Sorry, you need to enable JavaScript to visit this website.

കുമ്പസാരക്കൂട്ടിലെ  അഗ്നി

സഭയുടെ അധികാരരൂപവും വോട്ട് ബാങ്ക് രാഷ്ട്രീയവുമൊക്കെ ചേർന്ന്, പ്രതികളായ വൈദികർക്ക് സംരക്ഷണ വലയം തീർക്കുമെന്നതിനാൽ കേസുകൾ ഒരു പക്ഷെ എവിടെയുമെത്താതെ പോയേക്കാം. എങ്കിലും അടിസ്ഥാന പ്രശ്‌നങ്ങൾ നിലനിൽക്കുകയാണ്. ഏതു വിശ്വാസ സമൂഹവും ജനാധിപത്യത്തിന്റേയും സുതാര്യതയുടേതുമായ അന്തരീക്ഷത്തിലേക്ക് പരിവർത്തിപ്പിക്കപ്പെടുക മാത്രമാണ് പരിഹാരം

കുമ്പസാരക്കൂടുകളിൽനിന്ന് ചിതറിത്തെറിക്കുന്ന അഗ്നിസ്ഫുലിംഗങ്ങൾ, പൗരോഹിത്യവൃത്തിയുടെ വെള്ളക്കുപ്പായങ്ങളെ തീപ്പിടിപ്പിക്കുന്ന കഥാസന്ദർഭത്തിലാണ് കേരളം. വൈദികരും ബിഷപ്പും പ്രതിയായ സ്ത്രീപീഡനക്കേസുകളുയർത്തുന്ന നടുക്കവും ആശങ്കയും കേരളമൊന്നാകെ പങ്കുവെക്കുന്നു. ഏതുനിമിഷവും അറസ്റ്റിലാകാവുന്ന ബിഷപ്പും, ഇതിനകം അഴിക്കുള്ളിലായിക്കഴിഞ്ഞ വൈദികനും ക്രിസ്തീയ സഭയുടെ പ്രതിച്ഛായക്കും സൽകീർത്തിക്കുമേൽപിച്ച ക്ഷതം ചെറുതല്ല. വരും ദിവസങ്ങൾ മാധ്യമങ്ങളെ സംബന്ധിച്ച് വിശദമായ വാർത്താ വിഭവങ്ങൾക്കുള്ള കോപ്പ് എമ്പാടുമുണ്ട് താനും.
വൈദികരോ, മറ്റു മതങ്ങളിലെ പുരോഹിതന്മാരോ പ്രതികളാകുന്ന ആദ്യത്തെ കേസല്ല ഇപ്പോഴത്തേത്. അവസാനത്തേതാകാൻ വഴിയുമില്ല. സർവാധികാരങ്ങളോടുംകൂടി സമൂഹത്തെ അദൃശ്യമായി ഭരിക്കുന്ന പൗരോഹിത്യത്തിന്റെ ഉടയാടകൾ അഴിഞ്ഞുവീഴുമ്പോൾ തെളിയുന്ന കാഴ്ചകൾ ബീഭത്സമാണെന്ന് ഒരിക്കൽകൂടി വ്യക്തമാകുകയാണ്. ഭക്തകളെ പീഡിപ്പിക്കുന്ന പൂജാരിമാരും വിദ്യാർഥികളേയും വീട്ടമ്മമാരേയും ലൈംഗികചൂഷണത്തിന്റെ വലയിൽകുരുക്കുന്ന മൗലവിമാരും അന്യമായ നാടല്ല നമ്മുടേത്. അതിനാൽതന്നെ, കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച വൈദികരും, പരിശുദ്ധമായ ദിവ്യവസ്ത്രങ്ങൾ കന്യാസ്ത്രീയെക്കൊണ്ട് അഴിപ്പിച്ച ബിഷപ്പും ഒറ്റപ്പെട്ടതോ അപൂർവമോ ആയ കാഴ്ചയല്ല. പോലീസുകാർക്ക് മുന്നിൽ തലകുനിച്ചും മുഖം മറച്ചും നിൽക്കുന്ന വൈദിക മുഖം, യഥാർഥത്തിൽ പൗരോഹിത്യത്തിന്റെ തന്നെ മുഖമാണ്.
