്ക്കല്‍ പവിന്‍ ദാസ് (23), കരിങ്ങാം തുരുത്ത് കൊങ്ങോര്‍പ്പിള്ളി രജനി ഭവനില്‍ വി. അനന്തകൃഷ്ണന്‍ (25) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും വടക്കേക്കര പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂത്തകുന്നം ഭാഗത്ത് നിന്ന് ഇവര്‍ അറസ്റ്റിലായത്.
തോക്കില്‍ നിറയ്ക്കുന്ന 40 തിരകളും രാസലഹരി പൊടിയ്ക്കാനുപയോഗിക്കുന്ന ബ്ലെയ്ഡും തൂക്കാനുള്ള ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്നുമാണ് ലഹരി കൊണ്ടുവന്നത്. യുവാക്കള്‍ക്ക് വില്‍ക്കുകയായിരുന്നു ലക്ഷ്യം.
ഇന്‍സ്‌പെക്ടര്‍ വി. സി. സൂരജ്, എസ്. ഐമാരായ എം. എസ്. ഷെറി, വി. എം. റസാഖ്, എ. എസ്. ഐ റോബര്‍ട്ട് ഡിക്‌സണ്‍, സി. പി. ഒമാരായ ടി. എസ് ശീതള്‍, മിറാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
റൂറല്‍ ജില്ലയില്‍ മയക്കുമരുന്ന് വേട്ട കൂടുതല്‍ ശക്തമാക്കാക്കി. ഒരു മാസത്തിനുള്ളില്‍ അമ്പത് ഗ്രാമോളം രാസലഹരിയും പത്ത് കിലോയിലേറെ കഞ്ചാവും പിടികൂടിയിരുന്നു.