സോൻഭദ്ര- ഉത്തർപ്രദേശിൽ ദളിത് യുവാവിനെ മർദിക്കുകയും ചെരിപ്പ് നക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട വൈദ്യുതി വകുപ്പിലെ കരാർ ജീവനക്കാരനെ പിരിച്ചുവിട്ടതായി അധികൃതർ പറഞ്ഞു.
മൂന്നു പേർ കൂടി പിടിയിലായതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായതായി ഘോരാവൽ സർക്കിൾ ഓഫീസർ അമിത് കുമാർ പറഞ്ഞു.
താൻ പട്ടികജാതി വിഭാഗത്തിൽ പെട്ടയാണെന്ന് മർദനത്തിനിരയായ രാജേന്ദ്ര ചമർ ജൂലൈ എട്ടിന് പോലീസിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞിരുന്നു.ജൂലൈ ആറിന് വൈദ്യുതി വിതരണം തടസ്സപ്പെട്ട മാമന്റെ വീട്ടിലേക്ക് പോയതായിരുന്നു. തകരാർ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി വകുപ്പിലെ കരാർ ജീവനക്കാരനായ തേജ്ബാലി സിംഗ് പട്ടേൽ അസഭ്യം പറയാൻ തുടങ്ങി. പരാതിക്കാരനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെരിപ്പ് നക്കാൻ നിർബന്ധിക്കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യപ്രതി പട്ടേലിനെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റൽ ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വൈദ്യുതി വകുപ്പ് ജീവനക്കാരൻ പരാതിക്കാരന്റെ ഒരു കൈ വളച്ചൊടിക്കുകയും നിലത്തേക്ക് തള്ളുകയും നെഞ്ചിൽ കയറുകയും അടിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പരാതിക്കാരനെ ചെരിപ്പ് നക്കാൻ ഇയാൾ നിർബന്ധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അജയ് പട്ടേൽ, രവി യാദവ്, വിശ്രം വിശ്വകർമ എന്നിവരാണ് പിന്നീട് അറസ്റ്റിലായ മൂന്ന് പേർ. പ്രതികൾ പരാതിക്കാരനെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഇയാളിൽ നിന്ന് 2200 രൂപ കൈപ്പറ്റുകയും ചെയ്തതായി പോലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികളിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും രണ്ട് മോട്ടോർ സൈക്കിളുകളും 2200 രൂപയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ റിപ്പോർട്ട് ചെയ്ത സംഭവത്തേക്കാൾ ലജ്ജാകരമാണ് സംഭവമെന്ന് സമാജ് വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് പറഞ്ഞു, ബിജെപിയുടെ ഭരണത്തിന് കീഴിൽ ദളിതരെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാവ് സഞ്ജയ് സിംഗ് അവകാശപ്പെട്ടു.
സംഭവത്തെ നിന്ദ്യമായ പ്രവൃത്തിയെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് വികാസ് ശ്രീവാസ്തവ വിശേഷിപ്പിച്ചപ്പോൾ രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) വക്താവ് അങ്കുർ സക്‌സേന ബിജെപി ദളിതുകളെ അപമാനിക്കുകയാണെന്ന് ആരോപിച്ചു.