വാട്‌സ്ആപ്പില്‍ തംപ്‌സ് അപ് ഇമോജി അയക്കാറുണ്ടല്ലോ; ഇതൊന്ന് വായിച്ചിട്ടുമതി

ന്യൂദല്‍ഹി- വേണ്ടിടത്തും വേണ്ടാത്തിടത്തും തംപ്‌സ് അപ് ഇമോജി അയക്കുന്നവര്‍ കാനഡയിലെ ഈ കോടതി വിധി ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും. മെസേജിന് വെറുമൊരു തംപ്‌സ് അപ് അയച്ച കര്‍ഷകന് 60 ലക്ഷം രൂപയാണ് നഷ്ടം.
കാനഡയിലെ കര്‍ഷകനായ ക്രിസ് ആച്ചര്‍ക്കാണ് തംപ്‌സ് അപ് ഇമോജി വന്‍തുകയുടെ നഷ്ടം  വരുത്തിവെച്ചത്.
86 ടണ്‍ ചണം വാങ്ങാന്‍ താല്‍പര്യമറിയിച്ചാണ് ഒരു യുവാവ് ആച്ചറെ സമീപിച്ചത്. ഇരുവരും സംസാരിച്ച് വിലയും ഉറപ്പിച്ചു. മടങ്ങിപ്പോയ യുവാവ്  ചണം വാങ്ങാനുള്ള ഉടമ്പടി പത്രം ആച്ചറിന് വാട്‌സാപ് ചെയ്തു. മറുപടിയായി ആച്ചര്‍ ഒരു തംപ്‌സ് അപ് ഇമോജി അയച്ചു.
മാസങ്ങള്‍ കഴിഞ്ഞിട്ടും ഉടമ്പടി പ്രകാരമുള്ള ചണം ലഭിക്കാതിരുന്നതോടെ യുവാവ് വീണ്ടും ആച്ചറെ  സമീപിച്ചു. ചണം നല്‍കാമെന്ന് താന്‍ സമ്മതിച്ചിരുന്നില്ലെന്നായിരുന്നു ആച്ചറുടെ മറുപടി. അപ്പോള്‍ ആ തംപ്‌സ് അപോ അയച്ചതോ എന്ന ചോദ്യത്തിന് അത് ഫോട്ടോ കിട്ടിയതിനായിരുന്നുവെന്നും മറുപടി നല്‍കി.  ഉടമ്പടി അംഗീകരിച്ചുവെന്ന് പറയുകയോ, മറുപടിയായി ഒപ്പിട്ട് മടക്കി അയക്കുകയോ ചെയ്തില്ലല്ലോ എന്നു കൂടി ആച്ചര്‍ വാദിച്ചതോടെ യുവാവ് കോടതിയെ സമീപിച്ചു.
ഇരുഭാഗത്തെയും വാദം വിശദമായി കേട്ട കോടതി യുവാവിന് അനുകൂലമായി വിധിക്കുകയായിരുന്നു. ഇക്കാലത്ത് അംഗീകാരത്തെ സൂചിപ്പിക്കാനാണ് പൊതുവേ തംപ്‌സ് അപ് ഇമോജി ഉപയോഗിച്ച് വരുന്നതെന്നും ഡിക് ഷണറിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും വിധിയില്‍ ജഡ്ജി വ്യക്തമാക്കി.  ഒപ്പിട്ട് നല്‍കുന്നതൊക്കെ പഴയ കാലത്തായിരുന്നുവെന്നും ഇന്നത്തെ കാലത്ത് ഇമോജികള്‍ തന്നെ ധാരാളമാണെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. ആച്ചറിന്റെ സ്വന്തം ഫോണില്‍ നിന്ന് വന്ന തംപ്‌സ് അപ് ഉടമ്പടിക്കുള്ള അംഗീകാരമാണെന്നാണ് കോടതി വിധിച്ചത്.

 

Latest News