Sorry, you need to enable JavaScript to visit this website.

ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി കാമുകിക്ക്  മാറ്റി വെച്ചത് 906.29 കോടി രൂപയുടെ സമ്പാദ്യം

റോം- കാമുകിക്ക് 906.29 കോടി രൂപയുടെ സമ്പാദ്യം നീക്കി വച്ച് ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി. 2023 ജൂണ്‍ 12ന് 86ാം വയസിലാണ് സില്‍വിയോ ബെര്‍ലുസ്‌കോണി അന്തരിച്ചത്. കാമുകിയായിരുന്ന മാര്‍ത്ത ഫാസിനയ്ക്കാണ് സില്‍വിയോ ബെര്‍ലുസ്‌കോണി വന്‍ തുകയാണ് വില്‍പത്രത്തില്‍ നല്‍കിയത്. ലുക്കീമിയ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു സില്‍വിയോ ബെര്‍ലുസ്‌കോണി മരിച്ചത്. 33 വയസുകാരിയായ കാമുകിക്കാണ് സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ സമ്പാദ്യത്തില്‍ നിന്ന് വന്‍തുക ലഭിക്കുക. തന്റെ ബിസിനസ് സാമ്രാജ്യം ആര്‍ക്ക് നല്‍കണമെന്ന് കൃത്യമായി വ്യക്തമാക്കിയ ശേഷമാണ് സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ സാമ്രാജ്യത്തിന്റെ കടിഞ്ഞാണ്‍ തന്റെ ഏറ്റവും മൂത്ത രണ്ട് മക്കള്‍ക്കാണ് നല്‍കിയിരിക്കുന്നത്. സഹോദരനായ പൌലോയ്ക്ക് 100 മില്യണ്‍ യൂറോയാണ് സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ വില്‍പത്രം അനുസരിച്ച് ലഭിക്കുക. സാമ്പത്തിക ഉപദേഷ്ടാവ് മാര്‍സെലോ ഡെല്‍ ഉട്രിക്ക് 30 മില്യണ്‍ യൂറോയാണ് സില്‍വിയോ ബെര്‍ലുസ്‌കോണി നീക്കി വച്ചിരിക്കുന്നത്. സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ പാര്‍ട്ടിയിലെ അംഗമായിരുന്നു മാര്‍ത്താ ഫാസിന.
രണ്ട് തവണ വിവാഹ മോചനം നേടിയിട്ടുള്ള സില്‍വിയോ ബെര്‍ലുസ്‌കോണി മാര്‍ത്താ ഫാസിനയെ ഔദ്യോഗികമായി വിവാഹം ചെയ്തിരുന്നില്ല. എന്നാല്‍ മതപരമായി രഹസ്യമായി 2022ല്‍ വിവാഹം ചെയ്തിരുന്നു. 5 ബില്യണ്‍ യൂറോയാണ് സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ സമ്പാദ്യമെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 2006ല്‍ തന്നെ തന്റെ ബിസിനസ് സാമ്രാജ്യത്തേക്കുറിച്ചുള്ള കൃത്യമായ പദ്ധതി സില്‍വിയോ ബെര്‍ലുസ്‌കോണി തയ്യാറാക്കിയതായാണ് ഇറ്റാലിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിക്കുമ്പോള്‍ ഇറ്റലിയിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയായിരുന്നു ബെര്‍ലുസ്‌കോണി. 
 

Latest News