കോഴിക്കോട് വി.എഫ്.എസ് കേന്ദ്രത്തില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി; പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

കോഴിക്കോട്- സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കോഴിക്കോട്ട് ആരംഭിച്ച വി.എഫ്.എസ് കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവരില്‍നിന്ന്  അപേക്ഷ ഇന്ന് മുതല്‍ സ്വീകരിച്ചു തുടങ്ങി. ഈ ആഴ്ച പരിമിതമായ ഓണ്‍ലൈന്‍ ബുക്കിംഗുകളാണ് നല്‍കിയിട്ടുള്ളത്.  കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ ആയ ശേഷം അപേക്ഷ സ്വീകരിക്കുന്നതിന്റെ  എണ്ണം വര്‍ധിപ്പിക്കും. ഇതുവരെ കൊച്ചിയില്‍ മാത്രമാണ് കേരളത്തില്‍ വി.എഫ്.എസ് കേന്ദ്രമുണ്ടായിരുന്നത്. വിസിറ്റ് വിസ അടക്കമുള്ള വിസകള്‍ക്കായി അപേക്ഷിക്കുന്നവര്‍ കൊച്ചിയില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണമായിരുന്നു. കോഴിക്കോട്ട് കേന്ദ്രം വന്നതോടെ ഈ യാത്ര ഒഴിവായി.
കോഴിക്കോട് മിനി ബൈപ്പാസ് റോഡിലെ സെന്‍ട്രല്‍ ആര്‍ക്കേഡിലാണ് വി.എഫ്.എസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മുംബൈ കോണ്‍സുലേറ്റിന്റെ കീഴിലാണ് കോഴിക്കോട്,കൊച്ചി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് വഴിയുള്ള ഓണ്‍ലൈന്‍  ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വിസയില്‍ പേരുള്ളവര്‍ക്ക് മാത്രമേ വി എഫ് എസ് സെന്ററിലേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. കൈകുഞ്ഞുണ്ടെങ്കില്‍ ഒരാള്‍ക്ക് കൂടി അകത്തേക്ക് കടക്കാം.
വിസിറ്റ് വിസക്കുള്ള അപേക്ഷയാണെങ്കില്‍ സൗദിയിലെ വിസ ദാതാവിന്റെ, അതായത് വിസ നല്‍കുന്ന ആളുടെ ഇഖാമ കോപ്പി, പാസ്‌പോര്‍ട്ട് കോപ്പി, വിസയില്‍ പേരുള്ളവരുടെ പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, അപ്പോയിന്‍മെന്റ് പ്രിന്റ്, വിസ പ്രിന്റ് എന്നിവ കൂടെക്കരുതണം. പാസ്‌പോര്‍ട്ട സൈസ് ഫോട്ടോ പുതിയ സൈസിലാണ് നല്‍കേണ്ടത്. 2 *2 സൈസില്‍ വൈറ്റ് ബാക്ക് ഗ്രൗണ്ടോട് കൂടിയതാണ് പുതിയ സൈസ്.

 

Latest News