മദീന - ജോലിക്കിടെ നാലംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിനിരയായ ശുചീകരണ തൊഴിലാളിയെ മദീന നഗരസഭയിലെ ശുചീകരണ വിഭാഗം മേധാവി മാഹിർ അൽഹാസിമി ആശുപത്രിയിൽ സന്ദർശിച്ചു. ശുചീകരണ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നടപടികളെടുക്കുമെന്നും സംഭവത്തിൽ അന്വേഷണ പുരോഗതി നഗരസഭ വിലയിരുത്തിവരികയാണെന്നും മാഹിർ അൽഹാസിമി പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് മദീന നഗരസഭക്കു കീഴിലെ ശുചീകരണ തൊഴിലാളിയെ നാലംഗ സംഘം ആക്രമിച്ചത്. തൊഴിലാളിയെ കുത്തിപ്പരിക്കേൽപിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഘം പണം തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ ഊർജിതമായ അന്വേഷണം തുടരുകയാണ്.