രാഷ്ട്രീയക്കാരെക്കാൾ, ഒരുപക്ഷെ അതിനേക്കാളധികം, ജനങ്ങൾ ഒരേസമയം സ്‌നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന അധികാരരൂപമാണ് പൗരോഹിത്യത്തിന്റേത്. മനുഷ്യന്റെ മൗലികസത്തയിലാണ് അവരുടെ പിടിത്തം-ആത്മീയത. സഹജമായ ആത്മീയവികാരങ്ങളെ മാറ്റിനിർത്താനും അതിലംഘിക്കാനും കഴിയുന്നവർ കുറവാണ്. യുക്തിചിന്തയുടെ ഫലമായോ അല്ലെങ്കിൽ ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനഫലമായോ ആത്മീയ ചിന്തകളെ വിലക്കപ്പെട്ട കനി പോലെ മാറ്റിനിർത്തുന്നവർ വളരെ ചുരുക്കം. വർഗസമരങ്ങളുടെ തീച്ചൂളകൾ തീർത്ത് മനുഷ്യരാശിയെ രക്ഷിക്കാൻ വന്നവർപോലും ഒടുവിൽ കാവികമ്പളത്തിലോ, ജപമാലയിൽ തീർത്ത കുരിശടയാളത്തിലോ അഭയം തേടുന്ന കാഴ്ചകൾ കണ്ട്, നാം കൗതുകം കൊള്ളുകയും ഒരുവേള സ്തബ്ധരാവുകയും ചെയ്തിട്ടുണ്ട്. ഇത്തരം വിപ്ലവ കൊള്ളിമീനുകൾ, ഇന്ത്യയിലെ ഭൗതിക, യുക്തിവാദ ചിന്തകൾക്കേൽപിച്ച മാരകപ്രഹരവും ചെറുതല്ല.
കൊളോണിയൽ, മതാധിപത്യ കാലഘട്ടത്തിൽ നിലനിന്ന ആചാരങ്ങളും പാരമ്പര്യങ്ങളും അതുപോലെ പിന്തുടരുന്ന മതസമൂഹമാണ് ക്രിസ്തീയ സഭകൾ. ആധുനിക കാലത്തിനനുസരിച്ച്, മാറാൻ പല കാര്യങ്ങളിലും സഭകൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും അതെല്ലാം പ്രധാനമായും സാമ്പത്തിക വ്യവഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണെന്നതാണ് വാസ്തവം. ഓരോ രാജ്യത്തിന്റെയും സംസ്‌കാരത്തേയും പാരമ്പര്യത്തേയും കണക്കിലെടുത്തും അനുകരിച്ചും മതാചാരങ്ങളെ തദ്ദേശീയവത്കരിക്കാനും അതുവഴി ഇതരമതസ്ഥർക്ക് ക്രിസ്തുമതത്തോടുള്ള ആചാരപരമായ അകൽച്ചകൾ കുറക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു കത്തോലിക്കാ പള്ളിയിലും ബ്രസീലിലെ ഒരു ചർച്ചിലും ആചാരങ്ങളിലും  ആത്മീയാനുഷ്ഠാനങ്ങളിലും കാണുന്ന വ്യത്യാസം വലുതായിരിക്കും. 
