സി.പി.എം 1985ലേ ഏക സിവില്‍കോഡിന്  വേണ്ടി വാദിച്ചുവെന്ന് നിയമസഭ രേഖ

തിരുവനന്തപുരം- ഏക സിവില്‍കോഡിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാംസ്‌കാരികവകുപ്പില്‍ സെക്കുലര്‍ ഉദ്യോഗസ്ഥനെ നിയോഗിച്ചുകൊണ്ട് പ്രചാരണം സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന നിര്‍ദേശം സി.പി.എം. മുന്നോട്ടുെവച്ചിരുന്നതായി നിയമസഭാരേഖകള്‍.
ഏകസിവില്‍കോഡിനെതിരേ പ്രക്ഷോഭത്തിലുള്ള സി.പി.എം., 38 വര്‍ഷംമുമ്പ് അതിനുവേണ്ടി വാദിച്ചതായാണ് രേഖകളുടെ ഉള്ളടക്കം പറയുന്നത്.
ഏകസിവില്‍കോഡ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ അഭിപ്രായം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് 1985 ജൂലായ് ഒമ്പതിന് നിയമസഭയില്‍ സി.പി.എം. അംഗങ്ങള്‍ ചോദ്യമുന്നയിച്ചിരുന്നു. എം.വി. രാഘവന്‍, കെ.പി. അരവിന്ദാക്ഷന്‍, വി.ജെ. തങ്കപ്പന്‍, കെ.ആര്‍. ഗൗരി, സി.ടി കൃഷ്ണന്‍, ഇ. പത്മനാഭന്‍, ഒ.ഭരതന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, എ.കെ. പത്മനാഭന്‍ എന്നിവരാണ് ചോദ്യമുന്നയിച്ചത്.
മുഖ്യമന്ത്രി കെ. കരുണാകരന്‍ സഭയിലില്ലാതിരുന്നതിനാല്‍ ജലസേചനവകുപ്പുമന്ത്രി എം.പി. ഗംഗാധരനാണ് മറുപടി നല്‍കിയത്. ഏക സിവില്‍കോഡിന് ന്യൂനപക്ഷങ്ങളുടെ ഇടയില്‍ അനുകൂലസാഹചര്യം സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡുകളുടെ അഭിപ്രായം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം.
പുതുതായി ഒന്നും ആലോചനയിലില്ലെന്ന മന്ത്രിയുടെ മറുപടിയില്‍ എം.വി. രാഘവന്‍ തൃപ്തനായില്ല. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്ന് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതായും കേരളത്തിനുമാത്രമായി അത് കിട്ടാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ച അദ്ദേഹം, ഏക സിവില്‍കോഡ് ഇല്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ വിശദീകരിക്കുന്നുണ്ട്. ഏകസിവില്‍കോഡില്‍ മുസ്‌ലിം ലീഗിന്റെ നിലപാടും സി.പി.എം. അംഗങ്ങള്‍ നിയമസഭയില്‍ ചോദ്യംചെയ്യുന്നുണ്ട്. പ്രതിപക്ഷനേതാവ് ഇ.കെ. നായനാരും ഏകസിവില്‍കോഡിന്റെ പ്രാധാന്യം വിശദീകരിക്കുന്നുണ്ട്.

Latest News