Sorry, you need to enable JavaScript to visit this website.

വീണ്ടുമൊരു  തെരഞ്ഞെടുപ്പിലേക്ക് 

2019 മെയ് മാസം വരെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സർക്കാരിന് കാലാവധിയുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ സാധ്യതയുണ്ടെന്ന് കുറച്ചു കാലമായി പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസി സന്ദർശിച്ചിരുന്നു. അവിടെ വെച്ച് അദ്ദേഹം പാർട്ടി പ്രവർത്തകരെ അഭിമുഖീകരിച്ചു. ഓഗസ്റ്റ് 15ന് ശേഷം രാജ്യം തെരഞ്ഞെടുപ്പ് ചൂടിലായിരിക്കുമെന്ന ഷായുടെ പ്രസ്താവനയ്ക്ക് പ്രാധാന്യമേറെയാണ്. അതായത് വർഷം അവസാനിക്കുന്നതിനിടെയോ, പുതു വർഷത്തിന്റെ ആദ്യ മാസങ്ങളിലോ ലോക്‌സഭാ തെരഞ്ഞെടുപ്പിന് സാധ്യതയേറേയാണെന്നർഥം. ഓഗസ്റ്റ് കഴിയുമ്പോഴേക്ക് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും മഴ ലഭിക്കും. ദീപാവലിയും കഴിഞ്ഞ് ശൈത്യകാലമാവുമ്പോൾ കാർഷിക മേഖലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനിടയുണ്ട്. ജി.എസ്.ടിയും നോട്ട് റദ്ദാക്കലും സൃഷ്ടിച്ച ആഘാതങ്ങൾ ജനങ്ങൾ മറന്നു തുടങ്ങുന്ന ഈ വേളയായിരിക്കും ഒരു വോട്ടെടുപ്പിന് ഏറ്റവും നല്ല സീസണെന്ന് കണക്കുകൂട്ടുന്നതിൽ തെറ്റ് പറയാനാവില്ല. എൻ.ഡി.എ ഭരണത്തിലെ ഏറ്റവും വലിയ പാളിച്ച ഒറ്റയടിക്ക് പ്രചാരത്തിലുള്ള കറൻസിയുടെ സിംഹഭാഗവും നിരോധിച്ചതും അശാസ്ത്രീയമായ ചരക്ക് സേവന നികുതി കൊണ്ടു വന്നതാണെന്നതുമാണ്. ഇത് ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. വിസ്തൃതമായ രാജ്യത്തിന്റെ എല്ലാ മേഖലകളും ഒരേ പോലെ അനുഭവിച്ചതാണിത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിജയ സാധ്യതയുള്ള പക്ഷത്തേക്ക് പാർട്ടികളും നേതാക്കളും മാറുകയെന്നത് ഇന്ത്യയിൽ പുതിയ കാര്യമല്ല. ഇത്തവണയും ഇതിന്റേതായ സൂചനകൾ കണ്ടു തുടങ്ങി. യു.പി കഴിഞ്ഞാൽ അംഗ ബലത്തിൽ പ്രധാന സംസ്ഥാനങ്ങളിലൊന്നായ ബിഹാറാണ് ചാഞ്ചാട്ടത്തിന്റെ വേദി. നിതീഷ് കുമാർ, ലാലു പ്രസാദ് യാദവ്, രാം വിലാസ് പസ്വാൻ തുടങ്ങിയ ദേശീയ നേതാക്കളുടെ തട്ടകമാണ് ബിഹാർ. ഒരു ഘട്ടത്തിൽ മോഡിയെ വെല്ലുവിളിച്ച നിതീഷ് കുമാർ ബി.ജെ.പി ക്യാമ്പിലെത്തി. ഈ മാസാദ്യം ജനതാദൾ യുനൈറ്റഡ് ദൽഹിയിൽ യോഗം ചേർന്നത് വീണ്ടും മുന്നണി മാറുന്നതിനെ കുറിച്ച് ആലോചിക്കാനായിരുന്നു. ഇടയ്ക്കിടെ മാറുന്നത് പാർട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്ന് സീനിയർ നേതാവ് ഓർമപ്പെടുത്തിയത് കൊണ്ട് മാത്രം തൽക്കാലം പരിപാടി മാറ്റി വെച്ചെന്നേയുള്ളു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും  ബീഹാർ നിയമസഭയിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ജെ.ഡി.യുവിന്റെ ദേശീയ സെക്രട്ടറിമാർ, സംസ്ഥാന പ്രസിഡന്റുമാർ, ബീഹാറിലെ മുതിർന്ന നേതാക്കൾ എന്നിവരാണ് പാർട്ടിയുടെ ദേശീയ യോഗത്തിൽ പങ്കെടുത്തത്.
