തീരദേശത്ത് തിരയടിക്കുന്ന ആശങ്കകൾ

കേരളത്തിന്റെ തീരദേശത്തെ കടലെടുക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. സമീപകാലത്ത് അത് രൂക്ഷമായെന്നു മാത്രം. ഈ തലമുറയിലെ തന്നെ എത്രയോ പേരുടെ കുടിലുകൾ നിന്നിരുന്ന സ്ഥലം ഇപ്പോൾ കടലിലാണ്. നമ്മുടെ ബീച്ചുകളെല്ലാം എത്രയോ ശോഷിച്ചു കഴിഞ്ഞു. പ്രകടമായ ഉദാഹരണങ്ങൾ നിരവധിയാണ്. വിഴിഞ്ഞവും ശംഖുമുഖവും പുതുവൈപ്പിനും ചെല്ലാനവും ആലപ്പാടും പൊന്നാനിയും മാത്രമല്ല, ഏറെക്കുറെ കേരളം മുഴുവൻ അതാണവസ്ഥ. തീർച്ചയായും ലോകം മുഴുവൻ നേരിടുന്ന ആഗോള താപനം ഇതിനൊരു കാരണം തന്നെ. അതിനുള്ള പരിഹാരം മലയാളിക്ക് ഒറ്റക്കുണ്ടാക്കാൻ കഴിയുകയുമില്ല.

 

രൂക്ഷമായ മഴയും അതിന്റെ തുടർച്ചയായ ശക്തമായ കടലാക്രമണവും മൂലം കേരളത്തിലെ കടലോര ജനതയുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. 2018 ലെ പ്രളയ ശേഷം കേരളത്തിന്റെ സൈന്യമെന്ന ഓമനപ്പേരിട്ടായിരിക്കാം നമ്മളവരെ വിളിക്കുന്നത്. മഹാപ്രളയത്തെ പ്രമേയമാക്കി പുറത്തുവന്ന 2018 എന്ന സിനിമയിലാകട്ടെ, മോഡലിംഗ് എന്ന ആധുനിക കാല തൊഴിലിനേക്കാൾ എത്രയോ മഹത്തരമാണ് കടലിൽ പോയി മീൻ പിടിക്കുന്നത് എന്നു സമർത്ഥിക്കുകയും ചെയ്തു. എന്നാൽ പച്ചയായ യാഥാർത്ഥ്യമെന്താണ്? അതു മറ്റൊന്നുമല്ല, അക്ഷരാർത്ഥത്തിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു സംസ്ഥാനത്തെ മഹാഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളായ തീരദേശ ജനത എന്നതാണത്. അതിന്റെ പ്രകടമായ തെളിവാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

ഓരോ നിമിഷവും പിറന്ന മണ്ണും കുടിലും തൊഴിലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ തീരദേശ ജനത. അതിനുള്ള കാരണങ്ങൾ പലതാണ്. അവയിൽ കേരളീയർ തന്നെ ഉത്തരവാദികളായ മനുഷ്യ നിർമിത കാരണങ്ങളുണ്ട്. നമുക്ക് നേരിട്ടു ഉത്തരവാദിത്തമില്ലാത്ത, ആഗോള തലത്തിലുള്ള കാരണങ്ങളുണ്ട്. പ്രകൃതി തന്നെ ഉത്തരവാദിയായ കാരണങ്ങളുണ്ട്. അവയെന്തായാലും അതിന്റെയെല്ലാം ദുരന്തങ്ങൾ പേറുന്നത് കേരളത്തിന്റെ സൈന്യമാണെന്നു മാത്രം. മണ്ണും കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്ന അവർക്ക് നമ്മൾ വാഗ്ദാനം ചെയ്യുന്നതാകട്ടെ, ഒരു കുടുംബത്തിനു പത്തു ലക്ഷം രൂപ. ഒരു ബസ് സ്റ്റോപ്പിനു പോലും അതിനേക്കാൾ ചെലവു വരുന്ന നാട്ടിലാണ് സ്ഥലം വാങ്ങി വീടുവെക്കാനായി 10 ലക്ഷം നൽകുന്നത് എന്നോർക്കണം. മറുവശത്ത് നാലു വർഷത്തിൽപരമായി ഗോഡൗണുകളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും കേരളത്തിലുണ്ടെന്ന് മറക്കരുത്.

