ബെംഗളൂരു- കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ വാഗ്ദാനമായ അഞ്ച് കിലോഗ്രാം അരി നല്കുന്ന അന്നഭാഗ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പണം നല്‍കുന്ന പദ്ധതി മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി വഴി 34 രൂപ നിരക്കിലാണ് പണം നല്‍കുക. അന്ത്യോദയ വിഭാഗത്തിലും ബി പി എല്‍ വിഭാഗത്തിലും ഉള്‍പ്പെടുന്നവര്‍ക്കാണ് അഞ്ച് കിലോഗ്രാം അരി നല്‍കുമെന്ന് പറഞ്ഞിരുന്നത്.
കര്‍ണാടക സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം അന്ത്യോദയ അന്ന യോജനയിലും മുന്‍ഗണനാ വിഭാഗത്തിലും ഉള്‍പ്പെടുന്ന 1.28 കോടി റേഷന്‍ കാര്‍ഡുകളാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 99 ശതമാനം കാര്‍ഡുകളും ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 86 ശതമാനം പേരുടെ കാര്‍ഡുകള്‍ ബാങ്ക് അക്കൗണ്ടുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് പണം ഉടന്‍ കൈമാറ്റം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ടില്ലാത്തവരോട് ആരംഭിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
റേഷന്‍ കാര്‍ഡ് ഉടമയുടെ പേരിലുള്ള അക്കൗണ്ടിലാണ് പണം ലഭ്യമാവുക. റേഷന്‍ കാര്‍ഡില്‍ 94 ശതമാനത്തിലും വനിതകളാണ് ഗൃഹനാഥന്റെ സ്ഥാനത്തുള്ളത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ ശക്തിയും ഗൃഹജ്യോതിയും നേരത്തെ നടപ്പാക്കിയിരുന്നു. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് ശക്തി. വീടുകളില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതിയാണ് ഗൃഹജ്യോതി.