കൊച്ചി - കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ വിദ്യാർത്ഥി ഹാക്കത്തോണായ ക്യുബെത്തോണിന്റെ രണ്ടാമതു പതിപ്പിന് എൻട്രികൾ ക്ഷണിച്ചു. ഒന്നര ദശകത്തിലേറെയായി രംഗത്തുള്ള ഐ.ടി കമ്പനിയായ ക്യുബെറ്റാണ് സംഘാടകർ. ഐ.ടി കമ്പനികളുടെ വാണിജ്യ സംഘടനായ നാസ്‌കോമുമായി സഹകരിച്ചാണ് ഈ വർഷത്തെ മത്സരം. ഇന്ത്യയിലെവിടെയുമുള്ള എൻജിനീയറിംഗ്, കംപ്യൂട്ടർ സയൻസ്, ഐ.ടി അനുബന്ധ കോഴ്സുകളിൽ പഠിക്കുന്ന ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്ക് മൂന്നു മുതൽ അഞ്ചു വരെ അംഗങ്ങളുള്ള ടീമുകളായി പങ്കെടുക്കാം. കോളേജും ബിസിനസും തമ്മിലുള്ള വിടവ് നികത്തൽ (ബ്രിഡ്ജിംഗ് ദി ഗ്യാപ് ഫ്രം കോളേജ് റ്റു ബിസിനസ്) ആണ് ഇത്തവണത്തെ ഇതിവൃത്തം. വിജയികൾക്ക് ഒരു ലക്ഷം രൂപ കാഷ് അവാർഡും 10 ലക്ഷം രൂപയുടെ സീഡ് ഫണ്ടിംഗും സമ്മാനമായി ലഭിക്കും. സീഡ് ഫണ്ടിംഗിന് തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ സ്റ്റാർട്ടപ്പ് രൂപീകരണത്തിനും പരിഗണിക്കും. ഇൻകുബേറ്റർമാർ, മെന്റർമാർ എന്നിവരുടെ മാർഗദർശനവും ലഭ്യമാക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 10. ആദ്യഘട്ടത്തിൽ നിന്ന് ജൂലൈ 14 ന് 10 ടീമുകളെ ഷോർട്ട്ലിസ്റ്റ് ചെയ്യും. ജൂലൈ 29 ന് ലൈവ് കോഡിംഗ് സെഷൻ നടക്കും. ഓഗസ്റ്റ് ഒന്നിന് ആദ്യ അഞ്ചു ടീമുകളെ തെരഞ്ഞെടുക്കും. ഓഗസ്റ്റ് 5 നാണ് ഫൈനൽ. അതേ ദിവസം തന്നെ വിജയികളെ പ്രഖ്യാപിക്കുമെന്നും അവാർഡുകൾ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു. എ.ഐയുടെ പിന്തുണയോടെയുള്ള വിദ്യാഭ്യാസം, പരിസ്ഥിതി വെല്ലുവിളികൾക്കുള്ള സുസ്ഥിര പ്രതിവിധികൾ, ഹെൽത്ത് ടെക്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, നിത്യജീവിതത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാമൂഹ്യ വിഷയങ്ങളിലെ സ്വാധീനം, ഡാറ്റാ സ്വകാര്യത, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയവയാണ് ടീമുകൾക്ക് വിശാലമായ അർത്ഥത്തിൽ പരിഗണിക്കാവുന്ന ഇതിവൃത്തങ്ങളെന്നും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷന് https://cubethon.cubettech.com/register/