Sorry, you need to enable JavaScript to visit this website.

അമേരിക്കയിലെ അറുപത് അതിസമ്പന്ന  വനിതകളില്‍ രണ്ട് ഇന്ത്യന്‍ വംശജരും 

ഫോബ്‌സ് മാസിക തയാറാക്കിയ അതിസമ്പന്നരായ 60 അമേരിക്കന്‍ വനിതകളുടെ ലിസ്റ്റില്‍ രണ്ട് ഇന്ത്യന്‍ വംശജരും. ടെക്‌നോളജി എക്‌സിക്യൂട്ടീവുകളായ ജയശ്രീ ഉല്ലല്‍, നീരജ് സേത്തി എന്നിവരാണ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചത്. 13 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ജയശ്രീ ലിസ്റ്റില്‍ പതിനെട്ടാമതെത്തിയപ്പോള്‍, ഒരു ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി നീരജ് ഇരുപത്തിയൊന്നാം സ്ഥാനത്താണ്. 21 വയസുള്ള ടിവി റിയാലിറ്റി താരവും വ്യവസായ സംരംഭകയുമായ കെയ്‌ലെ ജെന്നര്‍ ആണ് ലിസ്റ്റിലെ 'ബേബി'. അമേരിക്കന്‍ വനിതകള്‍ പരമ്പരാഗത സങ്കല്‍പങ്ങള്‍ തിരുത്തിക്കുറിച്ചു കൊണ്ട് വ്യവസായ മേഖലയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണെന്നും, ജനറ്റിക്‌സ് പരീക്ഷണം മുതല്‍ എയ്‌റോസ്‌പേസ് മേഖലയില്‍ വരെ കൈവയ്ക്കുന്ന കമ്പനികള്‍ തുടങ്ങാന്‍ അവര്‍ തയാറായിരിക്കുകയാണെന്നും ഫോബ്‌സ് മാസിക വ്യക്തമാക്കി. ലണ്ടനില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന 57 വയസുകാരിയായ ജയശ്രീ, കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് കമ്പനിയായ ആര്‍ട്ടിസ്റ്റ് നെറ്റ് വര്‍ക്‌സിന്റെ സി.ഇ.ഒ യാണ്. 2008 ലാണ് കമ്പനിക്കു തുടക്കമിട്ടത്. 2017 ല്‍ കമ്പനിയുടെ വരുമാനം 1.6 ബില്യണ്‍ ഡോളറായിരുന്നു. കമ്പനിയുടെ അഞ്ചു ശതമാനം ഓഹരി ജയശ്രീക്കു സ്വന്തമാണ്.
ഐ.ടി കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഔട്ടസോഴ്‌സിംഗ് കമ്പനിയായ സിന്റലിന്റെ വൈസ് പ്രസിഡന്റാണ് 63 കാരിയായ നീരജ് സേത്തി. ഭര്‍ത്താവ് ഭാരത് ദേശായിക്കൊപ്പം മിഷിഗണിലെ ട്രോയിയിലുള്ള തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടായിരം ഡോളര്‍ നിക്ഷേപിച്ച് കമ്പനി തുടങ്ങിയത് 1980 ലാണ്. ആദ്യ വര്‍ഷം വെറും മുപ്പതിനായിരം ഡോളറാണ് അവര്‍ക്ക് വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞത്. 2017 ല്‍ അവരുടെ വരുമാനം 924 മില്യണ്‍ ഡോളറായിരുന്നു. 23000 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇതില്‍ 80 ശതമാനവും ഇന്ത്യയിലാണെന്നും ഫോബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News