Sorry, you need to enable JavaScript to visit this website.

ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി, വാക്കുകള്‍ നിയന്ത്രിക്കാന്‍ ഷാജനെ ഉപദേശിക്കണം

ന്യൂദല്‍ഹി - അപകീര്‍ത്തിക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി.  കേസ് എസി- എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണ് ഷാജന്‍ സ്‌കറിയ നടത്തിയതെന്ന വാദം സുപ്രീം കോടതി ശരിവച്ചു. എന്നാല്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. ഷാജന്‍ സ്‌കറിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപക്ഷയിലാണ് സുപ്രീം കോടതി വിധി.

മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കുകള്‍ നിയന്ത്രിക്കാന്‍ ഷാജന്‍ സ്‌കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട്  ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെയാണ് ഷാജന്‍ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. വ്യാജവാര്‍ത്ത നല്‍കി വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് ഷാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Latest News