Sorry, you need to enable JavaScript to visit this website.
Saturday , April   01, 2023
Saturday , April   01, 2023

താജ്മഹലിന്റെ സംരക്ഷണം  ഇന്ത്യയുടെ ബാധ്യത

ഭാരതീയ സംസ്‌കാരത്തെയും ചരിത്ര സ്മാരകങ്ങളെയും കുറിച്ച് നമ്മൾ അഭിമാനം കൊള്ളുകയും ഘോരഘോരം പ്രസംഗങ്ങൾ നടത്തുകയും ചെയ്യുമ്പോൾ അവ സംരക്ഷിക്കപ്പെടേണ്ടതിനെ പറ്റി എന്തുകൊണ്ട് ബോധവാന്മാരാകുന്നില്ല എന്നതുകൊണ്ടായിരിക്കാം ലോകത്തിലെ സപ്താൽഭുതങ്ങളിലൊന്നായ താജ്മഹലിനെക്കുറിച്ച് സുപ്രീം കോടതിയുടെ നിർദേശം വന്നത്. 400 വർഷത്തേക്ക് താജ്മഹൽ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് നിർദേശങ്ങൾ കൊടുക്കുകയായിരുന്നു നീതിപീഠം.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഹരജി പരിഗണിച്ചുകൊണ്ടാണെങ്കിലും ഇത് നടപ്പാക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അടുത്ത കാലത്ത് താജ്മഹലിനെ വർഗീയവൽകരിക്കാൻ ശ്രമിച്ച തൽപര കക്ഷികൾ അറിയുന്നില്ല അത് നമ്മുടെ സംസ്‌കാരത്തെയാണ് തകർക്കുന്നതെന്ന്. ഈ ചരിത്ര സ്മാരകം അറിയപ്പെടുന്നത് മുംതാസിന്റെ ഓർമയ്ക്ക് ഷാജഹാന്റെ പ്രണയ സ്മാരകമായാണെങ്കിലും കാലങ്ങൾക്കു മുൻപുള്ള അതിന്റെ നിർമിതിയും മനോഹാരിതയും വരുംതലമുറയ്ക്കും ആസ്വദിക്കാവുന്ന തരത്തിൽ നിലനിർത്തേണ്ടത് ശരിക്കും നമ്മുടെ കടമയാണ്. ഇവിടെ മുംതാസിനെയോ ഷാജഹാനെയോ ചരിത്രം മറക്കുന്നില്ലെങ്കിലും സ്മാരകത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ നമ്മൾ മറന്നിട്ടുണ്ട്. കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർ തുള്ളിയെന്നാണ് ടാഗോർ ഇതിനെ വിശേഷിപ്പിച്ചത്. ഷാജഹാൻ എന്ന ചക്രവർത്തിക്കും മുംതാസ് എന്ന പ്രിയ പത്‌നിക്കുമപ്പുറം ഓർക്കപ്പെടേണ്ടത് അതിന്റെ ശിൽപികളെയല്ലേ എന്നൊരു ചോദ്യവും ഇതിന് പിന്നിലുണ്ട്. ഉസ്താദ് അഹമ്മദ് ലഹൗരിയും ഉസ്താദ് എൽസയും നമ്മുടെ മനസ്സിൽ ഇടം നേടിയില്ലെന്നതാണ് ചരിത്ര സത്യം. താജ്മഹലിന് പിന്നിലെ ഊഷ്മള പ്രണയത്തെ മാത്രമേ നമുക്ക് ആ സ്മാരകത്തിൽ കാണാൻ കഴിയൂ. ഇത് പോലൊരു സ്മാരകം പണിയരുതെന്ന സ്വാർത്ഥ ചിന്തയുടെ ബാക്കിപത്രമായ ശിൽപിയുടെ കൈവിരലുകൾ അറുത്ത, ചരിത്രം മാപ്പുകൊടുക്കാത്ത ഒരു സത്യവും ഇതിന് പിന്നിലുണ്ടെന്ന് കേൾക്കുന്നു. കാലം മാപ്പുകൊടുക്കില്ല എന്നത് അദ്ദേഹത്തിന്റെ മകൻ ഔറംഗസീബിനാൽ അനുഭവിച്ചു എന്നത് മറ്റൊരു ചരിത്ര സത്യം. ഇതൊക്കെയാണ് ഇതിന്റെ ചരിത്രമെങ്കിലും 21 ാം നൂറ്റാണ്ടിലും ഇതിനെ വർഗീയവൽക്കരിക്കേണ്ടി വരുന്നത് നമ്മുടെ സങ്കുചിതമായ മനസിന്റെ പരിണത ഫലങ്ങളാണ്. എങ്ങനെ സൃഷ്ടിച്ചു എന്തിനു സൃഷ്ടിച്ചു എന്നതല്ല പ്രധാനം, എങ്ങനെ അത് സംരക്ഷിക്കാം എന്നുള്ളതാണ്. പഠനങ്ങൾ വിലയിരുത്തുന്നത് നമ്മൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ പ്രതിഫലനമായി താജ്മഹലിന്റെ ഭംഗി ചോർന്ന് മഞ്ഞ നിറത്തിലായി തുടങ്ങിയെന്നാണ്. തൊട്ടടുത്തുള്ള കെട്ടിടങ്ങളും ഫാക്ടറികളും യമുന നദിയിൽ ഒഴുക്കുന്ന മാലിന്യങ്ങളും എല്ലാം താജ്മഹലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത് തന്നെ അതിന് ചുറ്റും ഭംഗിയുള്ള മരങ്ങൾ വെച്ചുപിടിപ്പിക്കാനും തണലേകാനുമാണ്. അങ്ങനെ അതിന്റെ സൗന്ദര്യം കാലാകാലങ്ങൾ സൂക്ഷിക്കണം എന്നുമാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. അനേക വർഷങ്ങൾക്കു മുൻപ് അനേകം തൊഴിലാളികളുടെ അശ്രാന്ത പരിശ്രമത്തിൽ അത്ഭുതകരവും വിസ്മയിപ്പിക്കുന്നതുമായ സാധന സാമഗ്രികളാൽ പണിത് വെച്ചിട്ടുള്ളത് ഇന്ന് നിർമിക്കാൻ അപ്രാപ്യമാവുന്ന തരത്തിലാണ്. അതിനാൽ അത് നശിപ്പിക്കാതെ സംരക്ഷിക്കാനുള്ള ബാധ്യത ഓരോ ഇന്ത്യക്കാരനുമുണ്ട്.

Latest News