ഓരോ സമൂഹത്തിനോടും ചേർന്നു നിൽക്കുന്ന ആചാരാനുഷ്ഠാനങ്ങൾ സ്ഥാപിച്ചെടുക്കുന്നതിലൂടെ മതപരിവർത്തനത്തിനുള്ള സുഗമമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് സഭ ഇതിലൂടെ ചെയ്യുന്നത് എന്ന് വാദിക്കുന്നവരുണ്ട്. ശരിയായിരിക്കാം. അതേസമയം, പൗരോഹിത്യ അധികാരരൂപങ്ങളെ ബലപ്പെടുത്തുന്ന കൊളോണിയൽ പാരമ്പര്യത്തിന് കാര്യമായ തട്ടും മുട്ടുമേറ്റിട്ടില്ലെന്നതാണ് വാസ്തവം. സഭയുടെ ജനാധിപത്യവത്കരണം, ആധുനിക ജനാധിപത്യത്തിന്റ ഉച്ചസ്ഥായിയിൽപോലും നടപ്പാക്കപ്പെട്ടിട്ടില്ല. ഇതിലൂടെ സഭകൾ, സാമ്പത്തിക വ്യവഹാരങ്ങളെ ചോദ്യം ചെയ്യാത്ത ഒരു വിശ്വാസിസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയും അതുവഴി, കെട്ടുറപ്പുള്ള ഒരു മതസംഘമായി മാറുകയും ചെയ്യുന്നു. ഇപ്പോഴുണ്ടായതുപോലുള്ള ചെറിയ വിവാദങ്ങൾക്കും പ്രതിച്ഛായകോട്ടങ്ങൾക്കും തകർക്കാനോ ബലക്ഷയം വരുത്താനോ സാധിക്കാത്തത്ര ശക്തിയും അടിയുറപ്പുമുള്ളതാണ് അത്. 
വൈദികവൃത്തിയിലേക്ക് സ്ത്രീകളെ കൊണ്ടുവരുന്ന കാര്യം  ഏറെക്കാലം കത്തോലിക്കാ സഭ ചർച്ച ചെയ്യുകയുണ്ടായി. വൈദികരുടെ വിവാഹം സംബന്ധിച്ചും വളരെ വിപുലമായ ചർച്ചകൾ നടന്നിരുന്നു. മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമന്റെ കാലത്ത് ഇതുസംബന്ധമായ വ്യാപകമായ ചർച്ചകളാണ് സഭാസമൂഹത്തിൽ നടന്നത്. വൈദികരുടെയും കന്യാസ്ത്രീകളുടേയും ലൈംഗികതയും ലൈംഗിക അടിച്ചമർത്തലുകളും മനുഷ്യത്വപരവും ജീവശാസ്ത്രപരവുമായ കാഴ്ചപ്പാടുകളിലൂടെ പുനരാലോചനകൾക്ക് വിധേയമാക്കണമെന്ന അഭിപ്രായം സഭക്കുള്ളിൽ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. കുമ്പസാര വിവാദത്തിന് പിന്നാലെ, സ്ത്രീകളുടെ കുമ്പസാരം കേൾക്കാൻ കന്യാസ്ത്രീകളെ നിയോഗിക്കണമെന്നും മറ്റുമുള്ള അഭിപ്രായം കേരളത്തിൽ ഉയർന്നു തുടങ്ങിയതും ഇത്തരമൊരു പശ്ചാത്തലത്തിലാണ്. 
ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്‌സണും കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തിന്റെ നിയമോപദേഷ്ടാവുമായ അഡ്വ. ഇന്ദുലേഖ ജോസഫിനെപ്പോലെയുള്ളവർ ഇക്കാര്യത്തിൽ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഒരു അഭിമുഖത്തിൽ അവർ പറയുന്നത് ഇങ്ങനെയാണ്: 'സ്ത്രീകളെ കുമ്പസാരിപ്പിക്കുക എന്നത് എന്റെ ഒരു നിർദേശം മാത്രമാണ്. കുമ്പസാരം എന്നത് ഒരു ആചാരമാണ്. കുമ്പസാരം ചെയ്യാനായി ഏത് പുരോഹിതന്റെ അടുത്ത് പോകും എന്നതാണ് ഞാൻ ചോദിക്കുന്ന ചോദ്യം. ആരൊക്കെയാണ് നല്ലത്, ആരൊക്കെയാണ് മോശം എന്ന് ഞങ്ങൾക്ക് അറിയില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു നിർദേശം ഞാൻ മുന്നോട്ട് വെച്ചത്. സ്ത്രീകളെ കന്യാസ്ത്രീകളെക്കൊണ്ട് കുമ്പസരിപ്പിച്ചാൽ ലൈംഗികചൂഷണം ഒരു പരിധി വരെ തടയാൻ പറ്റും. 
