പീഡനക്കേസില്‍ വെറുതെ വിട്ടപ്പോള്‍  ലോകകപ്പ് ജയിച്ച പോലെ-ഫ്രാങ്കോ മുളയ്ക്കല്‍

ജലന്ധര്‍- സ്ത്രീ പീഡനക്കേസില്‍ വെറുതെ വിട്ടപ്പോള്‍ ലോകകപ്പ് ജയിച്ച പോലെ തോന്നിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍. ജലന്ധറില്‍ യാത്രയയപ്പിന്റെ ഭാഗമായുള്ള കുര്‍ബാനയ്ക്കിടെയായിരുന്നു ഫ്രാങ്കോയുടെ പരാമര്‍ശം. തനിക്ക് എതിരെ ഉണ്ടായത് കള്ള കേസാണെന്ന് ഫ്രാങ്കോ പറഞ്ഞു.
'ഞാന്‍ ദൈവത്തോടെ ചോദിച്ചു. തെറ്റ് ഒന്നും ചെയ്യാത്ത നീ എന്തിന് ഭയക്കണം എന്ന് ദൈവം പറഞ്ഞു. പ്രാര്‍ത്ഥനയും ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളുടെ പിന്തുണയും കൊണ്ട് എന്നെ വെറുതെ വിട്ടു. വെറുതെ വിട്ടപ്പോള്‍ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയത്. ഇപ്പോള്‍ ജലന്ധറിലെ ദൗത്യം പൂര്‍ത്തിയായി' ഫ്രാങ്കോ പറഞ്ഞു.
ബിഷപ്പ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളക്കലിന് ജലന്ധറിലെ സെന്റ് മേരിസ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചാണ് യാത്രയപ്പ് ചടങ്ങ് നടന്നത്. ചടങ്ങില്‍ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് അഗ്‌നേലോ ഗ്രേഷ്യസ് സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു.യാത്രയയപ്പ് ചടങ്ങ് നടക്കുന്ന സെന്റ് മേരിസ് കത്തീഡ്രലിന് പുറത്ത് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പോലീസിനെയും കലാപ വിരുദ്ധ സേനയേയുമാണ് പ്രദേശത്ത് വിന്യസിച്ചത്. മഴ മൂലം വൈകി ആരംഭിച്ച ചടങ്ങിലേക്ക് എത്തിയ ഫ്രാങ്കോയെ മുദ്രാവാക്യം വിളികളോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്.കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തന്‍ ആയെങ്കിലും വിധിക്കെതിരായ അപ്പീല്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫ്രാങ്കോ മുളക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചത്. വത്തിക്കാന്‍ നിര്‍ദേശപ്രകാരമാണ് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതെന്നാണ് സഭാവൃത്തങ്ങള്‍ വിശദമാക്കിയത്. ജലന്ധര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാന്‍ തീരുമാനിച്ചെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ വിശദീകരിച്ചത്.ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ തന്നെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍.

Latest News