കണ്ണൂർ - കണ്ണൂരിലുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരു വിദ്യാർഥി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. മുപ്പത്തിനാലു പേർക്ക് പരിക്കേറ്റു. കണ്ണൂർ തോട്ടട, മട്ടന്നൂർ കുമ്മാനം, കൂത്തുപറമ്പ് കൈതേരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.
കണ്ണൂർ തോട്ടട ടൗണിൽ ടൂറിസ്റ്റ് ബസും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞവളപ്പ് സ്വദേശി അഹമ്മദ് സാബിക് (29) മരിച്ചു. 24 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കർണാടകയിലെ മണിപ്പാലിൽ നിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിൻ്റെ ബസാണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച ബസ്, റോഡിൽ മൂന്നു തവണ കീഴ്മേൽ മറിയുകയായിരുന്നു. ഇതിനിടയിൽ ബസിനടിയിൽപെട്ടാണ് ദാരുണമായി മരിച്ചത്. തലയും ശരീര ഭാഗങ്ങളും വേർപെട്ട മൃതദേഹം, പിന്നീട് ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
മട്ടന്നൂരിനടുത്ത് കുമ്മാനത്ത് കെ.എസ്.ആർ.ടി.സി ബസ്സിടിച്ചാണ് വിദ്യാർത്ഥി മരിച്ചത്. കുമ്മാനത്തെ മുഹമ്മദ് റിദാൻ(12) ആണ് മരിച്ചത്. ഇന്നലെ രാവിലെ കുമ്മാനത്ത് ആണ് അപകടം. വിദ്യാർത്ഥി സ്കൂളിലേക്ക് പോകുന്നതിനിടെ റോഡിന്റെ മറുഭാഗത്ത് നിർത്തിയിട്ട സ്കൂൾ ബസിൽ കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ, കണ്ണൂരിൽ നിന്ന് മട്ടന്നൂരിലേക്കു വരികയായിരുന്ന ബസ്സ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുമ്മാനത്തെ ഷഹീർ - നൗഷീന ദമ്പതികളുടെ മകനാണ് റിദാൻ. പാലോട്ടുപള്ളി വി.എം.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്.
കൂത്തുപറമ്പ് കൈതേരിയില്‍ കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പത്തു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് കണ്ണൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






