Sorry, you need to enable JavaScript to visit this website.

സെൻസെക്‌സ് സർവകാല റെക്കോർഡിലേക്ക് 

 വിദേശ ശക്തികൾ ഇന്ത്യൻ വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ മത്സരിച്ചപ്പോൾ ലാഭമെടുപ്പിലൂടെ നിക്ഷേപകരുടെ ആവേശം കുറക്കാൻ ആഭ്യന്തര ഫണ്ടുകൾ നീക്കം നടത്തി. വിദേശ ഓപറേറ്റർമാർ ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും മുൻനിര രണ്ടാം നിര ഓഹരികളിൽ കാണിച്ച താൽപര്യം സെൻസെക്‌സിനെയും നിഫ്റ്റി സൂചികയെയും സർവകാല റെക്കോർഡ് തലത്തിലേക്ക് ഉയർത്തി. 
ബോംബെ സെൻസെക്‌സ് 561 പോയന്റും നിഫ്റ്റി 142 പോയന്റും കഴിഞ്ഞ വാരം വർധിച്ചു, തുടർച്ചയായ രണ്ടാം വാരമാണ് വിപണി കരുത്ത് നിലനിർത്തുന്നത്. അതുകൊണ്ട് തന്നെ ഈ വാരവും സൂചിക മികവ് കാത്തു സൂക്ഷിക്കുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം നിക്ഷേപകർ. 

    വിദേശ ഫണ്ടുകൾ അഞ്ച് ദിവസവും നിക്ഷപകരായി രംഗത്ത് നിറഞ്ഞു നിന്ന് മൊത്തം 6878 കോടി രൂപ ഇറക്കി. പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമായ 47,148 കോടി രൂപയാണ് അവർ ജൂണിൽ ഇറക്കിയത്.
   വർഷാരംഭത്തിൽ വിദേശ ശക്തികൾ നെഗറ്റീവ്  സൈഡിലൂടെയാണ് ഇന്ത്യൻ വിപണിയെ വീക്ഷിച്ചത്. മാർച്ചിലെ തകർച്ചയിൽ അവർ വാങ്ങലുകാരായി മാറുകയും ചെയ്തു. ജനുവരി മുതൽ വിൽപനക്ക് ഇവിടെ മത്സരിച്ചപ്പോൾ ചൈനീസ് മാർക്കറ്റായ ഷാങ്ഹായിൽ അവർ നിക്ഷേപത്തിന് ഉത്സാഹിച്ചു. എന്നാൽ ഏപ്രിലിൽ അവർ ചുവട് മാറ്റി, ചൈനയിൽ വിൽപനയിലേക്കും ഇന്ത്യയിൽ നിക്ഷേപകരുമായി. 
  മേയിൽ 5.3 ബില്യൺ ഡോളറും ജൂണിൽ 5.7 ബില്യൺ ഡോളറും വിദേശ ഫണ്ടുകൾ നമ്മുടെ വിപണിയിൽ ഇറക്കി. ഈ മാസം വരവ് ആറ് ബില്യൺ ഡോളർ മറികടക്കാൻ സാധ്യത. എന്നാൽ വിദേശ ഫണ്ടുകളാണ്, നമ്മൾ മനസ്സിൽ കാണുമ്പോൾ അവർ മാനത്ത് കാണും. 
   സാങ്കേതികമായി വിപണി ഓവർ ബ്രോട്ട് മേഖലയിൽ പ്രവേശിച്ച കാര്യം തൊട്ട് മുൻവാരത്തിൽ സൂചിപ്പിച്ചിരുന്നതാണ്.  ബുള്ളിഷെങ്കിലും ഓവർ ഹീറ്റായെന്ന് വ്യക്തമായതോടെ ആഭ്യന്തര ഫണ്ടുകളെ അഞ്ച് ദിവസവും വിൽപനക്കാരായി നിലകൊണ്ടു. മൊത്തം 6878 കോടി രൂപയുടെ വിൽപന അവർ നടത്തി. 
  19,189 ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച നിഫ്റ്റി മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 19,377 ലെ തടസ്സം ഭേദിച്ച് ചരിത്രത്തിൽ ആദ്യമായി 19,523 വരെ ഉയർന്നു. ആഭ്യന്തര ഫണ്ടുകൾ അവസാന രണ്ട് ദിവസങ്ങളിൽ 5316 കോടി രൂപയുടെ വിൽപന നടത്തിയത് സാങ്കേതിക തിരുത്തലിന് ഇടയാക്കി. നിഫ്റ്റി പുതിയ റെക്കോർഡ് രേഖപ്പെടുത്തിയ ശേഷം മാത്രം തിരുത്തിന് മുതിരുമെന്ന് മുൻവാരം സൂചിപ്പിച്ചത്  ശരിവെക്കുന്ന പ്രകടനമാണ് ദൃശ്യമായത്. 
    വാരാന്ത്യം നിഫ്റ്റി 19,331 പോയന്റിലാണ്. ഈ വാരം 19,197 ലെ താങ്ങ് നിലനിർത്തിയാൽ 19,494 ലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാം. അതായത് അടുത്ത ചുവടിൽ സൂചിക 19,566-19,656 റേഞ്ചിനെ ഉറ്റുനോക്കാം. 19,197 ലെ താങ്ങ് നഷ്ടപ്പെട്ടാൽ തിരുത്തൽ 19,064 ലേക്ക് നീളാം. 

   സെൻസെക്‌സ് 65,000 ന് മുകളിൽ ഇടം പിടിച്ചു. മുൻവാരത്തിലെ 64,718 ൽ നിന്നും സർവകാല റെക്കോർഡായ 65,898 വരെ മുന്നേറിയ ശേഷം വാരാന്ത്യം 65,280 പോയന്റിലാണ്. കഴിഞ്ഞ വാരം സൂചിപ്പിച്ച 65,370 ലെ ആദ്യ പ്രതിരോധത്തിന് മുകളിൽ ക്ലോസിങിൽ ഇടം പിടിക്കാനാവാഞ്ഞത് അൽപം ദുർബലാവസ്ഥക്ക് ഇടയാക്കാം. 
    ബി.എസ്.ഇയിൽ ആർ.ഐ.എൽ, ടാറ്റാ മോട്ടോഴ്‌സ്, ഐ.റ്റി. സി, ടെക് മഹീന്ദ്ര, വിപ്രോ, റ്റി.സി.എസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.യു.എൽ, മാരുതി ഓഹരി വിലകൾ ഉയർന്നപ്പോൾ  ഇൻഫോസീസ്, ഇൻഡസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, എച്ച്.ഡി. എഫ്.സി ബാങ്ക്, എൽ ആന്റ് റ്റി, എയർടെൽ, എച്ച്.സി.എൽ തുടങ്ങിയവക്ക് തിരിച്ചടി. 
    രൂപക്ക് മൂല്യത്തകർച്ച. ഡോളറിന് മുന്നിൽ രൂപ 82.04 ൽ നിന്നും 82.79 ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 82.74 ലാണ്, 70 പൈസയുടെ ഇടിവ്. രൂപയുടെ ചലനങ്ങൾ വീക്ഷിച്ചാൽ 82.92 ൽ ആദ്യ പ്രതിരോധം. ഇത് തകർന്നാൽ 83.26 വരെ ദുർബലമാകാം. 

Latest News