കൊച്ചി- റോബോട്ടിക് മെഡിക്കൽ സംവിധാനങ്ങൾക്ക് അത്യന്താധുനിക മുന്നേറ്റം ഉറപ്പാക്കിക്കൊണ്ട് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ നാലാം തലമുറ റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയ സംവിധാനമായ ഡാവിഞ്ചി എക്സ് ഐ സജ്ജമായി. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
രാജ്യത്തുടനീളമുള്ള അപ്പോളോ ആശുപത്രി ശൃംഖലയിൽ ഇന്നു നിലവിലുള്ള റോബോട്ടിക്-അസിസ്റ്റഡ് സർജറി യൂനിറ്റുകളിൽ നിന്ന് ഏറെ മെച്ചപ്പെട്ട ക്ലിനിക്കൽ ഫലങ്ങൾ നൽകുന്നതിന് പുതിയ ഡാവിഞ്ചി എക്സ് ഐ സംവിധാനം സഹായിക്കും. ഡാവിഞ്ചി എക്സ് ഐ ശസ്ത്രക്രിയ നടപടിക്രമങ്ങളിൽ സമാനതകളില്ലാത്ത കൃത്യതയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
'യുഎസ് ആസ്ഥാനമായ ഇന്റ്യുട്ടിവിന്റെ ഉൽപന്നമായ ഡാവിഞ്ചി എക്സ് ഐ, റോബോട്ടിക് സഹായത്തോടെയുളള ശസ്ത്രക്രിയ രോഗിയെ വേഗത്തിൽ തന്നെ സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ്. ശസ്ത്രിക്രിയാനന്തരമുളള പ്രയാസങ്ങളെ റോബോട്ടിക് ശസ്ത്രക്രിയ ലഘൂകരിക്കുന്നു. ഡാവിഞ്ചി എക്സ് ഐ സംവിധാനത്തിന്റെ സഹായത്തോടെയുളള ശസ്ത്രക്രിയയുടെ സമയത്ത് രോഗിക്ക് വേദന അശേഷം ഉണ്ടാകുന്നില്ല. മാത്രമല്ല, ശസ്ത്രക്രിയാനന്തരം ആശുപത്രിയിൽ അധികം കഴിയേണ്ടതുമില്ല, വളരെ സങ്കീർണമായ ചില ശസ്ത്രക്രിയക്ക് മാത്രമേ ചെറിയ തോതിലുളള വിശ്രമവും മറ്റും ആവശ്യമായുള്ളൂ. ശസ്ത്രക്രിയക്ക് രക്തം ആവശ്യമായി വരുന്നില്ല. ഡാവിഞ്ചി എക്സ് ഐ സംവിധാനത്തിലധിഷ്ഠിതമായ ശസ്ത്രക്രിയ ചെയ്യുന്ന സർജന് ശസ്ത്രക്രിയ ചെയ്യുമ്പോൾ ശബ്ദവും ലേസറും ഉപയോഗിച്ച് എല്ലാം വളരെ സൂക്ഷ്മമായി കാണാൻ സാധിക്കുന്ന തരത്തിലാണ് സജ്ജമാക്കിയിട്ടുള്ളത്. രോഗിയുടെ ആന്തരികാവയവയങ്ങളുടെ അവസ്ഥയും ഇളക്കവും മറ്റും വളരെ കൃത്യതയോടെ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർക്ക് കാണാനും മനസ്സിലാക്കാനും ഡാവിഞ്ചി എക്സ് ഐ സംവിധാനം സഹായിക്കുന്നു. ശസ്ത്രക്രിയ വേളയിൽ തങ്ങളുടെ രോഗികൾക്ക് വേണ്ട സകല പരിരക്ഷയും നൽകാൻ സർജൻമാരെ പ്രാപ്തരാക്കുന്ന ധാരാളം സവിശേഷതകൾ ഡാവിഞ്ചി എക്സ് ഐ സംവിധാനത്തിലുണ്ടെന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി എം.ഡി സുധീശൻ പുഴേക്കടവിൽ പറഞ്ഞു.
ചടങ്ങിൽ സംസാരിച്ച അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം എച്ച്.ഒ.ഡിയും ആയ ഡോ. എലിസബത്ത് ജേക്കബ്, മിനിമലി ഇൻവേസീവ് ഗൈനക്കോളജി ആൻഡ് റോബോട്ടിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ഊർമിള സോമൻ, സീനിയർ കൺസൾട്ടന്റ് ആൻഡ് യൂറോളജി എച്ച്.ഒ.ഡി ഡോ. പി. റോയ് ജോൺ, സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് അയ്യപ്പത്ത്, ഡോ. കാർത്തിക് കുൽശ്രേഷ്ഠ തുടങ്ങിയവർ സംസാരിച്ചു.