Sorry, you need to enable JavaScript to visit this website.

ഉത്തരേന്ത്യയില്‍ പ്രളയത്തില്‍ വ്യാപക നാശം, മരണസംഖ്യ 40 ആയി

ന്യൂദല്‍ഹി- ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. മൂന്ന് ദിവസമായി തുടരുന്ന  മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 40  ആയി ഉയര്‍ന്നു. ഹിമാചല്‍ പ്രദേശില്‍ മാത്രം 17 പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ദല്‍ഹി സംസ്ഥാനങ്ങളിലായി 23 പേരും മരിച്ചു.
പ്രളയത്തില്‍ ഒലിച്ചുപോയും, മണ്ണിടിച്ചില്‍ മൂലവുമാണ് കൂടുതല്‍ പേരും മരിച്ചത്. ഹിമാചല്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പ്രളയത്തില്‍ കെട്ടിടങ്ങളും പാലങ്ങളും ഹൈവേകളും തകര്‍ന്നു. പലയിടങ്ങളിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.  പ്രളയബാധിത മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് സംഘങ്ങളെ വിന്യസിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സുഖുവുമായി മോഡി ഫോണില്‍ സംസാരിച്ചു.  കനത്ത മഴയെ തുടര്‍ന്ന് അഭിഭാഷകര്‍ക്ക് കോടതിയില്‍ എത്താന്‍ കഴിയാതെ വന്നതോടെ ഹിമാചല്‍ ഹൈക്കോടതിയും ദല്‍ഹിയിലെ ദേശീയ കമ്പനി ലോ ട്രൈബ്യൂണലും തിങ്കളാഴ്ച ഫിസിക്കല്‍ ഹിയറിഗ് നിര്‍ത്തിവെച്ചു. ദല്‍ഹിയിലും കനത്ത മഴ തുടരുകയാണ്. ദല്‍ഹിയില്‍ ഇന്നലെ 153 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ദല്‍ഹി, ഹരിയാന ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന യമനു നദി കരകവിഞ്ഞു ഒഴുകാന്‍ ആരംഭിച്ചത് ദല്‍ഹിയില്‍ പ്രളയ ഭീതി പരത്തി. യമുനയിലെ വെള്ളം അതിന്റെ അപകട നിലയായ 205.33 മീറ്ററിലും ഉയര്‍ന്നു. വിഷയത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. ദല്‍ഹിയില്‍ പ്രളയമുണ്ടാകാനുള്ള സാധ്യത കുറവാണെന്നും എങ്കിലും സര്‍ക്കാര്‍ സജ്ജമാണെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ദല്‍ഹി സര്‍ക്കാര്‍ ഇതിനകം 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലും പഞ്ചാബിലും രാജസ്ഥാനിലും കനത്ത മഴ തുടരുകയാണ്.ഹിമാചല്‍ പ്രദേശില്‍  മലയാളി ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം കുടുങ്ങി കിടക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. തൃശൂര്‍, കൊച്ചി  മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സംഘം സഞ്ചരിച്ച ബസ്  വെള്ളപ്പൊക്കത്തില്‍ കുടുങ്ങുകയും ബസിന്റെ ജനലിലൂടെ യാത്രക്കാര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയുമായിരുന്നു. ഇവര്‍ പൂര്‍ണ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന  വിവരം.

 

Latest News