ബിഹാറിൽ മാത്രമേ ബി.ജെ.പിയുമായുള്ള സഖ്യത്തെ സംബന്ധിച്ച് ധാരണയായുള്ളു. മറ്റ് സംസ്ഥാനങ്ങളിൽ അവിടത്തെ സാഹചര്യം അനുസരിച്ച് സഖ്യം രൂപീകരിക്കാനാണ്  ജെ.ഡി.യു യോഗത്തിൽ ധാരണയായത്. 
എൻഡിഎ സഖ്യകക്ഷികളായ റാംവിലാസ് പസ്വാന്റെ എൽജെപിയും (ലോകജനശക്തി പാർട്ടിയും) ആർഎൽഎസ്പിയും എൻഡിഎ വിടുമെന്നും റിപ്പോർട്ടുണ്ട്. എൻഡിഎ വിടുന്ന ഈ പാർട്ടികൾ മഹാസഖ്യത്തിൽ ചേരുമെന്നാണ് ആർജെഡി ദേശീയ ഉപാധ്യക്ഷൻ രഘുവംശ് പ്രസാദ് സിംഗ് വെളിപ്പെടുത്തിയത്.   മതേതര മഹാസഖ്യത്തിൽ ചേരാൻ  ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇവർ പാർട്ടി വിടും. ബിഹാറിൽ കോൺഗ്രസ്-ആർജെഡി-ഹിന്ദുസ്ഥാനി ആവാമി മോർച്ച എന്നിവർ നേതൃത്വം നൽകുന്ന മതേതര മഹാസഖ്യത്തിൽ ഇവർ ഭാഗമാകുമെന്നാണ് രഘുവംശ് പ്രസാദിന്റെ പ്രസ്താവന. നിലവിൽ എൻഡിഎ മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയാണ് രാംവിലാസ് പസ്വാൻ. മിടുക്കനായ രാഷ്ട്രീയ കാലാവസ്ഥ പ്രവാചകനാണ് അദ്ദേഹം. അടുത്ത ലോക്‌സഭ  തെരഞ്ഞെടുപ്പിൽ മോഡി അധികാരത്തിൽ വരില്ലെന്ന് അദ്ദേഹത്തിനറിയാം. അതിനാലാണ് മഹാസഖ്യത്തിനൊപ്പം ചേരാൻ പദ്ധതിയിടുന്നത്. പസ്വാനുപുറമെ രാഷ്ട്രീയ ലോക സമതാ പാർട്ടിയുടെ നേതാവ് ഉപേന്ദ്ര കുഷ്യാഹയും എൻഡിഎ വിടും. അദ്ദേഹവും പാർട്ടിയും ഉടൻ തന്നെ മഹാസഖ്യത്തിനൊപ്പം ചേരുമെന്നും ആർജെഡി നേതാവ് പറഞ്ഞു. ബിഹാറിലെ കോൺഗ്രസും ആർഎൽഎസിപിയെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്തു. 
എൽജെപി മുന്നണി വിടുന്നു എന്ന വാർത്ത പുറത്തു വന്നതോടെ വിശദീകരണവുമായി രാംവിലാസ് പസ്വാൻ രംഗത്തെത്തി. എൻഡിഎയിൽ ഒരു വിയോജിപ്പുമില്ലെന്നും മുന്നണി വിടുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും പാസ്വാൻ വ്യക്തമാക്കി. അതാണ് കാര്യം. അപ്പുറത്ത് തൂക്കം കൂടുന്നുവെന്ന് കണ്ടാൽ സലാം പറയും. 