സംസ്ഥാനത്തെ 222 തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിലും 113 ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളിലുമായി ഏകദേശം 10.50 ലക്ഷം മത്സ്യത്തൊഴിലാളികൾ വസിക്കുന്നുണ്ട്. തങ്ങളുടെ ഉപജീവനത്തിനായി മത്സ്യബന്ധനത്തിൽ ഏർപ്പെടുകയും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ള 2,40,211 സജീവ മത്സ്യത്തൊഴിലാളികളും 84,531 അനുബന്ധ മത്സ്യത്തൊഴിലാളികളുമുണ്ട്. തീരദേശത്ത് തിങ്ങിപ്പാർക്കുന്ന ഇക്കൂട്ടർ രാജ്യത്തിന് വലിയ തോതിൽ വിദേശ നാണ്യം നേടിത്തരുന്നവരും പൊതുസമൂഹത്തിന് ഏറ്റവും പോഷക മൂല്യമുള്ള ഭക്ഷണം കുറഞ്ഞ ചെലവിൽ പ്രദാനം ചെയ്യുന്നവരുമാണ്. രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ എപ്പോഴും ജോലി ചെയ്യുന്ന ഇവർ രാജ്യസുരക്ഷക്കും വലിയ സംഭാവന ചെയ്യുന്നവരാണ്. ഇങ്ങനെ കേരളീയ ജീവിതത്തിന്റെ സാമ്പത്തിക - ആരോഗ്യ രംഗങ്ങളിൽ വലിയ സംഭാവന നൽകുന്ന ഒരു ജനവിഭാഗമാണ് ഇന്നു ഈ അവസ്ഥയിൽ എത്തിയിരിക്കുന്നത്.

വാസ്തവത്തിൽ ആദിവാസികളെ പോലെ തന്നെ തദ്ദേശീയ ജനതയായി തിരിച്ചറിയപ്പെടേണ്ടവരാണ് മത്സ്യത്തൊഴിലാളികൾ. കാടിന്റെ യഥാർത്ഥ അവകാശികൾ ആദിവാസികളാണെന്നു പറയുന്ന പോലെ തന്നെയാണ് കടലിന്റെ യഥാർത്ഥ അവകാശികൾ മത്സ്യത്തൊഴിലാളികളാണെന്നു പറയുന്നത്. എന്നാൽ വിവിധ ആദിവാസി സമുദായങ്ങൾക്ക് വേണ്ടി പല നിയമ നിർമാണങ്ങളും നടന്നപ്പോഴും മത്സ്യത്തൊഴിലാളികൾ പരിഗണിക്കപ്പെട്ടില്ല. ആദിവാസികളിൽ നിന്നു വ്യത്യസ്തമായി മത്സ്യത്തൊഴിലാളികളിലൊരു വിഭാഗം മറ്റു മേഖലകളിലേക്കു പോകുന്നതാകാം അതിനു കാരണം. എന്നാൽ ഇപ്പോഴും ലക്ഷക്കണക്കിനു പേരാണ് പരമ്പരാഗത രീതിയിൽ മത്സ്യബന്ധനത്തിലേർപ്പെട്ടു ജീവിക്കുന്നത് എന്നതാണ് വസ്തുത. അവരാണ് മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമായ ഭക്ഷണം വിളമ്പുന്നത്. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ മണത്തെ വെറുക്കുന്നവരാണല്ലോ നമ്മളിൽ മഹാഭൂരിഭാഗവും. അതിന്റെ തുടർച്ചയല്ലാതെ മറ്റെന്താണ് ഇവരോടുള്ള അവഗണന? 

