Sorry, you need to enable JavaScript to visit this website.

തുടർക്കഥയാകുന്ന രാഷ്ട്രീയ അട്ടിമറികൾ

അതീവ രഹസ്യവും നാടകീയവുമായ നീക്കത്തിലൂടെ മഹാരാഷ്ട്രയിൽ എൻ.സി.പിയെ പിളർത്തി പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാർ ബി.ജെ.പിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം എട്ട് എം.എൽ.എമാർക്കും മന്ത്രിസഭയിൽ ഇടം കിട്ടുകയും ചെയ്തു. ഭൂരിപക്ഷം എം.എൽ.എമാരുടെയും പിന്തുണ അജിത് പവാർ ഉറപ്പിച്ചതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനെന്ന് വിശേഷിപ്പിക്കപ്പെടുന്ന എൻ.സി.പി സ്ഥാപകൻ ശരത് പവാർ അട്ടിമറി രാഷ്ട്രീയത്തിന്റെ ഇരയായി മാറിയിരിക്കുകയാണ്. അജിത് പവാർ ബി.ജെ.പിക്കൊപ്പം പോകുമെന്ന സൂചന നേരത്തെ തന്നെയുണ്ടായിരുന്നെങ്കിലും പാർട്ടിയെ നെടുകെ പിളർത്തിക്കൊണ്ടായിരിക്കും അജിത്തിന്റെ പോക്കെന്ന് ശരത് പവാറോ അദ്ദേഹത്തിന്റെ വിശ്വസ്തരോ കരുതിയില്ല.


ഇവിടെ പ്ലേമേക്കർ അജിത് പവാറല്ല, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അദ്ദേഹത്തിന്റെ ടീമും  നടത്തിയ മാസ്റ്റർ ഓപറേഷനാണിത്. പൊതു തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പി ഇതേ ഓപറേഷൻ ഇനിയും നടപ്പാക്കിയേക്കും. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നുകൊണ്ട് ബി.ജെ.പി സർക്കാരിനെ താഴെയിറക്കുമെന്ന് യോഗം കൂടി പ്രഖ്യാപിച്ച് വായ മൂടുന്നതിന് മുൻപാണ് പ്രതിക്ഷത്തെ ശക്തരായ എൻ.സി.പിയെ അജിത് പവാറിനെ മുൻനിർത്തി അമിത് ഷായും കൂട്ടരും പിളർത്തിയിരിക്കുന്നത്. ശിവസേനയെ പിളർത്തി ഏകനാഥ് ഷിൻഡെയുമായി ചേർന്ന് മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ രൂപീകരിച്ചതിന്റെ ഒന്നാം വാർഷികം കഴിഞ്ഞ് രണ്ടാം ദിവസമാണ് എൻ.സി.പിയെ പിളർത്തിയത്. 


ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാക്കളിൽ പലരും ഇപ്പോൾ സ്വന്തം പാർട്ടിയെ സുരക്ഷിതമാക്കാനുള്ള തിരക്കിലാണ്. സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകാതെ സംരക്ഷിക്കുകയെന്നതാണ് പ്രതിപക്ഷത്തെ വിവിധ കക്ഷി നേതാക്കളുടെ ഇപ്പോഴത്തെ വലിയ വെല്ലുവിളി. എൻ.സി.പിയിലെ പിളർപ്പ് പ്രതിപക്ഷ സഖ്യത്തിന്റെ ആത്മവിശ്വാസത്തിന് പോറലേൽപ്പിച്ചിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. സ്വന്തം പാർട്ടിയിൽ ഒറ്റുകാരുണ്ടോയെന്ന് തിരയുന്ന തിരക്കിലാണ് പ്രതിപക്ഷ നേതാക്കളിൽ പലരും. മഹാരാഷ്ട്രയിൽ എൻ.സി.പിയെ പിളർത്തിയ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം ബിഹാറിലെ നിതീഷ് കുമാറിന്റെ ജെ.ഡി.യു ആണെന്നാണ് ദേശീയ രാഷ്ട്രീയത്തിൽ പടരുന്ന അഭ്യൂഹം. ഈ സാധ്യത തള്ളിക്കളയാനാകില്ലെന്ന് രഹസ്യമായെങ്കിലും പ്രതിപക്ഷ പാർട്ടികൾ സമ്മതിക്കുന്നുണ്ട്. ബിഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ പ്രവർത്തനങ്ങളോട് വിയോജിപ്പുള്ള ജെ.ഡി.യു നേതാക്കളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ബിഹാറിലെ രാഷ്ട്രീയ വർത്തമാനം. അതുകൊണ്ട് തന്നെ ഒരു സർജിക്കൽ ഓപറേഷന് വേണ്ടി കഴുകൻമാരെപ്പോലെ ബി.ജെ.പി ഇവിടെ ഊഴം കാത്തിരിക്കുകയാണ്. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന രാഷ്ട്രീയ സ്ഥിതിയാണ് ബിഹാറിലുള്ളത്. മഹാരാഷ്ട്രയിലെ എൻ.സി.പിയുടെ പിളർപ്പ് ജെ.ഡി.യുവിലെ നിതീഷ് കുമാർ വിരുദ്ധർക്ക് ആവേശം വിതറിയിട്ടുണ്ടാകാം. 


അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളായിരുന്നു മഹാരാഷ്ട്രയും ബിഹാറും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉറച്ച സീറ്റുകൾക്കൊപ്പം ചേർത്ത് ഇവിടെ നേടുന്ന സീറ്റുകളുടെ പിൻബലത്തിൽ അധികാരത്തിലെത്താൻ കഴിയുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. ബിഹാറിലെ ജെ.ഡി.യു - ആർ.ജെ.ഡി - കോൺഗ്രസ് സഖ്യം പൊളിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞാൽ പ്രതിപക്ഷ സഖ്യത്തിന്റെ സ്വപ്നം മലർപൊടിക്കാരന്റെ സ്വപ്നം പോലെയാകും. ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യപിക്കുമ്പോഴും പ്രതിപക്ഷത്തെ ശക്തരെ പോലും പിളർത്താൻ ബി. ജെ.പിക്ക് എങ്ങനെ സാധിക്കുന്നുവെന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. ബി.ജെ.പി നേതൃത്വത്തിന്റെ രാഷ്ട്രീയ കൗശലം മാത്രമല്ല അതിന് കാരണം, ആദർശം വെടിഞ്ഞും സ്വന്തം രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുകയാണ് മറുകണ്ടം ചാടുന്നവരുടെ പ്രധാന ലക്ഷ്യം. ഭൂതകാല രാഷ്ട്രീയ ചരിത്രം നോക്കിയാൽ അധികാര രാഷ്ട്രീയം തലക്ക്  പിടിച്ച നേതാക്കളുടെ നീണ്ട നിര തന്നെ കാണാം. ആദർശത്തെ ബലി കഴിച്ച് അധികാരത്തെ പുണരുകയെന്നതാണ് ഇവരിൽ പലരുടെയും രാഷ്ട്രീയ സിദ്ധാന്തം. അവസരം കിട്ടുമ്പോഴെല്ലാം അധികാരത്തിനായി ഇവർ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇ.ഡിയെ കാണിച്ച് കേന്ദ്ര സർക്കാരിന്റെ പേടിപ്പിക്കൽ കൂടിയാകുമ്പോൾ എല്ലാം ബി.ജെ.പി നേതൃത്വം ആഗ്രഹിച്ചതു പോലെ നടക്കും. അതു തന്നെയാണ് ഇപ്പോൾ മഹാരാഷ്ട്രയിലും നേരത്തെ മറ്റു പല സംസ്ഥാനങ്ങളിലും സംഭവിച്ചത്. ഒരു പക്ഷേ ഇനി പലയിടത്തും സംഭവിക്കാനിരിക്കുന്നതും.


രാഷ്ട്രീയത്തിലെ ഈ അധികാര മോഹികൾ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ മാത്രമല്ല,  ഇന്ത്യൻ ജനാധിപത്യത്തെ കൂടിയാണ് നോക്കു കുത്തിയാക്കുന്നത്. ഓരോ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോഴും ഒറ്റപ്പെട്ട കാലുമാറ്റങ്ങളും കൂറുമാറ്റങ്ങളുമെല്ലാം ഇന്ത്യൻ രാഷട്രീയത്തിൽ നേരത്തെ തന്നെ പതിവാണ്. എന്നാൽ ബി.ജെ.പി അധികാരത്തിൽ എത്തിയതോടെയാണ് രാഷ്ട്രീയ അട്ടിമറികൾ തുടർക്കഥയായത്. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തി ആരെയും വലയിലാക്കാമെന്ന ബ്ലാക്ക്‌മെയിൽ പൊളിറ്റിക്‌സ് ബി.ജെ.പി പ്രയോഗിക്കുമ്പോൾ ഉന്നതരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാക്കൾ പോലും അതിൽ വീണു പോകുകയാണ്. അഴിമതികളുടെയും അനധികൃത പണസമ്പാദനത്തിന്റെയും മായാത്ത കറകൾ ഈ നേതാക്കളുടെ രാഷ്ട്രീയക്കുപ്പായത്തിൽ ഉണ്ടെന്നതുകൊണ്ടാണ് അവരെല്ലാം ഈ പേടിപ്പിക്കലിൽ വീണു പോകുന്നത്. 
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ദിനങ്ങൾ അടുക്കുന്തോറും ഇനിയും ഒരുപാട് രാഷ്ട്രീയ പൊറാട്ട് നടകങ്ങൾക്ക് ഇന്ത്യൻ രാഷ്ട്രീയം വേദിയാകുമെന്ന കാര്യത്തിൽ സംശയമില്ല. ആരെയൊക്കെ വീഴ്ത്തണമെന്നും ആരെയൊക്കെ വാഴ്ത്തണമെന്നും ബി.ജെ.പി നേതൃത്വം നേരത്തെ തന്നെ തീരുമാനമെടുത്തു കഴിഞ്ഞിട്ടുണ്ട്. ഹൈജാക്കിംഗിനുള്ള അവരുടെ രാഷ്ട്രീയ മെഷിനറികൾ അതിനു വേണ്ടി നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ജനാധിപത്യമെന്ന മഹത്തായ സങ്കൽപത്തിന്റെ അടിത്തറയാണ് ഇത്തരം രാഷ്ട്രീയ നാടകങ്ങളിലൂടെ ബി.ജെ.പി മാന്തിക്കൊണ്ടിരിക്കുന്നത്. അതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാതെ ഇയ്യാംപാറ്റകളെ പോലെ എരിതീയിലേക്ക് എടുത്തു ചാടുകയാണ് അധികാര മോഹികൾ.
 

Latest News