ഏക സിവിൽ കോഡിനു വേണ്ടി സി.പി.എം നിയമസഭക്കകത്ത് നടത്തിയ പോരാട്ടത്തിന് 38 വയസ്സ് തികയുമ്പോഴാണ് മന്ത്രിയുടെ വെല്ലുവിളിയും സി.പി.എമ്മിന്റെ ഏക സിവിൽ കോഡ് വാദവും അരങ്ങ് തകർക്കുന്നത്. 1985 ജൂലൈ 9 ന് ഏക സിവിൽ കോഡിനായി നിയമസഭയിൽ സി.പി.എം പൊരിഞ്ഞ പോരാട്ടം നടത്തിയതിന്റെ രേഖകൾ പുറത്തെത്തിച്ച് കോൺഗ്രസുകാർ ഇപ്പോൾ ആഘോഷിക്കുന്നുണ്ട്.
ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതീക്ഷിക്കാത്തതൊന്നും സംഭവിച്ചിട്ടില്ല. സി.പി.എം സെമിനാറിൽ മുസ്‌ലിം ലീഗ് ഇതാ ഇങ്ങ് എത്തിപ്പോയി എന്ന പ്രചാരണമൊക്കെ ഇരുട്ടി വെളുക്കുമ്പോഴേക്ക് ഇല്ലാതായിപ്പോയി. അത് സ്വാഭാവികം. ലീഗ് പങ്കെടുക്കാത്തത് സി.പി.എമ്മിന് തിരിച്ചടിയാണെങ്കിലും അതൊന്നും ക്ഷീണമായി കാണുന്ന അവസ്ഥയിലല്ല ഇന്ന് സി.പി.എം എന്ന പാർട്ടി. ആകെ മുങ്ങിക്കിടക്കുന്നവർക്ക് എന്ത് ശീതം! ആയൊലൊരു തെങ്ങ് പോയാലൊരു പൊങ്ങ് ( മൂപ്പെത്തിയ നാളികേരത്തിനുള്ളിൽ കാണുന്ന മുളച്ച അവസ്ഥ- തെങ്ങിൻ കുഞ്ഞ്) എന്ന മാനസികാവസ്ഥയിൽ തന്നെയായിരുന്നു സി.പി.എം ലീഗിനെ വിളിച്ചുനോക്കിയത്. കിട്ടിയാൽ കൊണ്ടു പോയി പാർട്ടി പറമ്പിൽ നട്ടു നോക്കാം. ഒത്തില്ലെങ്കിൽ നാളികേരം പൊളിച്ച് കോക്കനട്ട് ആപ്പിൾ എന്നും പേരുള്ള ഇനം തിന്നാം. ലീഗിലും യു.ഡി.എഫിലും ഈ വിഷയം ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നും ഭാവിയിൽ ഗുണമാകുമെന്നുമുള്ള സ്വപ്‌നത്തിലും പ്രതീക്ഷയിലുമാണ് സി.പി.എം ഇപ്പോൾ- സ്വപ്നത്തിനും പ്രതീക്ഷക്കും ചെലവൊന്നു മില്ലല്ലോ. സമസ്ത സി.പി.എം സെമിനാറിൽ എത്തുന്നതും സമസ്തയും ലീഗും തമ്മിൽ തെറ്റുന്നതുമാണ് അടുത്ത സ്വപ്നം- ആഗ്രഹങ്ങൾ കുതിരകളായെങ്കിൽ എല്ലാ നിസ്വന്മാരും എല്ലാ കാലത്തും കുതിരപ്പുത്ത് തന്നെ സഞ്ചരിക്കുമായിരുന്നു. അല്ല, അവർ കുതിരപ്പുറത്ത് നിന്ന് ഒരിക്കലും ഇറങ്ങില്ലായിരുന്നു. ഉറപ്പായും അരയന്നത്തിന്റെ തലയിൽ വെച്ച വെണ്ണ ഉരുകി കണ്ണിലേക്ക് വീണ് അത് കണ്ണ് കാണാത്ത അവസ്ഥയിലായാൽ പമ്മി പമ്മി മുന്നിലെത്തി ഒരൊറ്റ പിടി പിടിക്കാമായിരുന്നു- ഇതാ ലീഗ് അരയന്നം കൈയിൽ. എങ്ങനെയുണ്ട് പാർട്ടി തന്ത്രം- ഉഷാർ, ഉഷാർ എന്ന ആർപ്പുവിളി പാർട്ടി ഉപശാലകളിൽ നിന്ന് മുഴങ്ങിക്കേൾക്കാം. അതാണല്ലോ അന്ന് ഈ അധ്യായത്തിന്റെ ആദ്യത്തിൽ കണ്ടോ, കണ്ടോ ഞാനന്നേ പറഞ്ഞില്ലേ എന്ന് സി.പി.എം സഹയാത്രികൻ ഡോ. കെ.ടി. ജലീൽ ആവേശ ഭരിതനായത്.