ഇതല്ലാതെ വേറെ രണ്ട് ബദൽ മാർഗങ്ങൾകൂടി എന്റെ അഭിപ്രായത്തിൽ ഉണ്ട്. കുമ്പസരിക്കുന്ന വ്യക്തിയുടെ വ്യക്തിത്വം പുറത്തുപറയാതെ കുമ്പസരിപ്പിക്കാവുന്നതാണ്. അതല്ലാതെ പണ്ട് സഭയിൽ നിലനിന്നിരുന്ന 'പിഴമൂളൽ'' സമ്പ്രദായത്തിലൂടെ കുമ്പസരിക്കാവുന്നതാണ്. അതായത് വിശ്വാസികൾ അവരുടെ പാപങ്ങൾ മനസ്സിലോർക്കുകയും വൈദികൻ അത് മോചിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. കന്യാസ്ത്രീകളും വൈദികരെ പോലെ തന്നെ വ്രതാനുഷ്ഠാനങ്ങൾ നടത്തിയവരാണ്. അതുകൊണ്ട് അവർ കുമ്പസരിപ്പിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.' 
എന്നാൽ കന്യാസ്ത്രീകൾപോലും പീഡനത്തിന്റെ ഇരകളായി മാറുന്ന കാലത്ത്, പ്രശ്‌നം കുമ്പസാരം കേൾക്കുന്നത് സ്ത്രീയോ പുരുഷനോ എന്നതല്ലെന്ന് വ്യക്തമാണ്. കന്യാസ്ത്രീയെ വർഷങ്ങളോളം നിരന്തരം പീഡിപ്പിച്ചു എന്ന കേസിൽ ഒരു കത്തോലിക്കാ ബിഷപ്പ് ഏതുനിമിഷവും അറസ്റ്റിലായേക്കാം. കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസ് തന്നെ, പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും അവിഹിത ബന്ധങ്ങൾ പുറത്തുവരുന്നത് തടയാനുള്ള പ്രതിരോധമായിരുന്നു എന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. സിസ്റ്റർ ജെസ്മിയുടെ ആമേൻ എന്ന പുസ്തകത്തിലൂടെ, സഭക്കുള്ളിലെ ലൈംഗിക അരാജകത്വത്തിന്റെ കഥകൾ കേരളീയർ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ ഇതൊന്നും ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾക്ക് സഭയെ ആന്തരികമായി സ്വാധീനിച്ചതിന് തെളിവില്ല. അഡ്വ. ഇന്ദുലേഖ തന്നെ, കന്യാസ്ത്രീകളുടെ ഈ ദുരവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. 'കേരളത്തിന്റെ പശ്ചാത്തലത്തിൽ, കല്യാണം കഴിഞ്ഞ ഒരു സാധാരണ സ്ത്രീക്ക് ഭർത്താവിനെ മാത്രം അനുസരിച്ചാൽ മതി. എന്നാൽ ഒരു കന്യാസ്ത്രീ, വൈദികരും ബിഷപ്പുമെല്ലാം പറയുന്നത് അനുസരിക്കാൻ ബാധ്യസ്ഥയാണ്' എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. 
