സുഡാനില്‍ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു

ഖാര്‍ത്തൂം- ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍  വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് മാസത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും ദുരിതം വിതച്ച  വ്യോമാക്രമണങ്ങളിലൊന്നാണിതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. തലസ്ഥാന നഗരമായ ഖാര്‍ത്തൂമിന്റെ സമീപപ്രദേശമായ ഒംദുര്‍മാനിലെ ദാറുസ്സലാം പരിസരത്താണ് ആക്രമണം നടന്നതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മൃതദേഹങ്ങള്‍ ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞ നിലയില്‍ നിലത്ത് കിടക്കുന്നതും ആളുകള്‍ മരിച്ചവരെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതായും പരിക്കേറ്റവരെ സഹായിക്കുന്നതും മന്ത്രാലയം പുറത്തുവിട്ട വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. കഴിഞ്ഞ മാസം ഖാര്‍ത്തൂമില്‍ നടന്ന വ്യോമാക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 17 പേരാണ് കൊല്ലപ്പെട്ടത്. 

ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്‍ അധ്യക്ഷനായ സൈന്യവും ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയുടെ നേതൃത്വത്തിലുളള അര്‍ധ സൈനിക സേനയും തമ്മിലുള്ള സംഘര്‍ഷം ഏപ്രില്‍ പകുതിയോടെയാണ് ആഭ്യന്ത രകലാപമായി മാറിയത്. ഏറ്റുമുട്ടലില്‍ മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രി ഹൈതം മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. ഒരു ടെലിവിഷന്‍ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

യു. എന്‍ കണക്കുകള്‍ പ്രകാരം 2.9 ദശലക്ഷത്തിലധികം ആളുകള്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് സുഡാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്കോ അയല്‍ രാജ്യങ്ങളിലേക്കോ പലായനം ചെയ്തിട്ടുണ്ട്. 

സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുന്നതുള്‍പ്പെടെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഖാര്‍ത്തൂമിലും പടിഞ്ഞാറന്‍ ദാര്‍ഫൂര്‍ മേഖലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യു. എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ലൈംഗിക അതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെട്ടു.

സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 4,400 ലൈംഗിക അതിക്രമ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സേവ് ദി ചില്‍ഡ്രന്‍ ചാരിറ്റി പറയുന്നത്. സുഡാനിലെ സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തുന്നതിനുള്ള ഉപകരണമായി ലൈംഗിക അതിക്രമങ്ങള്‍ ഉപയോഗിക്കുന്നത് തുടരുന്നുവെന്ന് സുഡാനിലെ സേവ് ദി ചില്‍ഡ്രന്‍ ഡയറക്ടര്‍ ആരിഫ് നൂര്‍ പറഞ്ഞു. 

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ നിരീക്ഷിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സുഡാനീസ് യൂണിറ്റ് ഫോര്‍ കോംബാറ്റിംഗ് വയലന്‍സ് എഗെയിന്‍ നിലവിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് 88 ബലാത്സംഗ കേസുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്.

Latest News