തങ്ങളില്ലെന്ന് പറഞ്ഞിട്ടും സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ക്ഷണം നിർത്തിയിട്ടൊന്നുമില്ല. അദ്ദേഹം ലീഗിനെ ക്ഷണിച്ചു കൊണ്ടേയിരിക്കുന്നു- കദളിവായ കൈയിലിരുന്ന് വിരുന്നു വിളിക്കുന്ന ആ പഴയ കാക്ക ഇപ്പോഴും വിളിതുടരുന്നതുപോെല ... വിരുന്നുകാരാ... വിരുന്നു കാരാ വിരുന്നു കാരാ.. വന്നാട്ടെ.
ഫാസിസത്തിലേക്കുള്ള യാത്ര തടയാനാണ് സി.പി.എമ്മിന്റെ ശ്രമം. വർഗീയ കക്ഷികളൊഴിച്ചുള്ളവരുടെ കൂട്ടായ്മയാണ് ലക്ഷ്യം. ഏക സിവിൽ കോഡിനെതിരെ പാർട്ടി സെമിനാറുകൾ നടത്തും. മുസ്‌ലിം സമുദായത്തിൽ ഏക സിവിൽ കോഡിനെതിരെ ഒറ്റമനസ്സാണ്. അത് ഹിന്ദുത്വയ്‌ക്കെതിരാണ്. വിശാല ഐക്യപ്രസ്ഥാനം രൂപപ്പെടണം എന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. ലീഗിന് അവരുടെ ന്യായമുണ്ടാകും. എന്നുവെച്ച് സി.പി.എം അതിന്റെ ശ്രമം ഉപേക്ഷിക്കില്ല. ലീഗിനെ ആവർത്തിച്ചു ക്ഷണിക്കുന്ന ഗോവിന്ദൻ മാസ്റ്റർ തന്റെ നിലപാടിനെ ന്യായീകരിക്കുന്നങ്ങനെയാണ്- മുങ്ങിയ സ്ഥിതിക്ക് കുളിച്ചു കയറാൻ നോക്കുന്നത് തന്നെ ബുദ്ധി.
ഇംഗ്ലണ്ടിലെ ക്രിസ്ത്യൻ പള്ളി വിറ്റുവെന്ന തന്റെ വാദത്തിൽ മാസ്റ്റർ ഉറച്ചു നിൽക്കുകയാണ്. നേരിട്ട് കണ്ടതാണ്, പിന്നെന്തിന് അവിശ്വസിക്കണം? എം.വി. ഗോവിന്ദന്റെ പരാമർശത്തിനെതിരെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ ഉൾപ്പെടെ പ്രമേയം പാസാക്കിയിരുന്നു. അതൊന്നും സി.പി.എം സെക്രട്ടറി കാര്യമാക്കുന്നേയില്ല. എന്ത് പാസ്റ്ററൽ, ഏത് പാസ്റ്ററൽ?
സി.പി.എം ഇപ്പോൾ കാര്യമായെടുക്കുന്ന കാര്യം കേരളത്തിലെ ഏറ്റവും വലിയ മതന്യൂനപക്ഷ സംഘടനകളിലൊന്നായ ലീഗിനെ കൂടെ നിർത്താൻ കഴിയുമോ എന്നതു മാത്രം. ക്രിസ്ത്യാനികളുടെ മുഖ്യ പാർട്ടിയായ കേരള കോൺഗ്രസ് കക്ഷത്തുള്ളപ്പോൾ ഇതൊക്കെ (പാസ്റ്ററൽ കൗൺസിൽ) എന്തിന് കാര്യമാക്കണം. ഇംഗ്ലണ്ടിൽ പോയപ്പോൾ മാസ്റ്ററെ കൂട്ടിക്കൊണ്ടു പോയി പൂട്ടിയ ക്രിസത്യൻ പള്ളി കാണിച്ചു കൊടുത്ത പാർട്ടി ക്കാരുടെ ബുദ്ധി സമ്മതിക്കണം. എന്തായാലും കാറൽ മാർക്‌സ് തന്റെ 64 ാമത്തെ വയസ്സിൽ മരിച്ചു പിരിഞ്ഞ നാടല്ലേ.
ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്‌ലിം ലീഗ് കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി. ശിവൻ കുട്ടിയും ആവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിന് ഈ വിഷയത്തിൽ ഇപ്പോഴും അഴകൊഴമ്പൻ നിലപാടാണെന്നാണ് മന്ത്രി ശിവൻ കുട്ടി പറയുന്നത്. മുസ്ലിം ലീഗ് ജനാധിപത്യ പാർട്ടിയാണെന്ന പ്രശംസയും ശിവൻ കുട്ടിയുടെ വക പ്രത്യേക ഗിഫ്റ്റ്. അതിനാലാണ് ലീഗിനെ ക്ഷണിച്ചത്. കോൺഗ്രസിന് ഉറച്ച നിലപാടില്ല. ഇ.എം.എസിന്റെ നയങ്ങളിൽ നിന്ന് സി.പി.എം വ്യതിചലിച്ചുവെന്ന കോൺഗ്രസ് ആരോപണം തെറ്റാണ്. അങ്ങനെ പറയുന്നവർ രേഖകൾ പരിശോധിക്കണമെന്നും മന്ത്രി ശിവൻകുട്ടി വെല്ലുവിളിക്കുന്നുണ്ട്. ഏക സിവിൽ കോഡിനു വേണ്ടി സി.പി.എം നിയമസഭക്കകത്ത് നടത്തിയ പോരാട്ടത്തിന് 38 വയസ്സ് തികയുമ്പോഴാണ് മന്ത്രിയുടെ വെല്ലുവിളിയും സി.പി.എമ്മിന്റെ ഏക സിവിൽ കോഡ് വാദവും അരങ്ങ് തകർക്കുന്നത്. 1985 ജൂലൈ 9 ന് ഏക സിവിൽ കോഡിനായി നിയമസഭയിൽ സി.പി.എം പൊരിഞ്ഞ പോരാട്ടം നടത്തിയതിന്റെ രേഖകൾ പുറത്തെത്തിച്ച് കോൺഗ്രസുകാർ ഇപ്പോൾ ആഘോഷിക്കുന്നുണ്ട്. അന്ന് ഏക സിവിൽ കോഡിനായി നിയമസഭയിൽ ചോദ്യമുന്നയിച്ചവരിൽ പല നേതാക്കളും ഇന്നും ജീവിച്ചിരിപ്പുണ്ട്. ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ പറയുന്ന ഏക സിവിൽ നിയമം നടപ്പാക്കുന്നതിനെ കുറിച്ചായിരുന്നു അന്നത്തെ ചോദ്യങ്ങളെല്ലാം. ഏക വ്യക്തിനിയമം വേണ്ടെന്നാണ് കോൺഗ്രസ് നിലപാടെന്ന് മുഖ്യമന്ത്രി കെ. കരുണാകരന്റെ അഭാവത്തിൽ (കരുണാകർ ഒളിച്ചോടി എന്നായിരുന്നു അന്നത്തെ പാർട്ടി ഭാഷ്യം) മന്ത്രിയായിരുന്ന എം.പി ഗംഗാധരൻ മറുപടി പറഞ്ഞപ്പോൾ സി.പി.എം അംഗങ്ങൾ സഭയിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഏക സിവിൽ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ അഭിപ്രായ രൂപീകരണത്തിനായി സാംസ്‌കാരിക വകുപ്പിന് കീഴിൽ സെക്കുലർ ഉദ്യോഗസ്ഥനെ നിയമിക്കാമോ? എന്നായിരുന്നു സി.പി.എമ്മിലെ ബുദ്ധിജീവി ഗണത്തിൽപെട്ട വി.ജെ. തങ്കപ്പന്റെ ചോദ്യം. ചർച്ചയിൽ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് ഇ.കെ. നായനാരും വ്യക്തി നിയമത്തിനായി ശക്തിയുക്തം വാദിച്ചു നിന്നത് ചരിത്രം.
കാര്യങ്ങൾ ഏറ്റവും പുതിയ അവസ്ഥയിലെത്തുന്നതിന് മുമ്പ് തന്നെ മുസ്‌ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി കാര്യങ്ങൾ ചേർച്ച മൂർച്ചയോടെ തുറന്നു പറഞ്ഞിരുന്നു. ഭരണ പരാജയം മറച്ചു വെക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതു പോലുള്ള തന്ത്രങ്ങളൊക്കെ കേന്ദ്രത്തിൽ പയറ്റുന്നത്. അത് തന്നെയാണ് കേരളത്തിൽ ന്യൂനപക്ഷ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ഭരണ പരാജയത്തിന്റെ ആഴങ്ങളിലെത്തുകയും ചെയ്ത സി.പി.എമ്മും ചെയ്യുന്നത്. ഇതൊക്കെ മറക്കാനുള്ള സി.പി.എമ്മിന്റെ വേലയാണ് സെമിനാർ എന്നാണ് ഇ.ടി ആഞ്ഞടിച്ചത്. വേല കൈയിലിരിക്കട്ടെ എന്ന വാക്യം ഇതു കേട്ടാൽ ഉടൻ ഓർമയിലെത്തും- രാഷ്ട്രീയം പറയേണ്ടത് ഇതുപോലെയാണ്. തിളച്ച എണ്ണ പോലെയിരിക്കണം നിലപാട്. അതിലേക്ക് വീഴുന്ന എതിർവാദങ്ങൾ കരിഞ്ഞു പോകണം. അതല്ലാതെ ഉപ്പിടാതെ പുഴുങ്ങിയ കുമ്പളങ്ങ പോലെയാകരുത്.






