ചൈന ലോകജനതയുടെ പ്രതീക്ഷ,  അമേരിക്ക കുഴപ്പത്തില്‍-എം.വി. ഗോവിന്ദന്‍

കോട്ടയം- നിരവധി രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്നങ്ങളിലും നയതന്ത്രപരമായ ഇടപെടല്‍ നടത്തുന്ന ചൈന ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അമേരിക്കന്‍ സാമ്രാജ്യത്വം ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദന്‍.
'സാമ്പത്തിക മേഖലയിലും സൈനിക മേഖലയിലും ലോകത്തെ ഒന്നാം നമ്പര്‍ ശക്തി എന്ന് അഭിമാനിക്കുന്ന അമേരിക്കിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ഒന്നാംകിട ബാങ്കുളാണ് തകര്‍ന്നത്. ഗുരുതരമായ മാന്ദ്യം അമേരിക്കയെ ബാധിച്ചിരിക്കുന്നു. ജനകീയ ചൈന ലോകത്തിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് എണ്ണപ്പെടുന്നത്. ലോകത്തെ അധ്വാനിക്കുന്ന വര്‍ഗത്തിനും ഇടതുപക്ഷ ശക്തികള്‍ക്കും മുന്നോട്ട് പോകാന്‍ അനുകൂലമായ സാര്‍വദേശീയ പശ്ചാത്തലം രൂപപ്പെടുത്തുന്നതില്‍ ദൗത്യം നിര്‍വഹിക്കുന്നില്ല എന്നായിരുന്നു ചൈനയ്ക്കെതിരെ ഉയര്‍ന്നിരുന്ന വിമര്‍ശനം. എന്നാല്‍, അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ കിഴക്കന്‍ ഏഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്നങ്ങളിലും നയതന്ത്രപരമായി ഇടപെട്ട് സൗഹൃദപരമായി മുന്നോട്ട് പോകാനുള്ള നിലപാട് ചൈന കുറച്ചു കാലമായി ഫലപ്രദമായി നിര്‍വഹിച്ചുവരുന്നു. ഇത് ലോകത്തെ ജനങ്ങളെ സംബന്ധിച്ച്, ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നു', എം.വി. ഗോവിന്ദന്‍ പറഞ്ഞു.
'ചൈനയെ വളയാന്‍ എന്താണ് വഴി എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന അമേരിക്ക സഖ്യകക്ഷികളായി ഇന്ത്യ, ജപ്പാന്‍, തെക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളെ ആണ് കാണുന്നത്. ജനകീയ ചൈനയ്ക്കെതിരായി വലിയ കടന്നാക്രമണത്തിന്റെ അമേരിക്കന്‍ സഖ്യശക്തിയായി ഇന്ത്യ മാറുമ്പോള്‍ അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും എന്ന് ചൂണ്ടിക്കാണിക്കുന്നില്ല. എല്ലാ അയല്‍രാജ്യങ്ങളുമായും നല്ല അയല്‍പ്പക്ക ബന്ധം വേണം. എന്നാല്‍, എല്ലാ അയല്‍രാജ്യങ്ങളുമായും സംഘര്‍ഷത്തിലാണെന്ന് മാത്രമല്ല, രാജ്യത്തുതന്നെ സംഘര്‍ഷത്തിലാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

Latest News