മക്ക - സ്‌പോൺസറുടെയും ഭാര്യയുടെയും ക്രൂരമായ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വേലക്കാരിയെ അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യൻ വംശജയായ പത്തൊമ്പതുകാരിയെ റെഡ് ക്രസന്റ് ആംബുലൻസിലാണ് അൽനൂർ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചത്.
യുവതിയുടെ ശിരസ്സിലും മുതുകിലും കൈകളിലും കാലുകളിലും മർദനമേറ്റതിന്റെ പരിക്കുകളുണ്ട്. യുവതിയുടെ മുഖത്തും നെഞ്ചിലും മറ്റു ശരീര ഭാഗങ്ങളിലും നേരത്തെ പൊള്ളലേറ്റതിന്റെയും പാടുകളുണ്ട്. സ്‌പോൺസറും ഭാര്യയും ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി മൊഴി നൽകി. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിച്ചു. പീഡന സംരക്ഷണ കമ്മിറ്റി യുവതിയുടെ മൊഴികളെടുത്തിട്ടുണ്ട്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വേലക്കാരിയുടെ കേസിൽ സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക കർമ സമിതിക്ക് രൂപംനൽകിയിട്ടുണ്ട്.