നേരത്തെ സൂചിപ്പിച്ച സഭയിലെ സാമ്പത്തിക വ്യവഹാരങ്ങളിലെ ആധിപത്യവും ജനാധിപത്യവിരുദ്ധ സ്വഭാവവും അഡ്വ. ഇന്ദുലേഖയും ശരിവെക്കുന്നുണ്ട്. 'കാനോനിക നിയമപ്രകാരം ബിഷപ്പിന്റെ സ്വകാര്യ സ്വത്ത് പോലെയാണ് സഭയുടെ സ്വത്ത്. ബിഷപ്പിന് സ്വന്തം തീരുമാനത്തിനനുസരിച്ച് മൂന്നാമതൊരാൾക്ക് ഇത് നൽകാം. 
ബിഷപ്പിനെ മാറ്റണമെങ്കിൽ പോപ്പ് ആണ് തീരുമാനിക്കേണ്ടത്. അഭയ കേസ് തുടങ്ങിയ പീഡനങ്ങൾ ഒതുക്കാൻ സഭ കോടികൾ ചെലവാക്കിയിട്ടുണ്ടാകും. ചർച്ച് ആക്ട് എന്നു പറയുന്നത് ദേവസ്വം ബോർഡ് പോലെയല്ല. ദേവസ്വം ബോർഡിൽ  ജനപ്രതിനിധികളായ ഹിന്ദുക്കളാണ് ഉള്ളത്. വിശ്വാസികൾ നേർച്ചകളായി കൊടുക്കുന്ന പണം ചർച്ച് ആക്ടിൽ എങ്ങനെയും ഉപയോഗിക്കാം. അവിടെ വിശ്വാസികൾക്കുപോലും ചോദ്യം ചെയ്യാൻ പറ്റില്ല. ചർച്ച് ആക്ട് മാറിയാൽ മാത്രമേ ഇങ്ങനെയുള്ള സാമ്പത്തിക ദുർവിനിയോഗങ്ങൾക്ക് പരിഹാരമാകുള്ളൂവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കർദിനാൾ ആലഞ്ചേരിയുടെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ ഇതോട് ചേർത്തു വായിക്കണം.
വൈദികർക്കെതിരെ ലൈംഗികചൂഷണ പരാതികൾ പുറത്തുവരുന്നത് ഇതാദ്യമല്ല എന്നതിനാൽ അതിന്റെ ഗൗരവസ്വഭാവത്തിന് ഒട്ടും കുറവു വരുന്നില്ല. സഭയുടെ അധികാരരൂപവും വോട്ട് ബാങ്ക് രാഷ്ട്രീയവുമൊക്കെ ചേർന്ന്, പ്രതികളായ വൈദികർക്ക് സംരക്ഷണ വലയം തീർക്കുമെന്നതിനാൽ കേസുകൾ ഒരുപക്ഷെ എവിടെയുമെത്താതെ പോയേക്കാം. എങ്കിലും അടിസ്ഥാന പ്രശ്‌നങ്ങൾ നിലനിൽക്കുകയാണ്. ക്രിസ്തീയസഭകളുടെ ജനാധിപത്യവൽക്കരണം ഒരു വലിയ പരിഹാരമാണ്. സമാനമായ രീതിയിൽ ഇതര സമുദായങ്ങളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്കും പരിഹാരമാവേണ്ടതുണ്ട്. വിശാലമായ അർഥത്തിൽ, ഏതു വിശ്വാസ സമൂഹവും ജനാധിപത്യത്തിന്റേയും സുതാര്യതയുടേതുമായ അന്തരീക്ഷത്തിലേക്ക് പരിവർത്തിപ്പിക്കപ്പെടണം. വിശ്വാസവും വിശ്വാസികളേയും സംരക്ഷിക്കാൻ മികച്ച മാർഗം അതുതന്നെയെന്നു കുമ്പസാരക്കൂട്ടിലെ ദീർഘനിശ്വാസങ്ങൾ നമ്മെ ഉണർത്തുന്നു. 

Latest News