Sorry, you need to enable JavaScript to visit this website.

മിലിട്ടറി ഉദ്യോഗസ്ഥനെ കൊന്നശേഷം ഒളിവില്‍ പോയ പ്രതി 28 വര്‍ഷത്തിന് ശേഷം പിടിയിലായി

ആലപ്പുഴ - മിലിട്ടറി ഉദ്യോഗസ്ഥനെ കൊന്നശേഷം ഒളിവില്‍ പോയ പ്രതി 28 വര്‍ഷത്തിന് ശേഷം പിടിയിലായി. ചെട്ടികുളങ്ങര, കണ്ണമംഗലം പേള ചേന്നത്തു വീട്ടില്‍ ജയപ്രകാശ് കൊലചെയ്യപ്പെട്ട കേസിലാണ് ഒളിവില്‍ പോയ രണ്ടാം പ്രതിയായ ചെട്ടികുളങ്ങര ശ്രീകുമാറിനെ മവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കോഴിക്കോട്ട് ഹോട്ടല്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് പിടിയിലായത്. പോലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
1995 ജനുവരി 12 നാണ് സംഭവം നടന്നത്. മിലിട്ടറി ഉദ്യോഗസ്ഥനായ ചെട്ടികുളങ്ങര കണ്ണമംഗലം പേള ചേന്നത്തു വീട്ടില്‍ ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്ര ഗ്രൗണ്ടില്‍ വച്ച് പ്രമോദ്, ശ്രീകുമാര്‍, ജയചന്ദ്രന്‍ എന്നിവര്‍ മുന്‍പുണ്ടായ തര്‍ക്കവിഷയത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് വാക്തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്.  തുടര്‍ന്ന് കേസിലെ രണ്ടാം പ്രതിയായ ശ്രീകുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പ്രദീപിന്റെയും, ജയചന്ദ്രന്റെയും വിചാരണ കോടതിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. 28 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ശ്രീകുമാറിനെ പിടികൂടുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ശ്രീകുമാറിന്റെ നാട്ടില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് ഇയാള്‍ ഒളിവില്‍ പോയി താമസിച്ചിരുന്ന മംഗലാപുരം, മൈസൂര്‍ ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കോഴിക്കോട്ട്  എത്തി ഹോട്ടല്‍ ജോലിയും കല്‍പണിയും ചെയ്തു താമസിക്കുകയാണെന്ന് വിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥനത്തില്‍ നടന്ന പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  കോഴിക്കോട് വന്ന് ഹോട്ടല്‍ ജോലി ചെയ്ത് വരുന്നതിനിടയില്‍ ശ്രീകുമാര്‍ വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം താമസമാക്കുകയും ചെയ്തിരുന്നു

 

Latest News