സ്വീഡന് നാറ്റോ വേണമെങ്കില്‍ തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കണമെന്ന് ഉര്‍ദുഗാന്‍

അങ്കാറ- നാറ്റോയില്‍ സ്വീഡന്റെ അംഗത്വത്തെ പിന്തുണക്കണമെങ്കില്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള തുര്‍ക്കിയുടെ അംഗത്വ കാര്യത്തില്‍ തീരുമാനം വേണമെന്ന്് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. ലിത്വാനിയന്‍ തലസ്ഥാനത്ത് നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പാണ് ഉര്‍ദുഗാന്‍ തുര്‍ക്കിയുടെ ആവശ്യം ഉന്നയിച്ചത്. 

തുര്‍ക്കി ഭരണകൂടത്തിനെതിരെ കലാപം നടത്തുന്ന കുര്‍ദിഷ് തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതില്‍ സ്റ്റോക്ക്‌ഹോമിന് താത്പര്യമില്ലെന്ന് ഉര്‍ദുഗാന്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനു പിന്നാലെയാണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയത്. 

തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം തടയുന്ന അതേ നേതാക്കളില്‍ പലരും സ്വീഡന്റെ നാറ്റോ അംഗത്വത്തെ പിന്തുണക്കുന്നുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. അരനൂറ്റാണ്ടു കാലമായി തുര്‍ക്കി യൂറോപ്യന്‍ യൂണിയനു മുമ്പില്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി. 

ഏകദേശം എല്ലാ നാറ്റോ അംഗങ്ങളും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളാണെന്നും അവരെയാണ് താനിപ്പോള്‍ അഭിസംബോധന ചെയ്യുന്നതെന്നും ഉച്ചകോടിയില്‍ വീണ്ടും അഭിസംബോധന ചെയ്യുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. 

യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കിയുടെ അംഗത്വത്തിലേക്കുള്ള വഴി തുറന്നാല്‍ ഫിന്‍ലന്‍ഡിനായി ചെയ്തതുപോലെ സ്വീഡനും തങ്ങള്‍ അംഗീകാരം നല്‍കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. യു. എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലും ഇക്കാര്യം ആവശ്യപ്പെട്ടതായി ഉര്‍ദുഗാന്‍ അറിയിച്ചു.

Latest News