പ്രാദേശിക കക്ഷികളുമായി ചേർന്ന് ബിജെപിയെ വീഴ്ത്തുക എന്ന ലക്ഷ്യത്തിനാണ് കോൺഗ്രസ് മുൻതൂക്കം കൊടുക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റലക്ഷ്യത്തോടെ ഏഴ് സംസ്ഥാനങ്ങളിൽ പ്രാദേശിക സംഖ്യങ്ങൾക്ക് രൂപം നൽകാനുള്ള ചർച്ചകൾക്ക് കോൺഗ്രസ് തുടക്കം കുറിച്ചു.  ഉത്തർ പ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, കർണാടക, ജാർഖണ്ഡ്, തമിഴ്‌നാട്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് സഖ്യത്തിന് നീക്കം നടക്കുന്നത്. 
ഈ ഏഴ് സംസ്ഥാനങ്ങളിൽ 255 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തവണ 150ഓളം മണ്ഡലങ്ങൾ ബിജെപിക്കൊപ്പമായിരുന്നു. ബിജെപിക്ക് മാത്രം 150ഓളം സീറ്റുകൾ ലഭിച്ചതിന് പുറമെ സഖ്യകക്ഷികളും ഒട്ടേറെ സീറ്റുകൾ ഈ സംസ്ഥാനങ്ങളിൽ നിന്ന് നേടിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലും സമാനമായ വിജയം നേടിയാൽ ബിജെപി അധികാരത്തിലെത്തും. അതാകട്ടെ ചെറുപാർട്ടികൾക്കെല്ലാം തിരിച്ചടിയാകുകയും ചെയ്യും. 
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോഡി തരംഗമുണ്ടായിരുന്നുവെന്നത് ശരിയാണ്. അതിന് പുറമെ, ബിജെപി ഇതര കക്ഷികൾക്കിടയിൽ ഭിന്നതയുണ്ടായിരുന്നു. ഇതും ബിജെപിക്ക് അനുകൂല ഘടകമായി. ഇത്തവണ ഈ പ്രതിസന്ധി നേരത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് പ്രാദേശിക പാർട്ടികൾ. കഴിഞ്ഞ തവണ തമിഴ്‌നാട്ടിൽ മാത്രമാണ് പ്രാദേശിക പാർട്ടികൾക്കിടയിൽ ഭിന്നത കാര്യമായി ഉണ്ടാകാതിരുന്നത്. പതിവ് രാഷ്ട്രീയം തന്നെയായിരുന്നു തമിഴകത്ത്. അതുകൊണ്ടുതന്നെ പതിവ് പോലെ ബിജെപിക്ക് തമിഴ്‌നാട്ടിൽ നേട്ടമുണ്ടാക്കാനും സാധിച്ചില്ല. ഒരു സീറ്റ് മാത്രമേ  ബിജെപിക്ക് നേടാനായുള്ളു. എന്നാൽ പ്രതിപക്ഷ നേട്ടം  ബിജെപിക്ക് ക്ഷീണമായില്ല. കാരണം 37 സീറ്റ് നേടിയത് ബിജെപിയെ പിന്തുണയ്ക്കുന്ന എഐഎഡിഎംകെയായിരുന്നു. 
