കെ.എസ്.ആര്‍.ടിസി നിരക്ക് ഓണക്കാലത്ത്  30 ശതമാനം വരെ ഉയരും 

കൊച്ചി-ഉത്സവ ദിനങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ആദ്യ ഘട്ടമായി ഓണത്തിന് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. ഉത്സവ ദിനങ്ങളില്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തുക. എക്‌സ്പ്രസ് മുതലുള്ള സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ മാത്രമാണ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കുന്നത്.
സിംഗിള്‍ ബര്‍ത്ത് ടിക്കറ്റുകളുടെ നിരക്കില്‍ അഞ്ച് ശതമാനം വര്‍ദ്ധനവുണ്ടാകും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കുന്നത്. എന്നാല്‍ ഉത്സവദിനങ്ങളല്ലാത്ത ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലെ ടിക്കറ്റ് നിരക്കില്‍ കുറവുവരുത്താനും തീരുമാനമായിട്ടുണ്ട്. ഈ ദിവസങ്ങളില്‍ 15 ശതമാനം വരെയാണ് നിരക്കില്‍ വ്യത്യാസം വരുത്തുക.
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കെഎസ്ആര്‍ടിസിയുടെ നിരക്ക് വര്‍ദ്ധനവിനെക്കുറിച്ചുള്ള വിവരം പുറത്തു വരുന്നത്. എ സി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നല്‍കുക. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ക്ക് ബാധകമായിരിക്കുമെന്നും പുതിയ നിരക്ക് ഉടന്‍ നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.
ഒരു മാസത്തിനിടെ അമ്പത് ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകളില്‍ മാത്രമായിരിക്കും ഇളവ് നല്‍കുക. ഇതിനോടകം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കില്ല. അവധിക്കാല/ഉത്സവ സ്പെഷ്യലുകള്‍ തുടങ്ങിയ പ്രത്യേക ട്രെയിനുകളില്‍ ഈ ഡിസ്‌കൗണ്ട് ലഭിക്കില്ല.
ടിക്കറ്റിന്റെ അടിസ്ഥാന വിലയില്‍ മാത്രമായിരിക്കും 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി മുതലായവ പ്രത്യേകം നല്‍കണം. അതേസമയം, ഈ ഇളവ് കേരളത്തിന് ലഭിച്ചേക്കില്ല. കേരളത്തിലെ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ നിലവില്‍ ആവശ്യത്തിന് യാത്രക്കാരുള്ളതാണ് ഇതിന് കാരണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രാക്കാരുള്ള വന്ദേഭാരത് സര്‍വീസ് നിലവില്‍ കേരളത്തിലേതാണ്.

Latest News