വാരാണസി (ഉത്തര്‍പ്രദേശ്) - തക്കാളിക്കള്ളന്‍മാരെ പേടിച്ച് പച്ചക്കറി കടയ്ക്ക് സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി പച്ചക്കറി വ്യാപാരി. വാരാണസിയിലെ കടയുടമ അജയ് ഫൗജിയാണ് തന്റെ കടയ്ക്ക് സംരക്ഷണത്തിനായി സുരക്ഷാ ജീവനക്കാരെ രംഗത്തിറക്കിയിരിക്കുന്നത്. കുത്തനെയുള്ള വില വര്‍ധന കാരണം സ്വര്‍ണ്ണം പോലെ സൂക്ഷിക്കേണ്ട സ്ഥിതിയിലാണ് തക്കാളി. നിലവില്‍ 160 രൂപയാണ് ഒരു കിലോഗ്രാം തക്കാളിയ്ക്ക് വാരാണസിയിലെ വില. തന്റെ കടയില്‍ നിന്ന് തക്കാളി കൊള്ളയടിക്കുന്നത് ഒഴിവാക്കാനാണ് സുരക്ഷയ്ക്കായി ആളുകളെ നിയോഗിച്ചതെന്ന് കടയുടമ അജയ് ഫൗജി പറഞ്ഞു. സാധനം വാങ്ങാന്‍ വരുന്നവരെ തക്കാളിയുടെ അടുത്തേക്ക് എത്താന്‍ സുരക്ഷാ ജീവനക്കാര്‍ അനുവദിക്കില്ല. കര്‍ണ്ണാടകത്തിലെ ഹാസന്‍ ജില്ലയിലെ ഗോണി സോമനഹള്ളി ഗ്രാമത്തില്‍ മൂന്നുലക്ഷം രൂപയുടെ 90 പെട്ടി തക്കാളി കഴിഞ്ഞ ദിവസം കൊള്ളയടിക്കപ്പെട്ടിരുന്നു.