കേരളത്തിന്റെ തീരദേശത്തെ കടലെടുക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. സമീപകാലത്ത് അത് രൂക്ഷമായെന്നു മാത്രം. ഈ തലമുറയിലെ തന്നെ എത്രയോ പേരുടെ കുടിലുകൾ നിന്നിരുന്ന സ്ഥലം ഇപ്പോൾ കടലിലാണ്. നമ്മുടെ ബീച്ചുകളെല്ലാം എത്രയോ ശോഷിച്ചു കഴിഞ്ഞു. പ്രകടമായ ഉദാഹരണങ്ങൾ നിരവധിയാണ്. വിഴിഞ്ഞവും ശംഖുമുഖവും പുതുവൈപ്പിനും ചെല്ലാനവും ആലപ്പാടും പൊന്നാനിയും മാത്രമല്ല, ഏറെക്കുറെ കേരളം മുഴുവൻ അതാണവസ്ഥ. തീർച്ചയായും ലോകം മുഴുവൻ നേരിടുന്ന ആഗോള താപനം ഇതിനൊരു കാരണം തന്നെ. അതിനുള്ള പരിഹാരം മലയാളിക്ക് ഒറ്റക്കുണ്ടാക്കാൻ കഴിയുകയുമില്ല. ആ വിഷയം ലോകം ഇന്നു ചർച്ച ചെയ്യുകയാണ്. പരിഹാര മാർഗങ്ങൾ തെരയുകയാണ്. അതു വിജയിക്കുമെന്ന് ആശിക്കുകയല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാനില്ല.
ശംഖുമുഖവും കോവളവുമെല്ലാമടക്കം തിരുവനന്തപുരം ജില്ലയിലെ തീരശോഷണം സമീപകാലത്ത് രൂക്ഷമാകാനുള്ള ഒരു പ്രധാന കാരണം വിഴിഞ്ഞം തുറമുഖ നിർമാണമാണെന്ന് നിരവധി വിദഗ്ധർ കണ്ടെത്തിയിട്ടുണ്ടല്ലോ. തീർച്ചയായും അല്ല എന്നു വാദിക്കുന്നവരുമുണ്ടെന്നത് സ്വാഭാവികം. വൻതോതിൽ നടക്കുന്ന കരിമണൽ ഖനനമാണ് ആലപ്പാട്ടെയും ആറാട്ടുപുഴയിലെയും മറ്റും ഞെട്ടിക്കുന്ന തീരശോഷണത്തിനു കാരണം. കൊച്ചി തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിലനിൽക്കുന്ന പ്രശ്നങ്ങളാണ് ചെല്ലാനത്തെ രൂക്ഷമായ കടലാക്രമണത്തിനു കാരണം. പുതുവൈപ്പിനിലത് ഗ്യാസ് പ്ലാന്റുമായി ബന്ധപ്പെട്ടാണ്. ടൂറിസ വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ തീരദേശത്തിലുടനീളം നടക്കുന്നതും കാണാതിരുന്നു കൂടാ. ഇതെല്ലാം കൂടിയാണ് കരയെ കടലെടുക്കുന്ന പ്രതിഭാസത്തെ രൂക്ഷമാക്കിയിരിക്കുന്നത്. അതിന്റെ ഇരളാകട്ടെ മത്സ്യത്തൊഴിലാളികളാണെന്നു മാത്രം.