ഉത്തർ പ്രദേശിൽ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതിൽ 71ഉം ബിജെപി നേടി. എന്നാൽ ഇത്തവണ ബിജെപി അൽപ്പം വിയർക്കേണ്ടിവരും. കാരണം ഉത്തർ പ്രദേശിലെ പ്രധാന പാർട്ടികളായ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.   ഇവരുടെ സഖ്യമാണ് കഴിഞ്ഞ ഉപ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ തിരിച്ചടിച്ചത്. എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കുന്നതിന് പുറമെ, കോൺഗ്രസും ആർഎൽഡിയും സഖ്യമുണ്ടാക്കും.  രണ്ട് സഖ്യമാണെങ്കിലും ബിജെപിക്കെതിരെ ഒരു സ്ഥാനാർഥിയേ ഉണ്ടാകുകയുള്ളൂ. ഇക്കാര്യത്തിൽ ധാരണയുണ്ടാക്കാനും ആലോചിക്കുന്നുണ്ട്. ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കും ഈ നീക്കങ്ങൾ. മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. എസ്പിയും ബിഎസ്പിയും സഖ്യം ചേർന്നാണ് മധ്യപ്രദേശിൽ മൽസരിക്കുന്നത്. ഇരുപാർട്ടികൾക്കും മധ്യപ്രദേശിൽ സ്വാധീനം കുറവാണ്. എന്നാൽ കോൺഗ്രസിന് സാധ്യത കൂടുതലുമാണ്. എസ്പിക്കും ബിഎസ്പിക്കും ചില ഇളവുകൾ കോൺഗ്രസ് നൽകും. ഈ സഖ്യം അടുത്ത പൊതുതെരഞ്ഞെടുപ്പിലും തുടരുകയും ചെയ്യും. ബിഹാറിൽ 40 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. ഇതിൽ 31ഉം ബിജെപി സഖ്യത്തിനൊപ്പമാണ്. ഇവിടെ ലാലു പ്രസാദ് യാദവിന്റെ ആർജെഡി, കോൺഗ്രസ്, എൻസിപി, ശരത് യാദവിന്റെ വിഭാഗം, ജിതിൻ മാഞ്ചിയെ പിന്തുണയ്ക്കുന്നവർ തുടങ്ങി എല്ലാവരും ചേർന്നായിരിക്കും മൽസരിക്കുക. ജാർഖണ്ഡിൽ 14ൽ 12 സീറ്റും ബിജെപിയാണ് നേടിയത്. ജെഎംഎം, കോൺഗ്രസ്, ആർജെഡി, മറാണ്ടി സഖ്യമാണ് ഇവിടെ നിലവിൽ വരാൻ പോകുന്നത്. കർണാടകയിൽ ജെഡിഎസ്, കോൺഗ്രസ്, ബിഎസ്പി സഖ്യമാണ് ബിജപിയെ നേരിടുക. നിലവിൽ ബിജെപിക്ക് 28ൽ 14 സീറ്റുണ്ട്. അടുത്ത തവണ എതിർസഖ്യം കൂടുതൽ ശക്തരാണ്. തമിഴ്‌നാട്ടിൽ ബിജെപിക്ക് അത്ര വലിയ റോളില്ല. പക്ഷേ, ഡിഎംകെ, കോൺഗ്രസ് എന്നിവരുടെ സഖ്യത്തിലേക്ക് കമൽഹാസന്റെ പാർട്ടി ഉൾപ്പെടെയുള്ളവരെത്തുമെന്നാണ് വിവരം. അണ്ണാഡിഎംകെയിലെ ഭിന്നത ഡിഎംകെ സഖ്യം നേട്ടമാക്കാൻ ശ്രമിക്കുമ്പോൾ അതിൽ തന്നെയാണ് ബിജെപിയുടെ നോട്ടവും. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ ബിജെപിക്ക് 23ഉം ശിവസേനയ്ക്ക് 18 സീറ്റുകളുമാണ് കൈവശമുള്ളത്. ശിവസേന ഇടഞ്ഞു നിൽക്കുകയാണ്. എൻസിപിയും കോൺഗ്രസും ഇവിടെ സഖ്യമുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചെറുപാർട്ടികളെയും ഇവർ കൂടെ ചേർത്തേക്കും. കശ്മീരിലെ ആറ് സീറ്റുകളും നേടിയത് ബിജെപി-പിഡിപി സഖ്യമായിരുന്നു. എന്നാൽ ഇപ്പോൾ അവർ രണ്ടുതട്ടിലാണ്. കോൺഗ്രസ്-എൻസി സഖ്യത്തിന് ഇതാണ് പ്രതീക്ഷ നൽകുന്നത്. പശ്ചിമ ബംഗാളിൽ കോൺഗ്രസ് നിലപാട് വ്യക്തമല്ല. തൃണമൂൽ, സിപിഎം, കോൺഗ്രസ് എന്നിവരെല്ലാം വ്യത്യസ്ത ചേരിയിലാണിപ്പോഴും.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം കൈവരിച്ചതോടെയാണ് ബി.ജെ.പി നേതൃനിരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാർട്ടി പ്രസിഡന്റ് അമിത് ഷായും ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാര കേന്ദ്രങ്ങളായത്. യു.പി പിടിച്ചാൽ ഇന്ത്യ ഭരിക്കാം എന്ന മുദ്രാവാക്യത്തെ സ്ഥിരീകരിക്കുന്നതായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പിന് കൃത്യം ഒരു വർഷം മുമ്പ് ആരംഭിച്ച ഗൃഹപാഠമാണ് ബി.ജെ.പിയ്ക്ക് ഗുണം ചെയ്തത്. പതിനഞ്ചിൽ കൂടുതൽ സീറ്റുകൾ യു.പിയിൽ നിന്ന് ലഭിക്കില്ലെന്ന അവസ്ഥയിൽ നിന്ന് മാറി എഴുപതിലേറെ സീറ്റുകൾ നേടി ഏറ്റവും കൂടുതൽ എം.പിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനത്തുനിന്ന് നേടാനായി. 
എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയ ശേഷം നടന്ന ദൽഹി തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിയ്ക്ക് ആദ്യമായി കാലിടറിയത്. 
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭരണകക്ഷിയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് മത്സരിച്ച സന്ദർഭം ഇതിന് മുമ്പുമുണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയായിട്ടാണ് പല കക്ഷികളും മത്സരിച്ചത്. കമ്യൂണിസ്റ്റ് പാർട്ടികളും ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും അന്ന് ഭരണമാറ്റം ആഗ്രഹിച്ചു. ദ്വയാംഗത്വ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള വിവാദം ആദ്യ കോൺഗ്രസിതര സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചു. 
നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയശേഷം ഏറ്റവും കടുത്ത മത്സരം നേരിട്ട തെരഞ്ഞെടുപ്പായിരുന്നു ബിഹാറിലേത്. ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയ്ക്കുള്ള പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്. 
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം കൈവരിച്ച സാഹചര്യത്തിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ബിഹാറിലെ സ്ഥിതി. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കോൺഗ്രസും ചേർന്ന മഹാസഖ്യം  വിജയശ്രീലാളിതരായത്  പ്രതിപക്ഷ നിരയുടെ ആവേശം പതിന്മടങ്ങ് വർധിക്കാനിടയാക്കി. 
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയാണ് മോഡിയ്ക്ക് മുമ്പ് ഇന്ത്യ ഭരിച്ചത്. കോൺഗ്രസ് മുൻകൈയെടുത്ത് പുതിയ സർക്കാർ വരുമെന്ന പ്രതീക്ഷ വെച്ചു പുലർത്തുന്നവരിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വരെയുണ്ട്. ബി.ജെ.പിയെ താഴെ ഇറക്കുന്നതിന് കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി വ്യക്തമാക്കി. ബി.ജെ.പി മനുഷ്യരെ പീഡിപ്പിക്കുകയാണ്. ചില ബി.ജെ.പിക്കാർ പോലും അവരെ പിന്തുണക്കുന്നില്ല. നൂറുകണക്കിന് ഹിറ്റ്‌ലർമാരെപ്പോലെയാണ് അവർ ഭാവിക്കുന്നത് -മമത കൂട്ടിച്ചേർത്തു.
സോണിയാ ഗാന്ധിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും എന്നാൽ രാഹുലുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി സ്ഥാനത്തെ കുറിച്ച് തൽകാലം ആഗ്രഹമില്ലെന്നും മമത പറഞ്ഞു. തന്റെ ആഗ്രഹം എല്ലാ പ്രാദേശിക പാർട്ടികളും യോജിക്കണമെന്നാണ്. ബംഗാളും കശ്മീരും കേരളവും മഹാരാഷ്ട്രയുമെല്ലാം വ്യക്തമായ ചില സൂചനകൾ നൽകുന്നുണ്ട്. 

Latest News