മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനം നടത്തിയതിനും ഫാ.യൂജിന്‍ പെരേരക്കെതിരെ കേസ്

തിരുവനന്തപുരം - മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനം നടത്തിയതിനും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേരക്കെതിരെ പോലീസ് കേസെടുത്തു.  അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. സംഭവത്തില്‍  റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേര്‍ക്കതിരെയാണ് റോഡ് ഉപരോധിച്ചതിനിന് കേസെടുത്തത്. ഇന്ന് വെളുപ്പിന് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ഇവിടെ അധികൃതരുടെ ഇടപെടല്‍ ഫലപ്രദമല്ലെന്ന് പറഞ്ഞ് ജനക്കൂട്ടം പ്രതിഷേധത്തിലായിരുന്നു. ഇതിനിടയിലാണ് ് ഉച്ചയോടെ മന്ത്രിമാരായ വി ശിവന്‍കുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആര്‍ അനില്‍ എന്നിവര്‍ ചിറയന്‍കീഴ് മുതലപ്പൊഴിയില്‍ എത്തിയത്. എന്നാല്‍ മന്ത്രിമാരെ ആള്‍ക്കൂട്ടം തടയുകയായിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് ഫാ.യൂജിന്‍ പെരേരയാണെന്നാണ് മന്ത്രിമാരുടെ ആരോപണം. എന്നാല്‍, ഷോ കാണിക്കരുതെന്ന് പറഞ്ഞ് തന്നോടും മത്സ്യത്തൊഴിലാളികളോടും കയര്‍ത്തത് മന്ത്രിമാരാണെന്ന് യൂജിന്‍ പെരേരയും  പറഞ്ഞു.  നിരന്തരം അപകടമുണ്ടായിട്ടും എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. ഇതാണ് മന്ത്രിമാരെ പ്രകോപിപ്പിച്ചത്.  പ്രതിഷേധക്കാരോട് മന്ത്രി ശിവന്‍കുട്ടി കയര്‍ത്തതോടെ സ്ഥിതി രൂക്ഷമായി. ഇതിനിടെയാണ് യൂജിന്‍ പെരേര സ്ഥലത്തെത്തിയതും മന്ത്രിമാരുമായി വാക്കേറ്റമുൂണ്ടായതും. വന്‍തുക മത്സ്യത്തൊഴിലാളികളില്‍ നിന്ന് പിരിച്ച് പള്ളികള്‍ ചൂഷണം ചെയ്യുകയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഇതോടെ പ്രശ്‌നം വഷളാകുകയും വലിയ ബഹളം നടക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രിമാര്‍ തിരിച്ചുപോരുകയും ചെയ്തു. പിന്നീട് മന്ത്രി ശിവന്‍കുട്ടി ഫാ.യുജീന്‍ പെരേരയ്‌ക്കെതിരെ രംഗത്തു വരികയായിരുന്നു.

 

Latest News