തീർച്ചയായും വികസനം വേണം. ടൂറിസവും തുറമുഖവും മറ്റു പദ്ധതികളും അനിവാര്യം. പക്ഷേ അതിന്റെയെല്ലാം മുന്നോടിയായി ഇരകളുടെ അതിജീവനം ഉറപ്പു വരുത്തണം. അതിനു ശേഷം മാത്രമാകണം ഏതൊരു പദ്ധതിയുമായി മുന്നോട്ടു പോകാൻ. അടുത്ത കാലത്ത് അതിനുള്ള ഒരുദാഹരണം നമ്മുടെ മുന്നിലുണ്ടല്ലോ. ദേശീയപാത വികസനം തന്നെയാണ് ഉദ്ദേശിച്ചത്. ദേശീയപാത വികസനത്തിനു സ്ഥലമെടുക്കുമ്പോൾ ഉടമകൾക്ക് തുഛം പ്രതിഫലം നൽകുകയായിരുന്നല്ലോ പതിവ്. അതാകട്ടെ, പലപ്പോഴും ഏറ്റെടുത്ത് മാസങ്ങൾക്കും വർഷങ്ങൾക്കും ശേഷം. സ്വാഭാവികമായും ദേശീയപാത വികസത്തിനെതിരെ സംസ്ഥാനത്തുടനീളം ശക്തമായ സമരങ്ങൾ നടന്നു. സമരം ചെയ്യുന്നവർ വികസന വിരോധികൾ എന്ന് ആക്ഷേപിക്കപ്പെട്ടു. 
ഏതു വികസന പദ്ധതിയിലും ആദ്യമുൻഗണന ഇരകൾക്കായിരിക്കണം. തീർച്ചയായും തീരദേശത്ത് ഈ വിഷയം ദേശീയപാത വികസനം പോലെ എളുപ്പമല്ല. ഇവിടെ ജനങ്ങൾക്ക് സ്ഥലം മാത്രമല്ല, തൊഴിലും നഷ്ടപ്പെടുകയാണ്. അവരുടെ, പ്രത്യേകിച്ച് മധ്യവയസ്സും അതിനു മുകളിലുള്ളവരുടെയും ജീവിതം കടലുമായി ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. കടലോരത്തുനിന്ന് വളരെ അകലെ പോകാനവർക്ക് കഴിയില്ല. കടലോരത്തെ നിർമാണ പ്രവർത്തനങ്ങൾ മത്സ്യസമ്പത്തിനെയും ബാധിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചും കടലോരത്തിന്റെ പ്രാഥമിക അവകാശി അവരാണെന്ന് അംഗീകരിച്ചും അവരുടെ അംഗീകാരത്തോടെ വേണം ഏതൊരു പദ്ധതിയും നടപ്പാക്കാൻ. അതെന്തായാലും 10 ലക്ഷം പദ്ധതി കൊണ്ട് സാധ്യമാകില്ല എന്നാണ് സർക്കാർ അംഗീകരിക്കേണ്ടത്. അംഗീകരിച്ചാൽ മാത്രം പോരാ, പുതിയ തീരുമാനങ്ങളെടുത്ത് നടപ്പാക്കുകയും വേണം.

തീരദേശത്തെ കലുഷിതമാക്കാൻ സാധ്യതയുള്ള മറ്റൊരു പദ്ധതി കൂടി അണിയറയിൽ തയാറാകുകയാണ്. തീരദേശ ഹൈവേ തന്നെയാണ് ഉദ്ദേശിച്ചത്. സംസ്ഥാനത്ത് ഇപ്പോൾ തകൃതിയായി നിർമാണം നടക്കുന്ന ദേശീയപാത കടന്നു പോകുന്നത് ഏറെക്കുറെ തീരദേശത്തു കൂടിയാണ്. അതിനു പുറമേയാണ് മറ്റൊരു ഹൈവേ വരുന്നത്. തീരദേശത്ത് കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വൻതോതിൽ ആസൂത്രണം ചെയ്യുന്ന ടൂറിസവൽക്കരണ പദ്ധതികളുടെ ഭാഗമാണ് ഈ ഹൈവേ നിർമാണമെന്നും അതിന്റെ വിശദാംശങ്ങൾ മറച്ചുവെക്കുകയാണെന്നും അതു യാഥാർത്ഥ്യമായാൽ സംസ്ഥാനത്തെ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും ജീവിതം തകരുമെന്നും അവരുടെ സംഘടനകൾ ആശങ്കപ്പെടുന്നതിൽ കുറ്റപ്പെടുത്താനാവില്ല. 

Latest News