Sorry, you need to enable JavaScript to visit this website.

തൊഴില്‍രഹിതന് ലഭിച്ചത് ലക്ഷങ്ങളുടെ ജി.എസ്.ടി നോട്ടീസ്, സ്റ്റേഷനുകള്‍ കയറിയിറങ്ങി ഈ ചെറുപ്പക്കാരന്‍

ന്യൂദല്‍ഹി- 136.60 ലക്ഷം രൂപ വിറ്റുവരവുള്ള തന്റെ കമ്പനിക്ക് 24.61 ലക്ഷം രൂപ ജിഎസ്ടി ഇനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള നോട്ടീസ് കിട്ടിയപ്പോള്‍ ബുലന്ദ്ഷഹര്‍ സ്വദേശി ദേവേന്ദ്ര കുമാര്‍ (22) ഞെട്ടി. മാര്‍ച്ചിലായിരുന്നു സംഭവം. ആഴ്ചകള്‍ക്ക് ശേഷം, ഏപ്രിലില്‍, 116 ലക്ഷത്തിന് മുകളില്‍ വിറ്റുവരവുള്ള മറ്റൊരു കമ്പനിയുടെ ഉടമ താനാണെന്ന് അറിയിച്ചുകൊണ്ടുള്ള മറ്റൊരു നോട്ടീസ് ലഭിച്ചു. മാസങ്ങളായി ജോലിയില്ലാതെ കഴിയുന്ന കുമാര്‍, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകനുസരിച്ച് ഗൗതം ബുദ്ധ നഗര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

രണ്ട് വര്‍ഷം മുമ്പ് താന്‍ നോയിഡയില്‍ ജോലി ചെയ്തിരുന്ന ഒരു കമ്പനിയുമായി ബന്ധപ്പെട്ട കരാറുകാര്‍ പുതിയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് തന്റെ രേഖകള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്ന് അദ്ദേഹം പരാതിയില്‍ സംശയിക്കുന്നു.

ബുലന്ദ്ഷഹറിലെ നരൗറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദയ്ഗഡ് ബംഗാര്‍ നിവാസിയാണ് കുമാര്‍. 'ഞാന്‍ വളരെ ദരിദ്രനാണ്. മുമ്പ്, നരൗറയിലെ ഒരു ടൗണ്‍ഷിപ്പ് പ്രോജക്റ്റില്‍ ഞാന്‍ തൊഴിലാളിയായി ജോലി ചെയ്തു, അവിടെ എനിക്ക് പ്രതിദിനം 300 രൂപ മാത്രമേ ലഭിച്ചിരുന്നുള്ളു. ഇപ്പോള്‍ എനിക്ക് ജോലിയൊന്നുമില്ല. അത്തരം സാഹചര്യങ്ങളില്‍ എനിക്ക് എങ്ങനെ ഈ രണ്ട് സ്ഥാപനങ്ങളുടെയും ഉടമയാകാന്‍ കഴിയും?

കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാത്രം താന്‍ ഇതുവരെ 40,000 രൂപ ചെലവഴിച്ചതെന്ന് കുമാര്‍ പറഞ്ഞു. 'ഉദ്യോഗസ്ഥര്‍ എന്നെ ഒരു ഓഫീസില്‍നിന്ന് മറ്റൊന്നിലേക്ക്, ഗാസിയാബാദില്‍ നിന്ന് നോയിഡയിലേക്ക്, ബുലന്ദ്ഷഹറിലേക്ക് അയച്ചുകൊണ്ടിരിക്കുന്നു. എന്റെ ഗ്രാമത്തില്‍ നിന്ന് ബുലന്ദ്ഷഹറിലെ എസ്പി ഓഫീസിലേക്ക് യാത്ര ചെയ്യാന്‍ പോലും ധാരാളം പണം ചിലവാകും, ''അദ്ദേഹം പറഞ്ഞു.
നേരത്തെ ബുലന്ദ്ഷഹര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കുമാറിന്റെ കേസ് ഇപ്പോള്‍ സെന്‍ട്രല്‍ നോയിഡയിലെ സെക്ടര്‍-63 പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Latest News