ഗുവാഹത്തി- വംശീയ കലാപത്തില്‍ രണ്ടു മാസത്തിനിടെ മണിപ്പൂരില്‍ 142 പേര്‍ കൊല്ലപ്പെട്ടതായി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ചുരാചന്ദ്പുര്‍ ജില്ലകളിലാണ് കൂടുതല്‍ മരണങ്ങളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മെയ് മൂന്നു മുതല്‍ ജൂലൈ നാലുവരെയുള്ള പോലീസ് രേഖകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മണിപ്പൂര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജൂലൈ മൂന്നുവരെ 5,053 തീവയ്പ്പ് കേസുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ 29 മരണവും ചുരാചന്ദ്പുരില്‍ 26 മരണവുമാണ് രേഖപ്പെടുത്തിയത്. കക്ചിങ്, ബിഷ്ണുപുര്‍ ജില്ലകളില്‍ 21, 18 വീതം പേരാണ് മരിച്ചത്. മലയോര ജില്ലയായ കാങ്‌പോക്പിയില്‍ എട്ടു മരണവും റിപ്പോര്‍ട്ടു ചെയ്തതായാണ് കണക്കുകള്‍.
കലാപത്തെ തുടര്‍ന്ന് 54,488 പേരാണ് വീടുവിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കലാപവുമായി ബന്ധപ്പെട്ട് ജൂലൈ നാലു വരെ 5996 എഫ്. ഐ. ആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. 181 പേരെയാണ് അറസ്റ്റു ചെയ്തത്. ഇതില്‍ 110 പേര്‍ക്കാണ് ജാമ്യം നല്‍കിയത്.